ദുബായ് :ദുബായിയിൽ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് ദുബായിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും മലയാളിയുമായ അഷറഫ് താമരശ്ശേരി. മൃതദേഹം എംബാം ചെയ്തതിനു ശേഷം അഷറഫിന് കൈമാറിയതായി ദുബായ് സർക്കാരിന്റെ ഔദ്യോഗിക രേഖയിൽ പറയുന്നു. ദുബായ് ആരോഗ്യമന്ത്രാലയത്തിന്റെ എംബാമിംഗ് കേന്ദ്രത്തിൽനിന്നാണ് അഷ്‌റഫിന് മൃതദേഹം കൈമാറിയുള്ള സർട്ടിഫിക്കറ്റ് കൈമാറിയത്.
യുഎഇയിലെ പ്രവാസികൾക്ക് വളരെ സുപരിചിതനാണ് അഷറഫ് താമരശ്ശേരി. സാമൂഹിക പ്രവർത്തനത്തിന് പ്രവാസി ഭാരതീയ സമ്മാൻ നേടിയ വ്യക്തിത്വം. പ്രവാസജീവിതത്തിനിടെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ജീവിതവ്രതമാക്കിയ ആളാണ് അഷറഫ് താമരശേരി. ഇതിനകം ജാതി–മത–ദേശ വ്യത്യാസമില്ലാതെ യുഎഇയിലെ വിവിധ ആശുപത്രികളിലെ മോർച്ചറികൾ നിന്ന് വിവിധ രാജ്യക്കാരുടെ അയ്യായിരത്തോളം മൃതദേഹങ്ങൾ ഇദ്ദേഹം നടപടികൾ പൂർത്തിയാക്കി അയച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളിലെ തിരക്കിൽ തന്നെയായിരുന്നു അഷ്റഫ്.
20 വർഷത്തോളമായി യുഎഇയിലെ അജ്മാനിൽ പ്രവാസ ജീവിതം നയിക്കുന്ന ആളാണ് അഷറഫ്. സ്വന്തമായി ബിസിനസ് നടത്തുന്ന ഇദ്ദേഹം അതെല്ലാം മറ്റുള്ളവരെ ഏൽപിച്ചാണ് പ്രതിഫലേച്ഛ യാതൊന്നും കൂടാതെ സേവനം നടത്തുന്നത്. പ്രവാസ ലോകത്ത് എന്തെങ്കിലും സംഭവിച്ചാൽ അഷ്റഫ് താമരശ്ശേരിയുണ്ടെങ്കിൽ മൃതദേഹം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മലയാളികളും ഏറെ. ഇൗ വർഷത്തെ പത്മശ്രീ പട്ടികയിൽ കേരളത്തിൽ നിന്നുള്ള വ്യക്തികളുടെ കൂട്ടത്തിൽ അഷ്റഫ് താമരശ്ശേരിയുടെ പേരുമുണ്ടായിരുന്നു.
പ്രിയ താരത്തിന് പ്രവാസ ലോകത്തിന്റെ കണ്ണീരിൽ കുതിർന്ന വിട
പ്രിയ താരത്തിന് പ്രവാസ ലോകത്തിന്റെ കണ്ണീരിൽ കുതിർന്ന വിട.ഇതിനായിരുന്നോ പ്രിയപ്പെട്ട ശ്രീദേവി, താങ്കൾ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നത്..? നാട്ടിൽ നിന്നെത്തുന്നവർക്ക് സന്തോഷം മാത്രം പകരാൻ ശ്രമിക്കുന്നവരാണ് പ്രവാസികൾ. ആ ഞങ്ങളെ കണ്ണീരിലാഴ്ത്തി വിട്ടുപോയല്ലോ, പ്രിയപ്പെട്ട ശ്രീ…–മുഹൈസിനയിലെ മെഡിക്കൽ ഫിറ്റ്നസ് സെന്ററിനോട് ചേർന്നുള്ള എംബാമിങ് സെന്ററിന്റെ ഗേറ്റിന് പുറത്ത് നിന്ന് ഗുജറാത്ത് സ്വദേശിനി യമുന വിലപിച്ചുകൊണ്ടിരുന്നു. യമുനയുടെ ഏറ്റവും പ്രിയപ്പെട്ട താരമായിരുന്നു ശ്രീദേവി. കോളജിൽ പഠിക്കുന്ന കാലത്ത് തന്നെ അവരുടെ സിനിമകളിൽ ആകൃഷ്ടരായി. സൗന്ദര്യത്തിൽ മാത്രമല്ല, അഭിനയത്തിന്റെ കാര്യത്തിലും ഇന്ത്യയുടെ ശ്രീയായിരുന്നു അവരെന്ന് യമുന പറയുന്നു.
യമുനയെ പോലെ നൂറോളം പേരാണ് ഉച്ചയോടെ എംബാമിങ് സെന്ററിലെത്തിയത്. ഇതിൽ ഒട്ടേറെ തൊഴിലാളികളുമുണ്ടായിരുന്നു. മൃതദേഹം പൊതു ദർശനത്തിന് വയ്ക്കില്ലെന്നും പൊതുജനങ്ങളെ ആരെയും കാണാൻ അനുവദിക്കില്ലെന്നും അറിഞ്ഞിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം ഒാഫിസിൽ നിന്നിറങ്ങിയവരാണ് ഇവരിൽ പലരും. ആ മുഖം അവസാനമായി ഒരു നോക്കു കാണാൻ സാധിച്ചെങ്കിലോ എന്ന പ്രതീക്ഷയോടെ. പക്ഷേ, ബന്ധുക്കൾക്ക് ഇക്കാര്യത്തിൽ താത്പര്യമില്ലാത്തതിനാൽ പൊലീസ് മാധ്യമപ്രവർത്തകരെയടക്കം കവാടത്തിന് അകത്തേയ്ക്ക് പ്രവേശിച്ചില്ല. എങ്കിലും നേരത്തെ സ്ഥലം പിടിച്ച ചില മാധ്യമപ്രവർത്തകർക്കും സാമൂഹിക പ്രവർത്തകർക്കും എംബാമിങ് സെന്ററിന് പുറത്തു നിൽക്കാൻ സാധിച്ചു. പക്ഷേ, പടമെടുക്കാനോ മറ്റോ ഇവരെയും അനുവദിച്ചില്ല. എംബാമിങ് സെന്‍ററിലെ സംഭവ വികാസങ്ങൾ ഫെയ്സ്ബുക്കിൽ തത്സമയം നൽകിയ പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്റെ റിപ്പോർട്ടറെ പൊലീസ് പിടികൂടുകയും ചെയ്തു. ഇദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി പിന്നീട് വിട്ടയച്ചു.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് ദുബായ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് മൃതദേഹം എംബാമിങ് സെന്ററിലെത്തിച്ചത്. തുടർന്ന് നടപടികൾ അത്രയധികം നീണ്ടുനിന്നില്ല. കഷ്ടിച്ച് ഒരു മണിക്കൂറികനം എംബാമിങ് കഴിഞ്ഞു. ജീവൻ പൊലിഞ്ഞിട്ട് മൂന്ന് ദിവസമായെങ്കിലും ആ മുഖത്ത് നിന്ന് ശ്രീത്വം അകന്നിരുന്നില്ലെന്ന് എംബാമിങ് നടത്തുമ്പോൾ സഹായിയായി ഉണ്ടായിരുന്ന സാമൂഹിക പ്രവർത്തകൻ സാം ജേക്കബ് മനോരമ ഒാൺലൈനിനോട് പറഞ്ഞു.
ശനിയാഴ്ച രാത്രി 11ന് ശ്രീദേവി മരിച്ചതായി റിപോർട് വന്നതിന് ശേഷം യുഎഇയിലെ ഇന്ത്യൻ മാധ്യമങ്ങൾക്കും ഇന്ത്യയിലെ ഹിന്ദി ചാനലുകാർക്കും വിശ്രമമുണ്ടായിരുന്നില്ല. ആദ്യം എവിടെ, എങ്ങനെയാണ് സംഭവം നടന്നതെന്ന കാര്യം അറിയാനുള്ള ശ്രമമായിരുന്നു. ഒരു ദിവസം മുഴുവൻ മോർച്ചറിക്കരികിൽ എല്ലാവരും കാത്തിരുന്നു. പിന്നീട്, രാത്രിയോടെ നിരാശയോടെ മടങ്ങി. തിങ്കളാഴ്ച ഉച്ചയോടെയാണ് ബാത് ടബ്ബിൽ വീണ് മുങ്ങിമരിച്ചതാണെന്ന ഫോറൻസിക് റിപോർട് പുറത്തുവന്നത്. ഇതോടെ മൃതദേഹം വിട്ടുകിട്ടുമെന്ന പ്രതീക്ഷയുണ്ടായെങ്കിലും അത് അസ്ഥാനത്തായി. കേസ് പ്രോസിക്യൂഷന് കൈമാറിയതായിരുന്നു കാരണം. പിന്നീട് ഉച്ചയോടെ പ്രോസിക്യൂഷൻ ക്ലിയറൻസ് വരികയും കേസ് അവസാനിപ്പിക്കുകയും ചെയ്തതോടെ എംബാമിങ്ങിനും കളമൊരുങ്ങി.<br />
ദുബായി ശ്രീദേവിക്ക് പ്രിയ നഗരമായിരുന്നു. ഷോപ്പിങ്ങിന് ഏറെ ഇഷ്ടപ്പെട്ടിരുന്ന നാട്. സഹോദരിയുടെ സാന്നിധ്യവും അതിന് കാരണമായി. ഇടയ്ക്കിടെ സ്വകാര്യമായി നടി കുടുംബ സമേതം ദുബായിലെത്താറുണ്ടായിരുന്നു. ഒടുവിൽ, ഇവിടെ ജീവൻ നഷ്ടപ്പെടുന്ന മറ്റെല്ലാ പ്രവാസിയെയും പോലെ കേവലമൊരു മരപ്പെട്ടിയിൽ അടക്കം ചെയ്ത് ഇന്ത്യയുടെ പ്രിയ താരം പോകുമെന്ന് ആരും കരുതിയിരുന്നതേയില്ല.