വത്തിക്കാൻ ആലഞ്ചേരി പക്ഷത്തെ തള്ളിക്കളയാൻ സാധ്യത !!!അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച്ബിഷപിനെ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും മാര്‍ മന​ത്തോടത്ത് പരിഗണനയില്‍;പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ വത്തിക്കാന്‍ ഇടപെടും

കൊച്ചി: സീറോ മലബാർ അതിരൂപതയുടെ അതിരൂപതയുടെ അടുത്ത അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച്ബിഷപ് ആരായിരിക്കുമെന്ന ചര്‍ച്ചയാണ് ഏറ്റവുമധികം ഉയര്‍ന്നുകേള്‍ക്കുന്നത് . സിറോ മലബാര്‍ സഭാ സിനഡ് കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ പുരോഗമിക്കുമ്പോള്‍ ആലഞ്ചേരി പക്ഷത്തിന് മുൻ‌തൂക്കം എങ്കിലും വത്തിക്കാൻ ആലഞ്ചേരി പക്ഷത്തെ പിന്തുണക്കില്ല എന്നാണു സൂചനകൾ .എറണാകുളം അങ്കമാലി അതിരൂപതാംഗം തന്നെ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച്ബിഷപ് ആയി വരണമെന്ന പൊതുവേയുള്ള ആവശ്യം പരിഗണിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. സിനഡ് സെക്രട്ടറിയും മാണ്ഡ്യ ബിഷപുമായ മാര്‍ ആന്റണി കരിയിലിന്റെ പേരിനാണ് മുന്‍തൂക്കം. വത്തിക്കാന്റെ ജപ്പാനിലെ പ്രതിനിധി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് ചേന്നോത്ത്, മുന്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും പാലക്കാട് ബിഷപുമായ മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ആരായിരിക്കുമെന്ന് ബുധനാഴ്ച ഉച്ചയ്ക്കു ശേഷം കാക്കനാട് നിന്ന് പ്രഖ്യാപനമുണ്ടാകും.

മുന്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് ആയി വരുന്ന കീഴ്‌വഴക്കം മുന്‍പ് ഉണ്ടായിട്ടുണ്ട്. ഇപ്രകാരം തീരുമാനമുണ്ടായാല്‍ മാര്‍ ജേക്കബ് മനത്തോടത്തിനായിരിക്കും സാധ്യത. അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച്ബിഷപിനെ കൊണ്ടുവരാന്‍ കഴിഞ്ഞ സിനഡില്‍ തീരുമാനം വന്നതു മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്നത് മാര്‍ മനത്തോടത്തു തന്നെ അഡ്മിനിസ്‌ട്രേറ്റര്‍ ആകുമെന്നതായിരുന്നു. വത്തിക്കാനും താല്‍പര്യമുള്ളയാളുമായിരുന്നു മാര്‍ മനത്തോടത്ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ വിവാദ രേഖാകേസില്‍ അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ കൊണ്ടുവന്നതു തന്നെ ഈ സാധ്യത ഇല്ലാതാക്കാനാണെന്ന സൂചനയുണ്ട്. പ്രതിപ്പട്ടികയില്‍ പേരുള്ളയാളെ അഡ്മിന്‌സ്‌ട്രേറ്റര്‍ ആക്കുന്നതിലെ അനൗചിത്യം ഉയര്‍ത്തിക്കാട്ടിയാല്‍ വത്തിക്കാന്‍ എതിര്‍ക്കില്ല. കേസില്‍ എറണാകുളത്തിന്റെ വികാരത്തിനൊപ്പം ഉറച്ചുനിന്ന മാര്‍ മനത്തോടത്ത് തന്നെ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച്ബിഷപ് ആകുന്നതിനോടാണ് വൈദികര്‍ക്കും അത്മായര്‍ക്കും ഏറ്റവും താല്‍പര്യം. മാര്‍ മനത്തോടത്തിനെ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച്ബിഷപ് ആക്കണമെന്ന ആവശ്യം അത്മായ സംഘടനകള്‍ മുന്നോട്ടുവച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ അദ്ദേഹം അഡ്മിനിസ്‌ട്രേറ്റര്‍ ആകുന്നതിനോട് സിനഡിലെ ബഹുഭൂരിപക്ഷം വരുന്ന വിഭാഗത്തിനും താല്‍പര്യമില്ല.

ചേര്‍ത്തല ചാലില്‍ ഇടവകാംഗമാണ് 69കാരനായ ബിഷപ് കരിയില്‍. സി.എം.ഐ സഭയുടെ പ്രിയോര്‍ ജനറാളും കൊച്ചി പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാളുമായിരുന്നു. സഭയുടെ പ്രശസ്തമായ പല സ്ഥാപനങ്ങളുടെയും ഭരണാധികാരി എന്ന നിലയില്‍ പ്രാഗത്ഭ്യം തെളിയിച്ച പരിചയമുണ്ട്. ബംഗലൂരു ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍, കളമശേരി രാജഗിരി കോളജ് പ്രിന്‍സിപ്പല്‍, രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015ലാണ് മാണ്ഡ്യ ബിഷപ് ആയി ചുമതലയേല്‍ക്കുന്നത്. ഭരണതലത്തില്‍ കുത്തഴിഞ്ഞുകിടക്കുന്ന അതിരൂപതയ്ക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച ഭരണാധികാരിയായിരിക്കും ബിഷപ് കരിയില്‍ എന്നാണ് അദ്ദേഹം അഡ്മിനിസ്‌ട്രേറ്റര്‍ ആകണമെന്ന് വാദിക്കുന്നവരുടെ നിലപാട്. എന്നാല്‍ സി.എം.ഐ സഭയ്ക്കായി നിശ്ചയിച്ചിരിക്കുന്ന രൂപതകള്‍ക്ക് വെളിയിലേക്ക് നിയമനം നടക്കുമോ എന്ന സംശയവും ഇദ്ദേഹത്തിന്റെ കാര്യത്തില്‍ ഉയരുന്നുണ്ട്.

അതിരൂപതാംഗങ്ങളും മിഷന്‍ രൂപതകളില്‍ സേവനം ചെയ്യുന്നവരുമായ പല ബിഷപുമാരുടെയും പേര് ഇതിനകം ചര്‍ച്ച ചെയ്തു കഴിഞ്ഞുവെന്നാണ് സൂചന. ഇവരില്‍ ആര്‍ക്കും സാധ്യത കല്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വത്തിക്കാന്‍ നിര്‍ദേശം വച്ചേക്കും. അങ്ങനെയെങ്കില്‍ ചേര്‍ത്തല കോക്കമംഗലം ഇടവകാംഗവും ജപ്പാനിലെ നൂണ്‍ഷ്യോയുമായ മാര്‍ ജോസഫ് ചേന്നോത്തിനാണ് ഏറ്റവും സാധ്യത. നിലവില്‍ വിരമിക്കല്‍ പ്രായം കഴിഞ്ഞു 78ല്‍ എത്തി നില്‍ക്കുന്നുവെങ്കിലും വത്തിക്കാന് താല്‍പര്യമുള്ളയാള്‍ എന്ന നിലയിലാണ് 2011 മുതല്‍ ജപ്പാനിലെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നത്. ജലന്ധറിന്റെ ഭരണചുമതലയില്‍ നിന്ന് ബിഷപ് ഫ്രാങ്കോയെ മാറ്റിനിര്‍ത്തിയപ്പോള്‍ വത്തിക്കാന്‍ ഭരണാധികാരിയായി നിയോഗിച്ചത് വിരമിച്ച ബിഷപിനെയാണ്. ആ രീതി ഇവിടെയും പ്രയോഗിക്കാം.

1999 മുതല്‍ വത്തിക്കാന്റെ നയതന്ത്ര ചുമതലകള്‍ വഹിച്ചുവരികയാണ്. മധ്യ ആഫ്രിക്ക, ചാഡ്, ടാന്‍സാനിയ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 30നകം അതിരൂപതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച്ബിഷപിനെ നിയോഗിച്ചില്ലെങ്കില്‍ വത്തിക്കാന്റെ ഇടപെടല്‍ വരും. അത്തരമൊരു സാഹചര്യമുണ്ടായാല്‍ മാര്‍ ചേന്നോത്തിന്റെ സാധ്യത കൂടുതലാണ്.

മാര്‍ ചേന്നോത്ത് ആണ് വരുന്നതെങ്കില്‍ സിറോ മലബാര്‍ സഭയുടെ കാര്യത്തില്‍ വത്തിക്കാന് മറ്റുചില ആലോചനകള്‍ കൂടി ഉണ്ടെന്ന് കരുതേണ്ടിവരും. അതിനുള്ള പ്രത്യേക അധികാരങ്ങളുമായി ആയിരിക്കും അദ്ദേഹത്തിന്റെ വരവ്. നിലവില്‍ സിനഡിലെ മുഴുവന്‍ ചര്‍ച്ചകളും വത്തിക്കാന്‍ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. ഞായറാഴ്ച അത്മായര്‍ കാക്കനാട്ടേക്ക് നടത്തിയ റാലി വരെ വത്തിക്കാന്റെ ചെവിയില്‍ എത്തിക്കഴിഞ്ഞു.

സസ്‌പെന്‍ഷനിലുള്ള രണ്ട് സഹായ മെത്രാന്മാരുടെ നിയമനം സംബന്ധിച്ചും 28ന് തീരുമാനമുണ്ടാകും. കേരളത്തിനു പുറത്തുള്ള രൂപതകളിലേക്കായിരിക്കും ഇരുവര്‍ക്കൂം നിയമനം. അത്മായരുടെ പ്രതിഷേധം ഭയന്ന് ഇവരെ ആറു മാസത്തേക്ക് എറണാകുളത്തു തന്നെ തുടരാന്‍ അനുവദിച്ചേക്കും. ജനുവരിയില്‍ അതിരൂപതയ്ക്ക് പുതിയ സഹായ മെത്രാനെ പ്രഖ്യാപിക്കാനും ഇടയുണ്ട്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വിശ്വസ്തനും അതിരൂപതാംഗവുമായ ചേര്‍ത്തല സ്വദേശിയായ വൈദികനെ സഹായ മെത്രാനാക്കാനാണ് നീക്കം. അതേസമയം, അതിരൂപതയിലെ ഭൂരിപക്ഷം വൈദികരും എതിര്‍ക്കുന്നയാളാണ് ഇദ്ദേഹമെന്നതും ശ്രദ്ധേയമാണ്.

രൂപതകളുടെ വിഭജനവും പുതിയ രൂപതകളുടെ രൂപീകരണവും ചര്‍ച്ചാവിഷയമാണ്. എന്നാല്‍ അടുത്ത വര്‍ഷം മാത്രമായിരിക്കും ഇതുസംബന്ധിച്ച് പ്രഖ്യാപനം വരിക. എട്ടോളം പുതിയ രൂപതകളും അത്രയും തന്നെ ബിഷപുമാരും വരും വര്‍ഷങ്ങളില്‍ സിറോ മലബാര്‍ സഭയിലുണ്ടാകും. യൂറോപ്യന്‍ സഭയിലേക്കും പുതിയ ഭരണാധികാരികളെത്തും. ഭൂമി ഇടപാടും വ്യാജരേഖ കേസും ബിഷപുമാരുടെ നിയമനവും അടക്കമുള്ള വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്നാണ് കഴിഞ്ഞ ദിവസം മീഡിയ കമ്മീഷന്‍ ഔദ്യോഗികമായി വ്യക്തമാക്കിയതും.

Top