ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. സമാന ചോദ്യപേപ്പര്‍ സ്വകാര്യ സ്ഥാപനം പുറത്തിറക്കിയതിനെ തുടര്‍ന്നാണ് കണക്കുപരീക്ഷ റദ്ദാക്കിയത്. ഈ മാസം 30ന് വീണ്ടും പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കാണ് അന്വേഷണ ചുമതലയെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗമാണ് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ചത്.
എസ്എസ്എല്‍സി കണക്ക് പരീക്ഷയെക്കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചത്. ചോദ്യപേപ്പര്‍ തയാറാക്കാന്‍ ചുമതലപ്പെടുത്തിയ പാനലിലെ ഒരു അധ്യാപകന്‍ തയാറാക്കിയ ചോദ്യങ്ങള്‍ അതേ പോലെ മലപ്പുറത്തെ ഒരു ട്യൂഷന്‍ സെന്ററിന് ചോര്‍ത്തി നല്‍കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. അധ്യാപകന് മലപ്പുറത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അധ്യാപകന്‍ മലപ്പുറത്തെ സ്വകാര്യസ്ഥാപനത്തിലും ജോലി ചെയ്യുന്നുണ്ടെന്നാണ് ആക്ഷേപം. മലപ്പുറം ആസ്ഥാനമായ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തയ്യാറാക്കിയ മോഡല്‍ ചോദ്യപേപ്പറുമായി, എസ്എസ്എല്‍സി കണക്ക് പരീക്ഷാ ചോദ്യപേപ്പറിന് ഏറെ സാമ്യമുണ്ടെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.
കണക്കു പരീക്ഷ കുട്ടികള്‍ക്കു കടുകട്ടിയായിരുന്നു. ഇതേത്തുടര്‍ന്നാണ് ചോദ്യപേപ്പര്‍ പലരും പരിശോധനയ്ക്ക് വിധേയമാക്കിയത്. മെറിറ്റ് എന്ന് അറിയപ്പെടുന്ന മലബാര്‍ എജ്യൂക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മോഡല്‍ ചോദ്യപേപ്പറില്‍ നിന്ന് 13 ചോദ്യങ്ങള്‍ എസ്എസ്എല്‍സി ചോദ്യപേപ്പറിലേക്ക് കടന്നുകയറി എന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുളളത്.
11 ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയതാണെന്നും രണ്ടു ചോദ്യങ്ങള്‍! സാമ്യമുള്ളവയാണെന്നുമാണ് പരാതി. എസ്എസ്എല്‍സി, ഹയര്‍സെക്ക!ന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും റിവിഷന്‍ പരീക്ഷ നടത്താന്‍ ചോദ്യക്കടലാസുകള്‍ തയാറാക്കി സ്‌കൂളുകള്‍ക്ക് നല്‍കുകയാണ് മെറിറ്റ് ചെയ്യുന്നത്.