ന്യുഡല്‍ഹി: മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് രാജ്യം വിടനല്‍കി. ലോധി വൈദ്യുതി ശ്മശാനത്തില്‍ വൈകിട്ട് നാലരയോടെയാണ് അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. രാജ്യത്തിന്റെ പൂര്‍ണ്ണ ബഹുമതികളോടെയായിരുന്നു സംസ്കാരം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാര്‍, കക്ഷി രാഷ്ട്രീയ ഭേദമന്യേ മുതിര്‍ന്ന നേതാക്കളെല്ലാം സുഷമയ്ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു.
ഹൃദയാഘാതത്തെത്തുടർന്ന് ചൊവ്വാഴ്ച രാത്രി 11ന് ഡൽഹിയിലെ എയിംസിലായിരുന്നു അന്ത്യം. ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. 1977ൽ, 25-ാം വയസിൽ ഹരിയാന നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സുഷമ സ്വരാജ്, ദേവിലാൽ മന്ത്രിസഭയിൽ അംഗമായി. 1979ൽ ഹരിയാന ജനതാപാർട്ടി അധ്യക്ഷയായി. 1987ലും ഹരിയാനയിൽ മന്ത്രിയായി. അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിലും അംഗമായിരുന്ന സുഷമ സ്വരാജ് 15-ാം ലോക്സഭയിൽ പ്രതിപക്ഷ നേതാവായിരുന്നു.
ജപ്പാന്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ എംബസികളും മുന്‍ വിദേശകാര്യമന്ത്രിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ദലൈലാമ അടക്കമുള്ള ആത്മീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി. വസതിലെ പൊതുദര്‍ശനത്തിനു ശേഷം ബി.ജെ.പി ഓഫീസില്‍ ഭൗതികദേഹം കൊണ്ടുവന്നു. തുടര്‍ന്നാണ് ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ വിലാപയാത്രയായി ലോധി ശ്മശാനത്തില്‍ എത്തിച്ചത്
പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുന്‍ ഭൂട്ടാന് പ്രധാനമന്ത്രി ഷെറിംഗ് ടൊബ്ഗെ, മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി, കേന്ദ്രമന്ത്രിമാര്‍, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല, രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു തുടങ്ങിയ നേതാക്കളെല്ലാം സുഷമയെ ലോധി വരെ അനുഗമിച്ചു. രാജ്യത്തിന്റെ മുഴുവന്‍ ആദരവ് ഏറ്റുവാങ്ങി മാതൃഭാവത്തിന്റെ കരുതല്‍ ലോകത്തെ മുഴുവന്‍ അറിയിച്ച മഹതി ഓര്‍മ്മകള്‍ ബാക്കിയാക്കി മടങ്ങി.
മുൻ ഗവർണർ സ്വരാജ് കൗശൽ ആണു ഭർത്താവ്.സുഷമ സ്വരാജ് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചത് സ്വരാജ് കൗശലിനെ ഏറെ സന്തോഷവാനാക്കിയിരുന്നു. ‘തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തീരുമാനമെടുത്തതിന് ഒരുപാട് നന്ദി. മില്‍ഖ സിംഗ് ഓട്ടം നിര്‍ത്തുകയാണെന്ന പ്രഖ്യാപനം നടത്തിയത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു’.-സുഷമ സ്വരാജ് മത്സരിക്കുന്നില്ലെന്നറിഞ്ഞ ശേഷമുള്ള സ്വരാജ് കൗശലിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഭര്‍ത്താവിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് സുഷമയും വ്യക്തമാക്കിയിരുന്നു. അഭിഭാഷകയായ ബാന്‍സുരി സ്വരാജാണ് ഏകമകള്‍. 44ാം വിവാഹ വാര്‍ഷിക ആഘോഷിച്ച് ഒരുമാസം തികയും മുമ്പേയാണ് സ്വരാജിനെ ഏകനാക്കി സുഷമ ലോകത്തോട് വിടപറഞ്ഞത്.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/