കൊച്ചി : സ്വർണക്കടത്ത് കേസും ആയി തനിക്ക് ഒരു ബന്ധവും ഇല്ല എന്ന് സ്വപ്ന സുരേഷ്. ഹൈകോടതിയിൽ അഡ്വേക്കറ്റ് ടി കെ രാജേഷ് കുമാർ മുഖേന നൽകിയ മുൻകൂർ ജാമ്യപേക്ഷയിലാണ് സ്വപ്നയുടെ വാദം. തന്നെ പ്രതി ചേർത്തിരിക്കുന്നത് തന്നെ അറിയുന്നത് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ആണ് . കേസിൽ താൻ നിരപരാധിയാണെന്ന് സ്വപ്‌ന ജാമ്യാപേക്ഷയിൽ പറയുന്നു. കസ്റ്റംസിനോട് ഒന്നും പറയാനില്ലെന്നും സ്വപ്‌ന പറയുന്നു.
ഇന്നലെയാണ് അഭിഭാഷകൻ രാജേഷ് കുമാർ വഴി ഓൺലൈൻ ആയി സ്വപ്‌ന മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇതിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേസിൽ താൻ നിരപരാധിയാണെന്ന് സ്വപ്‌ന പറയുന്നു. തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ല. അതുകൊണ്ട് തന്നെ കസ്റ്റംസിനോട് ഒന്നും പറയാനില്ല. കോൺസുലേറ്റ് നൽകിയ സാക്ഷ്യപത്രം വ്യാജമല്ലെന്നും സ്വപ്‌ന പറഞ്ഞു.
തന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വരുന്നത് വിലക്കണം. താൻ കേസിൽ ആരോപണവിധേയമാത്രമാണ്. തനിക്കെതിരെ തെളിവില്ല. അതുകൊണ്ടുതന്നെ തന്റെ ചിത്രം പ്രചരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും സ്വപ്‌ന പറയുന്നു.കോൺസുലേറ്റിൽ നിന്ന് പുറത്തുവന്ന ശേഷവും അറ്റാഷെ ഉൾപ്പെടെയുള്ളവർ തന്റെ സഹായം തേടിയിരുന്നുവെന്ന് സ്വപ്‌ന സമ്മതിക്കുന്നുണ്ട്. കോൺസുലേറ്റിൽ പ്രവർത്തിച്ച പരിചയം വച്ച് പല സഹായവും ചെയ്തു നൽകി. ഏത് അന്വേഷണത്തോടും സഹകരിക്കാൻ തയ്യാറാണെന്നും സ്വപ്‌ന വ്യക്തമാക്കുന്നു.
ഐടി വകുപ്പിന് കീഴിലെ കരാർ ജീവനക്കാരി ആണ് താൻ . മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി വരുന്ന മാധ്യമ വാർത്തകൾ തെറ്റെന്നും സ്വപ്ന പറയുന്നു. കോൺസുലേറ്റിൽ നിന്ന് പോന്നതിനു ശേഷവും തൻ്റെ സേവനം അവർ തേടിയിരുന്നു.സ്വപ്‌നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കുമെന്നാണ് സൂചന.