കഴുത്തിലെ ഞരമ്പ് മുറിച്ച് ആശുപത്രിയിലായ യുവാവ് നാലാംനിലയില്‍നിന്നും ചാടി മരിച്ചു; സംഭവം കൗണ്‍സിലിങ് നല്‍കുന്നതിനിടെയായിരുന്നു

കൊല്ലം: കഴുത്തിലെ ഞെരമ്പ് മുറിച്ചനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. കൊല്ലം പന്മന സ്വദേശി ഖൈസ് ബഷീറാണ്  സ്വകാര്യ മെഡിക്കല്‍ കോളേജിൻ്റെ മുകളിൽ നിന്നും ചാടി മരിച്ചത്.  ഖൈസിന് കൗണ്‍സിലിങ് നല്‍കുന്നതിനിടെയായിരുന്നു സംഭവം.

പന്മന സ്വദേശിയായ ഖൈസ് ബഷീര്‍ പ്ലസ്ടു വരെ ബഹ്‌റൈനിലായിരുന്നു പഠിച്ചിരുന്നത്. തുടര്‍ന്ന് ഇയാളെ മാതാപിതാക്കള്‍ നാട്ടിലെത്തിച്ച് മെഡിക്കല്‍-എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് ചേര്‍ത്തു.

എന്നാല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് താത്പര്യമില്ലാതിരുന്ന ഖൈസ് സമ്മര്‍ദ്ദം സഹിക്കാനാകാതെ കഴിഞ്ഞദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കഴുത്തിലെ ഞെരമ്പ് മുറിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ പന്മനയില്‍നിന്ന് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അപകടനില തരണം ചെയ്തശേഷം ഖൈസിനെ ശനിയാഴ്ച കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. ഇതിനിടെയാണ് ആശുപത്രിയിലെ നാലാംനിലയില്‍നിന്ന് ചാടി ജീവനൊടുക്കിയത്.

Top