കൊച്ചി:വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസങ്ങളിലും പുറത്തുവരുന്നത്.ഡിപ്ലോമാറ്റിക് ബാഗേജിൽ 30 കിലോ സ്വര്‍ണം കടത്തിയ കേസിൽ ഉന്നതർ കുടുങ്ങാതിരിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കു മുന്നിൽ സരിത് കീഴടങ്ങുകയായിരുന്നെന്നു സംശയം. സരിത്തിനെ കിട്ടാതായാൽ കൂടെയുണ്ടായിരുന്നവരിലേക്ക് അന്വേഷണം നീളുമെന്ന സംശയത്തിലായിരുന്നു കീഴടങ്ങൽ നാടകമെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു. സ്വർണം കടത്തിയത് ഒറ്റയ്ക്കാണെന്നും സ്വപ്നയ്ക്കു കേസിൽ പങ്കില്ലെന്നുമാണ് സരിത് കസ്റ്റംസിനോട് പറഞ്ഞത്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംബന്ധിച്ച ചോദ്യങ്ങൾക്കും വ്യക്തമായ മറുപടിയില്ല.
രാജ്യത്തിനകത്തും പുറത്തും വലിയ സ്വാധീനമുള്ളവർക്ക് സ്വർണക്കടത്തിലുള്ള പങ്കു മൂടിവയ്ക്കാനാണു സരിത് ശ്രമിക്കുന്നതെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. കഴിഞ്ഞ മാസം അവസാനമാണു നയതന്ത്ര ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. രേഖകളിൽ പിഴവു കണ്ടെത്തിയതിനെത്തുടർന്ന് ബാഗേജ് പിടിച്ചുവച്ചപ്പോൾ കോൺസുലേറ്റ് പിആർഒ എന്നപേരിൽ ഇടപെടൽ നടത്തിയതു സരിത്താണ്.
ബാഗേജ് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടപ്പോഴാണ് സരിത്തിന്റെ ഇടപാടുകളെക്കുറിച്ച് സംശയമുണ്ടാകുന്നത്. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥനും ഒരിക്കൽ സരിത്തിനൊപ്പം വിമാനത്താവളത്തിലെത്തി. പിന്നീട് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഒളിവിൽപോകാൻ ശ്രമിക്കാതെ സരിത് ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി കുറ്റമേൽക്കുകയായിരുന്നു. കോണ്‍സുലേറ്റിലെ മുൻ ബന്ധങ്ങൾ ഉപയോഗിച്ചാണ് സ്വർണം കടത്തിയതെന്നും ഇതിനായി വ്യാജ ഐഡികൾ ഉണ്ടാക്കിയെന്നും ഇയാൾ കസ്റ്റംസിനോട് വെളിപ്പെടുത്തി.
അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സ്വര്‍ണം ഡിപ്ലോമാറ്റിക് ബാഗില്‍ അല്ലെന്നാണ് യുഎഇ ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. ഒരു വ്യക്തി മറ്റൊരു വ്യക്തിക്കയച്ച കാര്‍ഗോയാണിതെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ എന്ന നിലയ്ക്കായിരുന്നു ഇത് അയച്ചതെന്നുമാണ് യുഎഇ സ്ഥാനപതി നല്‍ക്കുന്ന വിശദീകരണം. എന്നാല്‍ കേസില്‍ ഇപ്പോള്‍ നിര്‍ണായകമായ വെളിപ്പെടുത്തലാണ് മുഖ്യപ്രതികളായ സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരില്‍ നിന്ന് ലഭിക്കുന്നത്. സ്വപ്നയെ കൂടാതെ രണ്ട് പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് സ്ന്ദീപിന്റെയും സരിത്തിന്റെയും ഭാര്യമാരെ ചോദ്യം ചെയ്തപ്പോഴാണ് കേസിലെ പങ്കുള്ളവരെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്. ഇവരുടെ പശ്ചാത്തലം പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.
ഭാര്യമാരുടെ രഹസ്യമൊഴിയില്‍ നിന്നും പുറത്തുവന്ന പേരുകള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചത്. ലരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ മൊഴികള്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. രണ്ട് പേരുടെയും സുരക്ഷ ശക്തമാക്കുമെന്നും അറിയിച്ചു.
അതേസമയം, കേസിന് ഭീകരബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. സ്വപ്ന സുരേഷിന് പുറമേ വമ്പന്‍ സ്രാവുകള്‍ വേറെയും കേസിലുണ്ട്. ഇവരെ സ്വപ്ന അറിയുമോ, അതോ ഇവരെ മുന്‍നിര്‍ത്തി കളിച്ചതാണോ തുടങ്ങിയ കാര്യങ്ങളാണ് ഇനി തെളിയേണ്ടത്. അതിന് സ്വപ്നയെ ചോദ്യം ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല.വിദേശത്തുള്ള ഫൈസല്‍ ഫരീദ് കേസിലെ പ്രധാനിയാണ്. ഇയാള്‍ മൂന്നാം പ്രതി കൂടിയാണിത്. ഇതുവരെ ഫരീദിനെ കസ്റ്റംസ് പ്രതി ചേര്‍ത്തിരുന്നില്ല. എന്നാല്‍ ഇയാള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് സരിത്ത് പറയുന്നുണ്ട്. ഇയാളാണ് സ്വര്‍ണ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ കാര്‍ഗോയായി അയച്ചതെന്നും സരിത് മൊഴി നല്‍കിയിട്ടുണ്ട്. ഈ അടിസ്ഥാനത്തിലാണ് ഫൈസലിന്റെ റോള്‍ എന്‍ഐഎ കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ യുഎപിഎയും ചുമത്തി.
ഫൈസല്‍ ഫരീദിനെ കുറിച്ച് ഇപ്പോള്‍ കുറച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇയാള്‍ കൊച്ചി സ്വദേശിയാണെന്നും, അതല്ല കോഴിക്കോട്ടുകാരനാണെന്നും വിവരങ്ങളുണ്ട്. കോണ്‍സുലേറ്റിലേക്കായി വന്ന സ്വര്‍ണ പാഴ്സലിന്റെ ഉറവിടമാണ് തേടുന്നത്. സ്വര്‍ണക്കടത്തുകാര്‍ക്കിടയില്‍ തന്നെ പുതുതായി കേള്‍ക്കുന്ന പേരാണ് ഫൈസലിന്റേത്. ഇയാളുമായി ബന്ധപ്പെട്ട് കേരളത്തില്‍ മൂന്ന് പേരാണ് പ്രവര്‍ത്തിക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
സ്വര്‍ണക്കള്ളക്കടത്തിന് ഭീകരബന്ധമുണ്ടാകാമെന്ന് എന്‍ഐഎയും പറയുന്നുണ്ട്. എഫ്ഐആറില്‍ ഇക്കാര്യം പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കടത്തിയ സ്വര്‍ണം ഉപയോഗിച്ചിരിക്കാമെന്നാണ് നിരീക്ഷണമുള്ളത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും തന്നെ ബാധിക്കുന്നതാണ് സ്വര്‍ണക്കടത്തെന്ന് എന്‍ഐഎ പറയുന്നു. ദേശീയ-അന്തര്‍ദേശീയ ബന്ധങ്ങളും ഇവയ്ക്കുണ്ട്. സ്വര്‍ണം അയക്കുന്ന ചിലര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന സൂചനകളും നേരത്തെ ലഭിച്ചിരുന്നു.