വളരെ വ്യത്യസ്തയായ ജീവിതത്തിന് ഉടമയാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ആരെയും അമ്പരപ്പിക്കുന്ന വ്യക്തിത്വവും നിലപാടുകളും അവരെ മറ്റ് താരങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു. ഒരു മകളെ ദത്തെടുത്തുകൊണ്ട് സണ്ണി ലിയോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് 21 മാസം പ്രായമായ നിഷയെ സണ്ണി ലിയോണ്‍ ദത്തെടുത്തത്. ഇത്രയും പിന്നോക്കം കിടക്കുന്ന ഒരു ഗ്രാമത്തില്‍ നിന്നും കുട്ടിയെ ദത്തെടുത്ത സണ്ണിയുടെ നടപടിയെ ലോകം മുഴുവന്‍ പുകഴ്ത്തുകയായിരുന്നു. എന്നാല്‍ ദത്തെടുത്തതാണെന്ന യാഥാര്‍ത്ഥ്യം കുട്ടിയോട് വെളിപ്പെടുത്താന്‍ താന്‍ ആലോചിക്കുന്നതായി സണ്ണി ലിയോണ്‍ പറയുന്നു.
ദത്തെടുത്ത വിവരങ്ങളടങ്ങിയ രേഖകളടക്കം കാണിച്ച് നിഷയോട് തങ്ങള്‍ വിവരം ധരിപ്പിക്കുമെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ മറുപടി. സ്വന്തം മാതാവ് ഉപേക്ഷിച്ചതല്ലെന്ന യാഥാര്‍ത്ഥ്യവും നിഷ അറിയണമെന്നും താരം പറഞ്ഞു. ‘ദത്തെടുത്ത രേഖകളൊക്കെ ഞങ്ങളുടെ കൈയിലുണ്ട്. സത്യം എന്താണെന്ന് നിഷ അറിയണം. ഒമ്പത് മാസം വയറ്റില്‍ പേറിയാണ് ആ അമ്മ അവള്‍ക്ക് ജന്മം നല്‍കിയത്. ആ മാതാവ് അവളെ ഉപേക്ഷിച്ചത് അല്ലെന്ന് അവള്‍ അറിയണം. ഞാന്‍ അവളുടെ യഥാര്‍ത്ഥ മാതാവ് അല്ല. എന്നാല്‍ നിഷയുമായി ആത്മബന്ധം എനിക്കുണ്ട്. അവളെ ദത്തെടുത്തതിന് ശേഷം ഞാന്‍ അവളുടെ അമ്മയാണ്’, സണ്ണി ലിയോണ്‍ പറഞ്ഞു.
‘ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടും ഞാന്‍ ജീവിച്ചുപോരുന്ന രീതിയും വത്യസ്തമാണ്. അതിനാല്‍ തന്നെ പലപ്പോഴും വിഷമഘട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞാന്‍ അവളെ നോക്കും. അവള്‍ ഞങ്ങള്‍ക്കു പകര്‍ന്നു തരുന്ന ഊര്‍ജം വളരെ വലുതാണ്. ഞങ്ങളുടെ ജീവിതത്തിലെ പ്രകാശമാണ് അവള്‍. ഒരു കുട്ടിയെ ദത്തെടുക്കണം എന്നത് ചെറുപ്പം തൊട്ട് മനസിലുണ്ടായിരുന്ന ആഗ്രഹമാണ്. ആ കാര്യത്തില്‍ ഡാനിയേല്‍ എന്റെയൊപ്പം നിന്നത് ഒരു ഭാഗ്യമായി കണക്കാക്കുന്നു. ഞങ്ങള്‍ ഇപ്പോഴും ജോലി ചെയ്യന്നാഗ്രഹിക്കുന്ന മാതാപിതാക്കളാണ്, അതിനാല്‍ തന്നെ രണ്ടുപേരും സമയം കണ്ടെത്തി നിഷയുടെ കാര്യങ്ങള്‍ നോക്കുന്നു’, സണ്ണി ലിയോണ്‍ പറഞ്ഞു.
‘ഏതൊരു മാതാപിതാക്കളെയുംപോലെ ഞങ്ങള്‍ നിഷയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. അവള്‍ രാവിലെ എഴുന്നേല്‍ക്കുന്നത് ഭക്ഷണം കഴിക്കുന്നത് സ്‌കൂളില്‍ പോക്കുന്നത് പാര്‍ക്കില്‍ കളിക്കാന്‍ പോകുന്നത് അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അങ്ങനെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചിന്തിച്ചു മനസിലാക്കി ചെയ്യാന്‍ ശ്രമിക്കുന്നു. ജോലി ഉണ്ടെങ്കില്‍പോലും ഞങ്ങളെക്കൊണ്ട് കഴിയുന്നിടത്തോളം ഞങ്ങള്‍ തന്നെ അവളുടെ കാര്യങ്ങള്‍ നോക്കുന്നു. ഒരുപരിധിവരെ അവളതു മനസിലാക്കി ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. അവള്‍ ഞങ്ങളെ തിരഞ്ഞെടുത്തത് ഒരു ഭാഗ്യമായി കണക്കാക്കുന്നു. ഞങ്ങളുടെ മാതാപിതാക്കളും ഈ തീരുമാനത്തില്‍ സന്തുഷ്ടരാണ്. ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ ഞങ്ങളോടൊപ്പം ഈ സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്യുമായിരുന്നു’, സണ്ണി ലിയോണ്‍ വ്യക്തമാക്കി.