തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തവരെ പിടികൂടാന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. 210 പേരുടെ ഫോട്ടോകളുമായി പൊലീസ് ലുക്കൗട്ട് നോട്ടിസ് (തിരച്ചിൽ നോട്ടിസ്) പുറത്തിറക്കി. ആല്‍ബം രൂപത്തില്‍ തയാറാക്കിയിരിക്കുന്ന ചിത്രങ്ങള്‍ വിവിധ ജില്ലകളിലേക്ക് അയച്ചു. പ്രത്യേക സംഘത്തെ നിയോഗിച്ച് ഇവരെ പിടികൂടാനാണു തീരുമാനം.ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ശബരിമലയിലെ വിവിധ കേസുകളില്‍ പൊലീസ് തേടുന്ന ഇവരെ തിരിച്ചറിയുന്ന പൊതുജനങ്ങള്‍ക്ക് വിവരം കെെമാറാനാകും. ഇതിനായി 9497990030, 9497990033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
നിലയ്ക്കലിലുണ്ടായ സംഘര്‍ഷത്തിനു നേതൃത്വം നല്‍കിയവരെയും യുവതികളുമായി മല ചവിട്ടിയപ്പോള്‍ തടഞ്ഞവരെയും ഏത് വിധേനയും പിടികൂടാനാണു തീരുമാനം. പ്രധാനപ്പെട്ട കേസുകളില്‍ അപൂര്‍വമായി മാത്രം ചെയ്യാറുള്ളതുപോലെയാണു പ്രതികളെന്നു കരുതുന്നവരുടെ ആല്‍ബം തയാറാക്കിയിരിക്കുന്നത്. നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിലും കെഎസ്ആര്‍ടിസിയുടെയും പൊലീസിന്റെയും വാഹനങ്ങള്‍ തല്ലിത്തകര്‍ത്ത കേസുകളിലും ഇവര്‍ പ്രതികളാണ്. പൊലീസെടുത്ത ദൃശ്യങ്ങളില്‍ നിന്നാണ് ചിത്രങ്ങൾ തയാറാക്കിയത്.
ഇവരുടെ പേരോ മേല്‍വിലാസമോ അറിയില്ലാത്തതിനാല്‍ കണ്ടാലറിയുന്നവര്‍ പത്തനംതിട്ട പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശത്തോടെയാണ് ആല്‍ബം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇവരെ കണ്ടെത്താന്‍ പ്രത്യേകസംഘത്തെ നിയോഗിക്കാനും ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു. കലാപത്തിനു ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങി ജാമ്യമില്ലാത്ത കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായുണ്ടായ പ്രശ്നങ്ങളിൽ 146 കേസുകളിലായി രണ്ടായിരത്തോളം പേര്‍ക്കെതിരെയാണ് കേസ്.