ന്യൂഡല്‍ഹി: പ്രളയം ദുരിതം വിതച്ച കേരളത്തെ സഹായിക്കാന്‍ ധനസമാഹരണ പരിപാടിയില്‍ ഗാനം ആലപിച്ച് ജസ്റ്റിസുമാരായ കെഎം ജോസഫും കുര്യന്‍ ജോസഫും. ബോളിവുഡ് ഗായകന്‍ മോഹിത് ചൗഹാനും പാട്ടുമായി പിന്തുണയറിയിച്ചു. സുപ്രീം കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കേരളത്തെ സഹായിക്കാന്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പാട്ട്. കേരളത്തിന് കരുത്ത് പകര്‍ന്ന് കൊണ്ടുള്ള ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ സന്ദേശത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം. ഇതൊരു ആഘോഷമല്ല, കേരളത്തിന് പിന്തുണ നല്‍കാനുള്ള ഒത്തുചേരലാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പിന്നീട് സദസ്സിനെ കയ്യിലെടുത്ത് മലയാളി കൂടിയായ ജസ്റ്റിസ് കെ.എം ജോസഫ് അമരം സിനിമയിലെ വികാര നൗകയിലെന്ന് തുടങ്ങുന്ന ഗാനം ആലപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ജസ്റ്റിസ് കെ.എം.ജോസഫ് അമരത്തിലെ ഗാനം ആലപിച്ചത്.
തുടര്‍ന്ന് ബോളിവുഡ് ഗായനൊപ്പം വേദി പങ്കിട്ട് ജസ്റ്റിസ് കുര്യന്‍ ജോസഫും. പാടിയത് നമ്മള്‍ അതിജീവിക്കുമെന്നര്‍ത്ഥമുള്ള ഗാനം. മാധ്യമ പ്രവര്‍ത്തക ഭദ്ര സിന്‍ഹ, ഭരതനാട്യം അധ്യാപിക ഗൗരി പ്രിയ, കീര്‍ത്തന ഹരീഷ് എന്നിവരും നൃത്തം അവതരിപ്പിച്ചു. 10 ലക്ഷത്തോളം രൂപയാണ് ഈ പരിപാടിയിലൂടെ സമാഹരിച്ചത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കും. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.