സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസസഭയില്‍ നിന്ന് പുറത്താക്കി.കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ഫ്രാങ്കോയ്‌ക്കെതിരെ പ്രതികരിച്ചതിൽ പ്രതികാരം.

കണ്ണൂർ :കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ഫ്രാങ്കോയ്‌ക്കെതിരെ പ്രതികരിച്ചതിൽ പ്രതികാരം .സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസസഭയില്‍ നിന്ന് പുറത്താക്കി. എഫ്‌സിസി സന്യാസസഭാംഗമാണ് ലൂസി കളപ്പുര. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെയായ സമരത്തില്‍ സിസ്റ്റര്‍ ലൂസി പങ്കെടുത്തിരുന്നു. കത്തിലൂടെയാണ് സിസ്റ്റര്‍ക്ക് അറിയിപ്പ് ലഭിച്ചത്. ബിഷപ്പിനെതിരായ സമരത്തില്‍ ലൂസി സജീവമായിരുന്നു. പത്തു ദിവസനത്തിനകം സഭയില്‍ നിന്ന് പുറത്തു പോകണമെന്ന് കത്തില്‍ പറയുന്നുണ്ട് .ദാരിദ്ര്യവ്രതം ലംഘിച്ച് കാര്‍ വാങ്ങി. ശമ്പളം മഠത്തിന് നല്‍കിയില്ല. സിനഡ് തീരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതും പുറത്താക്കാന്‍ കാരണമായി പറയുന്നു.

നേരത്തെ കന്യാസ്ത്രീ സന്യാസ സഭയ്ക്ക് നാണക്കേടുണ്ടാക്കി എന്ന് ആരോപിച്ച് മദര്‍ സുപ്പീരിയര്‍ നല്‍കിയ ആദ്യ നോട്ടീസിന് തൃപ്തികരമായ വിശദീകരണം നല്‍കിയില്ല എന്ന് ചൂണ്ടിക്കാണിച്ച് സന്യാസിനി സമൂഹം വീണ്ടും നോട്ടീസ് നല്‍കിയിരുന്നു. രണ്ടാമത്തെ നോട്ടീസില്‍ മാര്‍ച്ച് 10നകം വിശദീകരണം നല്‍കണമെന്നും അല്ലാത്ത പക്ഷം സഭയില്‍ നിന്ന് പുറത്താക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു.

ലൂസിക്കെതിരായ ആരോപണങ്ങളെല്ലാം തെളിയിക്കപ്പെട്ടുവെന്ന് സന്യാസിനി സമൂഹം നോട്ടീസില്‍ വ്യക്തമാക്കി. തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തുന്ന സിസ്റ്റര്‍ തെറ്റുതിരുത്തണമെന്നും സന്യാസിനി സമൂഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിച്ചതും, പുസ്തകം പ്രസിദ്ധീകരിച്ചതും, പുതിയ കാര്‍ വാങ്ങിയതും, സഭയുടെ അനുമതിയില്ലാതെയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ലൂസിക്കെതിരായ ആദ്യ നോട്ടീസ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, വിശദീകരണവുമായി മദര്‍ ജനറാളിന്റെ മുന്നില്‍ ഹാജരാകില്ലെന്നുമായിരുന്നു സിസ്റ്റര്‍ ആദ്യ ഘട്ടത്തില്‍ ഇതിനോട് പ്രതികരിച്ചത്. തുടര്‍ന്ന് വിഷയത്തില്‍ ലൂസിയുടെ മറുപടി തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് രണ്ടാമത്തെ നോട്ടീസ്.

Top