ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്.പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റ കൃത്യമല്ല;സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമാക്കുന്ന 377 -ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യ വിധി പ്രസ്താവത്തില്‍ പറഞ്ഞു. വൈവിധ്യത്തിന്‍റെ ശക്തിയെ മാനിക്കണം. ഐപിസി 377 ഏകപക്ഷീയവും യുക്കി രഹിതവുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്. ഞാന്‍ എന്താണോ അത് തന്നെയാണ് ഞാന്‍ എന്ന രീതിയില്‍ ജീവിക്കാന്‍ ഒരു വ്യക്തിയ്ക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു ജീവിതത്തിന്‍റെ അര്‍ത്ഥം എന്നത് സ്വതന്ത്രമായി ജീവിക്കുക എന്നത് കൂടിയാണ്. ഭയത്തോടുകൂടി ജീവിക്കലല്ല എന്നും പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഐപിസി 377 ഐകപക്ഷീയവും യുക്തിരഹിതവുമാണെന്നും കോടതി നിരീക്ഷിച്ചു.

പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്നും ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. 24 രാജ്യങ്ങളില്‍ സ്വവര്‍ഗരതിക്ക് നിയമപരമായ അംഗീകാരമുണ്ട്. എല്‍ജിബിടി സമൂഹത്തിന് മറ്റെല്ലാവര്‍ക്കുള്ള എല്ലാ അവകാശവുമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ നിയമം തിരുത്തിയാണ് സുപ്രീംകോടതി ഐക്യകണ്‌ഠേന വിധിപുറപ്പെടുവിച്ചത്. വ്യത്യസ്ത വ്യക്തികളെ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിക്കണം. നാല് വിധിപ്രസ്താവം പുറപ്പെടുവിച്ചെങ്കിലും ജഡ്ജിമാര്‍ക്കെല്ലാം ഏകാഭിപ്രായം ആയിരുന്നു. രാജ്യാന്തര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിധിയാണ് ഭരണഘടന ബഞ്ച് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശങ്ങള്‍ ശ്രദ്ധേയമായിരുന്നു. ലിംഗവ്യത്യാസമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നാണ്് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നത്.lgbt2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നര്‍ത്തകന്‍ നവജ്യോത് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനില്‍ മെഹ്റ തുടങ്ങിയവര്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജികളിലാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പറഞ്ഞിരിക്കുന്നത്. സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് മൗലിക അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതൊരു സമൂഹത്തിന്റെ പ്രശ്നമാണെന്നും സ്വവര്‍ഗരതി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കേണ്ടത് പാര്‍ലമെന്റാണെന്ന് ഹര്‍ജിക്കാരെ എതിര്‍ത്ത ക്രൈസ്തവ സംഘനകള്‍ വാദിച്ചു. വ്യക്തമായ നിലപാട് അറിയിക്കാതെ 377-ാം വകുപ്പ് റദ്ദാക്കണോ വേണ്ടയോ എന്നതില്‍ ഭരണഘടന ബെഞ്ച് ഉചിതമായ തീരുമാനം എടുക്കണം എന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം. നാല് ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷം കഴിഞ്ഞ ജൂലായ് 17നാണ് കേസ് വിധി പറയാന്‍ മാറ്റിവെച്ചത്.

സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമല്ലാതാക്കുമെന്ന സൂചന അടുത്തിടെ സുപ്രീംകോടതി നല്‍കിയിരുന്നു. ആര്‍ക്കും അവരുടെ ലൈംഗികതയില്‍ ഭയന്നു ജീവിക്കേണ്ടിവരില്ലെന്നാണ് ഓഗസ്റ്റ് ഒന്നിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് വ്യക്തമാക്കിയത്. നിലവില്‍ 377-ാം വകുപ്പുപ്രകാരം ശിക്ഷിക്കപ്പെടുന്നയാള്‍ക്ക് 10 വര്‍ഷം വരെ തടവനുഭവിക്കണം. സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമല്ലാതാക്കിക്കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവ് 2013-ല്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. നിയമങ്ങള്‍ റദ്ദാക്കുന്നത് പാര്‍ലമെന്റിന്റെ ജോലിയാണെന്നായിരുന്നു അന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്.

വകുപ്പ് റദ്ദാക്കിയാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമൂഹത്തിന്റൈ മനോഭാവം മാറുെമന്നാണ് ഹരിജിക്കാരുടെ വാദം. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതക്കുള്ള അവകാശത്തെ ഈ വകുപ്പ് ലംഘിക്കുന്നു എന്നതിലൂന്നിയായിരുന്നു ഹര്‍ജിക്കാരുടെ വാദങ്ങള്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് രാവിലെ 10.30ന് കേസില്‍ വിധി പറയും. കേസില്‍ ഉചിതമായ തീരുമാനം കോടതിക്ക് കൈകൊള്ളാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

സ്വവര്‍ഗരതിയെ ക്രിമിനല്‍കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് ഭരണഘടന വിരുദ്ധമാണോ എന്നാണ് കോടതി പരിശോധിച്ചത്. ലൈംഗികത്വത്തിെന്റ പേരില്‍ ഒരാളും ഭയന്നു ജീവിക്കാന്‍ ഇടവരരുതെന്ന കേസ് പരിഗണിക്കവെ കോടതി നിരീക്ഷിച്ചിരുന്നു. നേരത്തെ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതിയെ നിയമ വിധേയമാക്കിയിരുന്നെങ്കിലും 2013ല്‍ വിധി സുപ്രീംകോടതി റദ്ദാക്കി ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമം പുനഃസ്ഥാപിക്കുകയായിരുന്നു. 1861 ലെ നിയമ പ്രകാരം സ്വവര്‍ഗ രതി 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

Top