തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. വിയ്യൂരിലെ അതിസുരക്ഷ ജയിലില്‍ വനിതകള്‍ക്ക് മാത്രമായി ബ്ലോക്ക് ഇല്ലാത്തതിനാല്‍ സ്വപ്ന സുരേഷിനെ കാക്കനാട് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രിയോടെയാണ് സ്വപ്നയെ വിയ്യൂരിലെ വനിത ജയിലില്‍ എത്തിച്ചത്.
എന്‍.ഐ.എയും കസ്റ്റംസും അറസ്റ്റ് ചെയ്ത മുഹമ്മദ് അന്‍വര്‍, ഹംജദ് അലി, ടി.എം. സംജു, ഹംസത് അബ്ദുസലാം തുടങ്ങിയവരെ നേരത്തെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ 20ഓളം പേരെ എന്‍.ഐ.എയും കസ്റ്റംസും പിടികൂടിയെങ്കിലും കെ.ടി. റമീസ്, സന്ദീപ് നായര്‍ തുടങ്ങിയ കേസിലെ പ്രധാന പ്രതികളെ അതിസുരക്ഷാ ജയിലില്‍ കൊണ്ടുവന്നിട്ടില്ല.പ്രതികളില്‍ പലര്‍ക്കെതിരെയും യു.എ.പി.എ ചുമത്തിയ സാഹചര്യത്തിലാണ് അതിസുരക്ഷ ജയിലിലേക്ക് മാറ്റിയത്.
അതേസമയം എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരനെതിരായ വ്യാജ ലൈംഗിക പീഡനക്കേസിലും വ്യാജ സർട്ടിഫിക്കറ്റ് കേസിലും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്തു. വ്യാജ പരാതി നൽകിയ കേസിൽ സ്വപ്‌ന സുരേഷിനെ നേരത്തെ ക്രൈംബ്രാഞ്ച് പ്രതിചേർത്തിരുന്നു. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരനായിരുന്ന ഷിബുവിനെതിരെ വ്യാജ ലൈംഗിക പരാതി നൽകുകയായിരുന്നു. ഇക്കാലയളവിൽ എയർ ഇന്ത്യ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ ഓഫീസിലെ ജീവനക്കാരിയായിരുന്നു സ്വപ്‌ന. സാറ്റ്‌സിലെ ക്രമക്കേടിനെതിരെ സിബിഐക്ക് ഉൾപ്പെടെ ഷിബു പരാതി നൽകിയതിലുള്ള വൈരാഗ്യമായിരുന്നു വ്യാജ പരാതി നൽകാൻ കാരണമായത്.
എയർ ഇന്ത്യ സാറ്റ്‌സിലെ ജീവനക്കാരെന്ന പേരിൽ പതിനാറോളം വനിതകളെ സ്വപ്‌ന ഹാജരാക്കുകയും ഇവരെ കൊണ്ട് പരാതി നൽകുകയുമായിരുന്നു. ആദ്യം വലിയ തുറ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും സ്വപ്നയെ പ്രതി ചേർത്തിരുന്നില്ല. തുടർന്ന് ഷിബു ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചു. ഈ കേസിൽ സ്വപ്നയെ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ജോലി നേടുന്നതിനായി സ്വപ്ന സുരേഷ് മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കർ സർവകലാശാലയുടേത് എന്ന പേരിലുള്ള ബിരുദ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയത്. ബികോം ബിരുദധാരിയെന്ന് കാണിക്കാനായിരുന്നു സർട്ടിഫിക്കറ്റ്. പക്ഷെ സാങ്കേതിക സർവകലാശാലയായ ഇവിടെ ബികോം കോഴ്സ് പോലുമില്ല.