ഗാന്ധി കുടുംബത്തിന് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല !!ഗാന്ധി കുടുംബമില്ലാതെ നേതൃത്വം. ഭൂപീന്ദര്‍ സിംഗ് ഹൂഡ പ്രസിഡന്റ് ആകാൻ സാധ്യത.

ന്യുഡൽഹി: അമ്പേ പരാജയപ്പെട്ട ഗാന്ധി കുടുംബത്തെ ഒഴിവാക്കി കോൺഗ്രസ് പൊളിച്ചെഴുത്തിന് ഒരുങ്ങുന്നു .രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇല്ലാതെ പാർട്ടിയെ നയിക്കാൻ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന .രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ ജനതയെ ആകർഷിക്കാൻ ആവില്ല എന്ന തിരിച്ചറിവും ഉണ്ടായിട്ടുണ്ട് .അതിനാൽ ഉടൻ തന്നെ കോൺഗ്രസിൽ വൻ പൊളിച്ചെഴുത്തുകൾ ഉണ്ടാകും.ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് പൊളിച്ചെഴുത്ത് തുടങ്ങുന്നത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, കമല്‍നാഥ്, അശോക് ഗെലോട്ട് എന്നിവരുടെ പേരുകളാണ അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞ് കേട്ടിരുന്നത് . എന്നാല്‍ ഇവര്‍ മുഖ്യമന്ത്രി പദവിയിലിരിക്കുന്നത് കൊണ്ട് ഹൈക്കമാന്‍ഡ് അംഗീകരിക്കുന്നില്ല. ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കാണ് സാധ്യത. ഹരിയാനയില്‍ കോണ്‍ഗ്രസിന് ലഭിച്ച അപ്രതീക്ഷിത നേട്ടങ്ങള്‍ക്ക് പിന്നില്‍ ഹൂഡയായിരുന്നു.

ജാട്ടുകളുടെ ശക്തമായ പിന്തുണ ഹൂഡയ്ക്കുണ്ട്. ഇത്തവണ ജാതി സമവാക്യത്തെ കോണ്‍ഗ്രസ് ഹരിയാനയില്‍ വിജയിപ്പിച്ചത് ഹൂഡയിലൂടെയാണ്. ദില്ലിയില്‍ കോണ്‍ഗ്രസ് തോറ്റെങ്കിലും ഗാന്ധി കുടുംബം നടത്തിയ ഒരു റാലി പോലും ആളില്ലാതെ പരാജയപ്പെട്ടിരുന്നില്ല. ഇതിന് പ്രധാന കാരണം ഹൂഡയാണ്. ആയിരക്കണക്കിന് പ്രവര്‍ത്തകരെയും ജാട്ടുകളെയുമാണ് ഹൂഡ ഹരിയാനയില്‍ നിന്ന് ദില്ലിയിലെത്തിച്ചത്. സംഘടനാ തലത്തില്‍ ഹൂഡയ്ക്കുള്ള മികവ് കോണ്‍ഗ്രസില്‍ ഇന്ന് ഒരു നേതാവിനുമില്ല. അദ്ദേഹത്തെ അധ്യക്ഷനായാല്‍ അത് ബീഹാറില്‍ വരെ നേട്ടമുണ്ടാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വര്‍ക്കിംഗ് പ്രസിഡന്റായി സച്ചിന്‍ പൈലറ്റിനെ കൊണ്ടുവരണമെന്നാണ് മറ്റൊരു ആവശ്യം. ഇത് സീനിയര്‍-ജൂനിയര്‍ എന്ന തുല്യത ഉറപ്പ് വരുത്താനും സഹായിക്കും. അതേസമയം ഹൂഡയെ ദേശീയ തലത്തിലെ കോണ്‍ഗ്രസിന്റെ മുഖമാക്കുന്നതോടെ എഎപിയുടെ ഒരുലക്ഷ്യം കോണ്‍ഗ്രസിന് പൊളിക്കാന്‍ സാധിക്കും. ഹരിയാനയില്‍ മുഖ്യ പ്രതിപക്ഷമാകാനാണ് എഎപിയുടെ ശ്രമം. ഹരിയാനയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും എഎപി നടത്തുന്നുണ്ട്. ഹൂഡയുടെ വ്യക്തിപ്രഭാവം കരുത്തേറുന്നതോടെ എഎപിയുടെ വളര്‍ച്ച തന്നെ ഹരിയാനയില്‍ അപകടത്തിലാവും.

ഗാന്ധി കുടുംബത്തെ നേതൃ നിരയില്‍ നിന്ന് മാത്രമാണ് മാറ്റാന്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിന്റെ എല്ലാ പ്രക്ഷോഭങ്ങളെയും അവര്‍ തന്നെ നയിക്കും. ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയും രാജ്യസഭയില്‍ പ്രിയങ്ക ഗാന്ധിയും ബിജെപിയെ നേരിടുക എന്ന ഫോര്‍മുലയാണ് മുന്നിലുള്ളത്. ഇതിനായിട്ടാണ് പ്രിയങ്കയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. അംബിക സോണി, ഗുലാം നബി ആസാദ്, ദിഗ് വിജയ് സിംഗ്, എന്നിവരുടെ കാലാവധി അവസാനിക്കുകയാണ്. ഇവരിലൊരാള്‍ക്ക് പകരം പ്രിയങ്കയെ രാജ്യസഭയിലെത്തിക്കാനാണ് നീക്കം.

പ്രിയങ്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഛത്തീസ്ഗഡ് ഘടകം രംഗത്തെത്തിയിട്ടുണ്ട്. ഇവരെ ഛത്തീസ്ഗഡില്‍ നിന്ന് മത്സരിപ്പിക്കാനാണ് നീക്കം. രാജസ്ഥാന്‍, ജാര്‍ഖണ്ഡ് ഘടകങ്ങളും ഇതിനായി രംഗത്തുണ്ട്. എന്നാല്‍ രണ്ട് സഭയിലും ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ പാര്‍ട്ടിയെ നയിക്കുന്നത്, കുടുംബ രാഷ്ട്രീയത്തിന്റെ ആധിക്യമായി ബിജെപി ഉയര്‍ത്തുമോ എന്നാണ് ഭയം. യുപിയിലെ കോണ്‍ഗ്രസിന്റെ മോഹങ്ങളെ അത് തകര്‍ക്കുമെന്നും നേതാക്കള്‍ പറയുന്നു. പ്രിയങ്ക അതിനെ പിന്തുണയ്ക്കില്ലെന്നും സൂചനയുണ്ട്.

ദില്ലി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷ പ്രകടനം നടത്തിയിരുന്നു. ഇതാണ് കോണ്‍ഗ്രസിനുള്ള ഭയം. ഇവര്‍ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിക്കൊപ്പം പോകുമോ എന്നാണ് ആശങ്ക. എഎപി ഇപ്പോള്‍ പഞ്ചാബില്‍ മുഖ്യ പ്രതിപക്ഷമാണ്. നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്ന് എഎപിയിലേക്ക് പോകാന്‍ താല്‍പര്യപ്പെടുന്നുണ്ട്. എന്നാല്‍ പുതിയ നേതൃത്വം വന്നാല്‍ ഇത് അവസാനിക്കും. അതേസമയം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ളവര്‍ കുറച്ച് കാലത്തേക്കെങ്കിലും കോണ്‍ഗ്രസിനെ നയിക്കട്ടെ എന്നാണ് നേതാക്കളുടെ ആവശ്യം. ഇത് വിജയകരമായാല്‍ കോണ്‍ഗ്രസിന്റെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും.

ദില്ലിയിലെ തിരഞ്ഞെടുപ്പ് നല്‍കുന്ന സൂചനകളാണ് കോണ്‍ഗ്രസിനെ മാറ്റത്തിന് പ്രേരിപ്പിക്കുന്നത്. രാഹുല്‍ തിരിച്ചുവരേണ്ടെന്ന് പല നേതാക്കളും രഹസ്യമായും പരസ്യമായും അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. ദില്ലി തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ അധ്യക്ഷനാവാന്‍ ഇരുന്നതാണ്. എന്നാല്‍ അത് നീട്ടിയത് നേതാക്കളുടെ ഈ അഭിപ്രായം കാരണമാണ്. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ഒരാളെ നേതാക്കള്‍ തന്നെ നിര്‍ദേശിക്കാനാണ് ആവശ്യം. ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ ഇടപെടില്ല. സോണിയാ ഗാന്ധിക്ക് ഇതിനോട് താല്‍പര്യമില്ലെങ്കിലും, രാഹുല്‍ ഇക്കാര്യം അവരെ ബോധ്യപ്പെടുത്തും.

ദില്ലിയിലെ പ്രചാരണത്തില്‍ ഗാന്ധി കുടുംബത്തിന് സംഭവിച്ച വീഴ്ച്ചയാണ് മറ്റൊരു പ്രധാന ഘടകം. എഎപിയും ബിജെപിയും വൈകാരിക അടുപ്പമുണ്ടാക്കാനാണ് ദില്ലിയില്‍ ശ്രമിച്ചത്. എന്നാല്‍ ഇന്ദിരാ ഗാന്ധിയുടെ മാതാവ് കമലാ നെഹ്‌റു ബാസാര്‍ സീതാറാമില്‍ നിന്നാണ് വളര്‍ന്ന് വന്നതെന്ന കാര്യം അവരൊരിക്കലും തിരഞ്ഞെടുപ്പില്‍ അവതരിപ്പിച്ചില്ല. കോണ്‍ഗ്രസിന് ഏറ്റവുമധികം വൈകാരിക അടുപ്പം വോട്ടര്‍മാരുമായി ഉണ്ടാക്കുന്ന ഘടകമായിരുന്നു ഇത്. രാജീവ് ഗാന്ധിയെ ബിജെപി അപമാനിച്ചപ്പോള്‍ പോലും ഗാന്ധി കുടുംബത്തില്‍ നിന്ന് ശക്തമായ മറുപടിയുണ്ടായിരുന്നില്ല. ഇതെല്ലാം വീഴ്ച്ചയായിട്ടാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്.

ഗാന്ധി കുടുംബത്തിന് വിചാരിച്ച രീതിയില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്നാണ് വിലയിരുത്തല്‍. രാഹുല്‍ രാജിവെച്ച ശേഷം കോണ്‍ഗ്രസ് മത്സരിച്ച ദില്ലിയൊഴികെയുള്ള സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയത്. രാഹുല്‍ ഗാന്ധി വളരെ കുറച്ച് പ്രചാരണം മാത്രമാണ് നടത്തിയത്. രാഹുലിനും നേതൃനിരയില്‍ മാറ്റം വേണമെന്ന ആവശ്യത്തിലാണ്. അതുകൊണ്ട് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. പകരം ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാള്‍ അധ്യക്ഷനാവണമെന്നാണ് ആവശ്യം.

Top