24 ന്യൂസ് ചാനലിൽ നിന്നും രാജിവെച്ച സുജയ പാര്‍വതി റിപ്പോര്‍ട്ടര്‍ ടിവി കോഓര്‍ഡിനേറ്റിംഗ് എഡിറ്റർ

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി കോഓര്‍ഡിനേറ്റിംഗ് എഡിറ്ററായി സുജയ പാര്‍വതി ചുമതലയേറ്റു. മാധ്യമപ്രവര്‍ത്തന രംഗത്ത് പതിനഞ്ചാണ്ടിന്റെ പ്രവര്‍ത്തപരിചയവുമായാണ് സുജയ റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് എത്തിയത്. 24 ന്യൂസ് ചാനലിൽ നിന്നും സുജയ അടുത്തിടെ രാജിവെച്ചിരുന്നു.

ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ച സംഭവമായിരുന്നു ഇത്. ബിഎംഎസ് വേദിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും ചെയ്തതിന്റെ പേരിൽ ചാനൽ സുജയെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു ഉയർന്നത്. പ്രതിഷേധങ്ങൾക്കൊടുവിൽ ചാനൽ സുജയെ തിരിച്ചെടുത്തെങ്കിലും, ഒരു ദിവസത്തെ ജോലിക്ക് ശേഷം സുജയ ചാനലിന് തന്റെ രാജിക്കത്ത് നൽകുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാധ്യമപ്രവര്‍ത്തന രംഗത്ത് പതിനഞ്ചാണ്ടിന്റെ പ്രവര്‍ത്തപരിചയവുമായാണ് സുജയ റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് എത്തുന്നത്. കൈരളി ടിവിയില്‍ മാധ്യമപ്രവര്‍ത്തകയായിരിക്കേ 2008ലെ മുംബൈ ഭീകരാക്രമണം നടന്നതിനെ തുടര്‍ന്ന് സംഭവബഹുലമായ ആ മൂന്ന് ദിവസവങ്ങളിലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വാര്‍ത്തകള്‍ ജനങ്ങളിലെത്തിച്ചത് സുജയയുടെ മാധ്യമപ്രവര്‍ത്തന ജീവിതത്തിലെ നാഴികക്കല്ലായിരുന്നു.

2018ല്‍ കേരളത്തിലെ മഹാപ്രളയകാലത്ത് ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി സുജയ നടത്തിയ വിശദമായ റിപ്പോര്‍ട്ടിംഗ് വലിയ ശ്രദ്ധനേടിയിരുന്നു. ദുരിതബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി ദുസ്സഹമായ ജനജീവിതത്തെക്കുറിച്ച് വിശദമായി റിപ്പോര്‍ട്ടിംഗ് നടത്തി. സുജയ അവതരിപ്പിച്ച ‘കര കയറാത്ത കേരളം’ പോലുള്ള ടെലിവിഷന്‍ പരിപാടികളും പ്രളയകാലത്ത് ജനശ്രദ്ധ നേടി.

2007ല്‍ ദൂരദര്‍ശനില്‍ അവതാരകയായാണ് മാധ്യമപ്രവര്‍ത്തന രംഗത്തേക്കുള്ള സുജയയുടെ പ്രവേശനം. പിന്നീട് ജീവന്‍ ടിവിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഡല്‍ഹി ബ്യൂറോ ചീഫായി ചുമതലയേല്‍ക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ മാധ്യമപ്രവര്‍ത്തകയാണ് സുജയ. ജീവന്‍ ടിവിയോടൊപ്പം പ്രവര്‍ത്തിക്കുമ്പോഴായിരുന്നു സുജയ ഈ നേട്ടം കൈവരിച്ചത്.

പിന്നീട് ഏഷ്യാനെറ്റ് ന്യൂസിലും 24 ന്യൂസിലും സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചു. മാധ്യമപ്രവര്‍ത്തന രംഗത്തെ മികവിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി. 24 ന്യൂസില്‍ ഓഗ്‌മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ നടപ്പിലാക്കിയപ്പോള്‍ വാര്‍ത്താ അവതാരകയായി സുജയ തന്റെ കരിയറില്‍ വലിയ മുന്നേറ്റം നടത്തി. ഈ അനുഭവങ്ങളുമായാണ് സുജയ റിപ്പോര്‍ട്ടര്‍ ടിവിയില്‍ പുതിയ ചുമതലയേറ്റെടുക്കുന്നത്.

Top