കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമി കുംഭകോണത്തിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ കുറ്റപത്രം. സഭാസമിതി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടില്‍ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെയും പരാമര്‍ശം. കര്‍ദ്ദിനാള്‍ അറിഞ്ഞു തന്നെയാണ് വിവാദ ഭൂമി ഇടപാടുകള്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പല ഇടപാടുകളും സഭസമിതി അറിയാതെ ദുരൂഹമായാണ് നടന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭൂമി ഇടപാടില്‍ അതിരൂപതയ്ക്ക് 34 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബന്ധപ്പെട്ട വൈദികര്‍ക്ക് ഭൂമി ഇടപാടില്‍ പിഴവ് പറ്റിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം എറണാകുളം അങ്കമാലി അതിരൂപതയിലെ നിര്‍ണ്ണായകമായ വൈദിക സമിതി യോഗം ഇന്ന്. വിവാദ ഭൂമിയിടപാട് ചര്‍ച്ചചെയ്യാനാണ് യോഗം.കൊച്ചിയിലെ അതിരൂപതാ ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ ആരോപണ വിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും.ഭൂമിയിടപാട് അന്വേഷിച്ച വൈദിക കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നത്തെ യോഗത്തില്‍ അവതരിപ്പിക്കും.രണ്ടാഴ്ച മുന്‍പ് ചേര്‍ന്ന വൈദിക സമിതി യോഗത്തില്‍ സീറൊ മലബാര്‍ സഭ ഭൂമിയിടപാട് സംബന്ധിച്ച് മാര്‍പ്പാപ്പക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇന്നത്തെ യോഗത്തിനു ശേഷം പരാതി വത്തിക്കാനിലേക്ക് അയക്കുമെന്നാണ് സൂചന.ഒരു വിഭാഗം വിശ്വാസികള്‍ ഇതിനകം മാര്‍പ്പാപ്പക്ക് പരാതി അയച്ചിരുന്നു.
ആറംഗ വൈദിക കമ്മീഷനാണ് ഭൂമിയിടപാടിനെക്കുറിച്ച് അന്വേഷണം നടത്തുന്നത്.ഈ മാസം 31നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.എന്നാല്‍ ഇന്നത്തെ യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയാകും.എറണാകുളം ജില്ലയുടെ ഹൃദയഭാഗത്ത് അതി രൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ സ്ഥലം നിസ്സാര വിലയ്ക്ക് വിറ്റതും അതിന്‍റെ പണം സഭയുടെ അക്കൗണ്ടില്‍ എത്താതിരുന്നതും ഏറെ വിവാദമായിരുന്നു.
അതേസമയം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് സംബന്ധിച്ച് പൊലീസില്‍ പരാതി ലഭിച്ചു. പോളച്ചന്‍ പുതുപ്പാറ എന്നായാളാണ് കൊച്ചി റേഞ്ച് ഐജിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഭൂമി ഇടപാടിലെ വിശ്വാസവഞ്ചനയും അഴിമതിയും അന്വേഷിക്കണമെന്നാണ് ആവശ്യം. ഈ വിഷയത്തില്‍ ഇതാദ്യമായാണ് പൊലീസില്‍ പരാതി നല്‍കുന്നത്.ഇടപാടില്‍ സമൂഹ സമ്പത്തിന്റെ ദുരുപയോഗം, അഴിമതി, വിശ്വാസ വഞ്ചന, നികുതി വെട്ടിപ്പ് എന്നിവ നടന്നിട്ടുണ്ടെന്നും ഇക്കാര്യം പോലീസ് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു.അലക്‌സൈന്‍ സന്യാസി സഭ സീറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് വില്‍പന നടത്തിയ തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപോയഗിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിനാണ് 100 കോടിയുടെ ഭൂമി വിറ്റത്. എന്നാല്‍ കടം 90 കോടിയായി ഉയരുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു.സീറൊ മലബാര്‍ സഭയുടെ സിനഡ് ഈ മാസം 8 മുതല്‍ നടക്കാനിരിക്കുകയാണ്.ഇതിനു മുന്നോടിയായാണ് വൈദിക സമിതി ഇന്ന് യോഗം ചേരുന്നത്.തെരഞ്ഞടുക്കപ്പെട്ട 40 ഓളം വൈദികര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.