തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ട രാമന് കോടതി ജാമ്യം അനുവദിച്ചു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് ഡയറിയും രക്ത പരിശോധനാ ഫലവും വിലയിരുത്തിയാണ് തീരുമാനം.ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. ശ്രീരാമിന് നട്ടല്ലിനും തലയ്ക്കും പരുക്കുണ്ട്. മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും ശ്രീരാമിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
പൊലീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി തള്ളി. തെളിവ് ശേഖരണത്തിനായി ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നിയമലംഘനം ന്യായീകരിക്കാനാവില്ലെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ വാദിച്ചു. മാധ്യമ പ്രവര്‍ത്തകനെയല്ല ആരെ ഇടിച്ചാലും ഇതേ നിലപാടാണ് ഉള്ളതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.ശ്രീറാം വെങ്കിട്ടരാമനെ ഡോപമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്നും വാദിഭാഗം വാദിച്ചു. അപകട സമയത്ത് ലഹരി മരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാന്‍ ഡോപമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്നാണ് സിറാജ് മാനേജ്മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടത്. വാദിഭാഗത്തിനായി അഡ്വ. എസ് ചന്ദ്രശേഖരന്‍ നായരാണ് ഹാജരായത്.
അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് ഡോപമിന്‍ പരിശോധനാ ആവശ്യം വാദിഭാഗം മുന്നോട്ട് വെച്ചിട്ടുള്ളത്.
ജാമ്യം അനുവദിച്ചാല്‍ പ്രതി സാക്ഷിമൊഴിയടക്കമുള്ള തെളിവുകള്‍ നശിപ്പിക്കാനും കേസിനെ അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും അതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നും വാദിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.
ശനിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. ബൈക്ക് യാത്രികനായ ബഷീറിനെ അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ബഷീര്‍ അപകട സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് ശ്രീറാമിനെ കഴിഞ്ഞ ദിവസം സര്‍വേ ഡയറക്ടര്‍ സ്ഥാനത്തു നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.