കൊച്ചി:കേരളത്തിലെ രാഷ്രീയ നേതൃത്വത്തെ മുൾമുനയിൽ നിർത്തുന്ന സ്വപ്നയുടെ മൊഴി കോടതിയിൽ മൊഴിയിൽ ഒരുപാട് രാഷ്ട്രീയ നേതാക്കളുടെ ബന്ധം ഉണ്ടെന്നാണ് സൂചന .സ്വര്‍ണക്കടത്തിന് ഉദ്യോഗസ്ഥർക്കു പുറമേ ഉന്നത രാഷ്ട്രീയനേതാക്കളുടെയും സഹായം ലഭിച്ചതായി രണ്ടാം പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിനു മൊഴി നല്കി.സഹായം നല്കിയ വ്യക്തികളെക്കുറിച്ചും ഇവര്‍ ഏതു തരത്തിലുള്ള സഹായമാണു നല്കിയതെന്നതും ഉള്‍പ്പെടെ വിശദവിവരങ്ങള്‍ 32 പേജുള്ള മൊഴിയിലുണ്ടെന്നാണു സൂചന. കേസിലെ നിർണായക മൊഴിയായി കസ്റ്റംസ് ഇതിനെ കാണുന്നു.മൊഴിയുടെ പ്രാധാന്യം കണക്കാക്കി കസ്റ്റംസ് നിയമത്തിലെ 108 വകുപ്പ് പ്രകാരം മൊഴിപ്പകര്‍പ്പ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു.
അതേസമയം നയതന്ത്ര ചാനല്‍വഴി സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായവരില്‍ ചിലര്‍ക്ക് സംസ്ഥാനത്തുനിന്നുള്ള ഐ.എസ്. റിക്രൂട്ട്മെന്റുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ. നിഗമനം. നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിക്കാനായി മതപരിവര്‍ത്തനം നടത്തി വിദേശത്തേക്കു കടത്തിയ സംഭവത്തില്‍ ഇവര്‍ക്കുള്ള പങ്കിനെപ്പറ്റി അന്വേഷിക്കുകയാണെന്നും ഇന്ന് എന്‍.ഐ.എ. കോടതിയെ അറിയിക്കും.
സോണിയ സെബാസ്റ്റിയന് എന്ന യുവതി ഉള്‍പ്പെടെയുള്ളവരെ മതപരിവര്‍ത്തനം നടത്തി അഫ്ഗാനിസ്ഥാനിലേക്കു കൊണ്ടുപോയതുമായി ചിലര്‍ക്കു ബന്ധമുണ്ടെന്നു സൂചന ലഭിച്ചതായാണു വിവരം. അയിഷ എന്നു പേരു മാറ്റിയ സോണിയയ്ക്കും ഭര്‍ത്താവ് അബ്ദുള്‍ റഷീദ് അബ്ദുള്ളയ്ക്കുമെതിരെ 2017-ല്‍ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭര്‍ത്താവ് കൊല്ലപ്പെട്ടതിനു ശേഷം അയിഷ അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയിരുന്നു. പിടിയിലായവരില്‍ ചിലര്‍ ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിലായ കെ.ടി. റമീസിന്റെ പങ്ക് വിശദമായി അന്വേഷിക്കുകയാണെന്നും എന്‍.ഐ.എ. കോടതിയെ അറിയിക്കും. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മുഹമ്മദാലി തൊടുപുഴയിലെ കോളജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസില്‍ പ്രതിയായിരുന്നു. മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇയാള്‍ക്കു പങ്കുള്ളതായി സംശയമുണ്ട്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ക്കുക മാത്രമല്ല, തീവ്രസ്വഭാവമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ പങ്കാളികളായിരുന്നുവെന്നും നിരോധിക്കപ്പെട്ട ചില സംഘടനകളുമായി ബന്ധമുള്ളതായും വിവരമുണ്ട്.
പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത ബാങ്ക് പാസ് ബുക്കുകളും ഹാര്‍ഡ് ഡിസ്കുകളും പെന്‍ഡ്രൈവും മൊെബെല്‍ഫോണുകളും ചില രേഖകളും വിശദമായി പരിശോധിക്കുകയാണ്. നിരോധനത്തെത്തുടര്‍ന്നു മറ്റു സംഘടനകളിലേക്കു പോയ പ്രവര്‍ത്തകരുമായും ഇതര സംഘടനകളുമായും ഇവര്‍ ബന്ധം തുടരുന്നതായും സംശയിക്കുന്നു.
റമീസിനു നേരത്തെതന്നെ തീവ്രവാദ സംഘടനകളുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ട്. കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് ആസൂത്രണം ചെയ്ത പെരുമ്പാവൂര്‍ സംഘത്തില്‍പ്പെട്ടയാളാണു റമീസ്. ഇപ്പോള്‍ പിടിയിലായവരെ ചോദ്യം ചെയ്യുന്നതോടെ തീവ്രവാദ ബന്ധമുള്ള കൂടുതല്‍ പേര് വലയിലാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലും എത്തുന്നുണ്ട്. ഇവിടങ്ങളില്‍ ചിലര്‍ കസ്റ്റഡിയിലുണ്ട്. പലയിടത്തായി റെയ്ഡുകള്‍ നടക്കുന്നു.
ഈ സാഹചര്യത്തില്‍ കേസില്‍ യു.എ.പി.എ. കുറ്റം നിലനില്‍ക്കുമെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതിയെ അറിയിക്കാനാണ് എന്‍.ഐ.എ. ഉദ്ദേശിക്കുന്നത്. സ്വര്‍ണക്കടത്തു കേസില്‍ യു.എ.പി.എ. ചുമത്താന്‍ വസ്തുതകളുണ്ടോ എന്ന് അറിയിക്കാനും കേസ് ഡയറി ഹാജരാക്കാനും സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ എന്‍.ഐ.എ. കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം സാന്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സിജെഎം കോടതി ചേംബറില്‍ കസ്റ്റംസ് നേരിട്ടു കവര്‍ നല്‍കുകയായിരുന്നു. ഇത്തരത്തില്‍ കോടതിയില്‍ നല്കുന്ന മൊഴിക്കു നിയമപ്രാബല്യമുണ്ട്.ഭാവിയില്‍ ഈ മൊഴി മാറ്റിപ്പറയാന്‍ തനിക്കുമേല്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ടാകാമെന്നും മൊഴിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ചൂണ്ടിക്കാട്ടി സ്വപ്ന ആവശ്യപ്പെട്ട പ്രകാരമാണു മൊഴിപ്പകര്‍പ്പ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് അസാധാരണ നടപടിയാണെന്നു നിയമവിദഗ്ധര്‍ വിലയിരുത്തുന്നു.
സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷും കൂട്ടാളികളും ഇടനിലക്കാരായി നിന്നു സന്പാദിച്ച കോടികളെക്കുറിച്ചു പരിശോധിക്കാന്‍ എന്‍ഫോഴ്സ്മെന്റും നടപടി തുടങ്ങിയിട്ടുണ്ട്. സ്വപ്ന, സന്ദീപ് നായര്‍, സരിത് എന്നിവരെ കസ്റ്റഡിയിൽ ലഭിക്കാൻ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് അപേക്ഷ സമര്‍പ്പിച്ചു.നാളെ പ്രതികളെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകനായിരുന്ന ഷൈജന്‍ സി. ജോര്‍ജിനെ മാറ്റി അഡ്വക്കറ്റ് ടി.എ. ഉണ്ണികൃഷ്ണനെ നിയമിച്ചു.
പ്രതികളുടെ സന്പാദ്യം എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ക്കു മുന്‍പാകെ പ്രതികൾ ഇക്കാര്യം വെളിപ്പെടുത്താത്ത സാഹചര്യത്തിലാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം. സ്വര്‍ണക്കടത്തിലെ പണമിടപാടുകൾ, പണത്തിന്റെ ഉറവിടം, കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല ഇടപാട് എന്നിവ അന്വേഷണ പരിധിയില്‍ വരും.കേരളത്തില്‍നിന്നു ദുബായിലേക്കു പണം ഹവാലയായി എത്തിച്ചാണ് വന്‍തോതില്‍ സ്വര്‍ണം കടത്തിയത്. ഓരോ കടത്തലിനും ഹവാല ഇടപാടുകള്‍ നടന്നിട്ടുണ്ട്.
കേരളത്തില്‍നിന്നുള്ള നിര്‍ദേശമനുസരിച്ചു സ്വര്‍ണക്കടത്തിനായി പണമിറക്കിയവര്‍ക്കു പ്രതിഫലം കേരളത്തില്‍ ഭൂമിയായും കറന്‍സിയായും നല്‍കിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം. മലയാളികള്‍ ഉള്‍പ്പെടുന്ന ഹവാല സംഘത്തിനു തീവ്രവാദബന്ധം ഉണ്ടെന്ന് എന്‍ഐഎ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഏറെക്കാലമായി ദുബായില്‍ കച്ചവടം നടത്തുന്ന ഏതാനും മലയാളികള്‍ക്കു സ്വര്‍ണക്കടത്തുമായി അടുത്ത ബന്ധമാണുള്ളത്. നിലവില്‍ നാലുപേരെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും ദുബായിലെ പ്രതികളുടെ എണ്ണം കൂടിയേക്കാം. യുഎഇയില്‍നിന്നുള്ള പ്രളയ ദുരിതാശ്വാസ സഹായത്തിലും സ്വപ്ന സുരേഷ് വെട്ടിപ്പുനടത്തി എന്ന വിവരവും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.
ഓരോ തട്ടിപ്പും തികച്ചും ആസൂത്രിതമായാണ് നടത്തിയിരിക്കുന്നത്. സ്വപ്നയുടെ ബാങ്ക് ലോക്കറില്‍നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും എന്‍ഐഎ പിടിച്ചെടുത്തിരുന്നു. സ്വര്‍ണക്കടത്തിനു സഹായിച്ചതിനു സ്വപ്നയ്ക്കു ലഭിച്ച പ്രതിഫലമാണിതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തൽ.