കൊച്ചി: വിവാദമായ സിറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ വിധി. ഭൂമി ഇടപാട് കേസിൽ വിചാരണ നേരിടണമെന്ന തൃക്കാക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് നൽകിയ ഹർജി സെഷൻസ് കോടതി തള്ളി. ഇതോടെ ആർച്ച് ബിഷപ് മാർ ജോർജ്ജ് ആലഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർ കേസില്‍ വിചാരണ നേരിടണം.
എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭാരത് മാതാ കോളേജിന് മുൻവശമുള്ള 60 സെന്‍റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി നടത്തിയതെന്നും ചൂണ്ടികാണിച്ച് പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് സമർപ്പിച്ച ഹർജിയിലായിരുന്നു നേരത്തെ കോടതി കേസ് എടുത്ത് വിചാരണ നേരിടാൻ ഉത്തരവിട്ടത്.
അതേസമയം സിറോ മലബാർ ആസ്ഥാനത്തേക്ക് ഞായറാഴ്ച നടത്താൻ ഇരുന്ന മാർച്ചിൽ നിന്ന് വിമത വിഭാഗം പിൻവാങ്ങി. മാർച്ചിന് പകരമായി പ്രാർത്ഥനാ റാലി നടത്തും. സിനഡിന്റെ അഭ്യർത്ഥന മാനിച്ചാണ് സഭ ആസ്ഥാനത്ത് കുടിൽ കെട്ടി സമരം ചെയ്യുന്നത് ഉൾപ്പടെയുള്ളതിൽ നിന്ന് പിന്മാറുന്നതെന്ന് അങ്കമാലി അതിരൂപതയിലെ അൽമായ മുന്നേറ്റം പ്രതിനിധികൾ അറിയിച്ചു.
തിങ്കളാഴ്ച മുതൽ വ്യക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും വത്തിക്കാന്റെ പേര് പറഞ്ഞ് വിശ്വാസികളെ വഞ്ചിക്കാൻ അതിരൂപതയിലെ വിശ്വാസികൾ അനുവദിക്കില്ലെന്നും അൽമായ മുന്നേറ്റം പ്രതിനിധികൾ കൂട്ടിച്ചേർത്തു.
വ്യാജരേഖ കേസ് പിൻവലിക്കുക, സഹായ മെത്രാൻമാരുടെ സസ്പെൻഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സിനഡിന് നൽകിയ പരാതികളിൽ തീരുമാനം ഉണ്ടാകാത്ത പശ്ചാത്തലത്തിലായിരുന്നു സിറോ മലബാർ സഭാ ആസ്ഥാനത്തേക്ക് ഞായറാഴ്ച മാർച്ച് നടത്താൻ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികളുടെ കൂട്ടായ്മ തീരുമാനിച്ചിരുന്നത്.
16 ഫൊറോനാകളിൽ നിന്നുള്ള പതിനായിരത്തോളം ആളുകളെ പങ്കെടുപ്പിക്കാൻ ആയിരുന്നു വിമത വിഭാഗത്തിന്‍റെ നീക്കം. ഇതിനിടയിലാണ് മാർച്ച് ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി മെത്രാന്മാരുടെ സംയുക്ത പ്രസ്താവന എത്തിയത്. ഭൂമി വിവാദം വ്യാജരേഖ കേസ് അടക്കമുള്ള വിഷയങ്ങളിൽ ഒരു ഭാഗം വൈദികരും വിശ്വാസികളും ഉന്നയിച്ച ആവശ്യങ്ങൾ സിനഡിൽ അനുഭാവപൂർവ്വം ചർച്ചകൾ നടക്കുകയാണ്. തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ മാർപാപ്പയുടെ അന്തിമ അനുമതി ലഭിക്കേണ്ടതുണ്ട്. അതിനുള്ള കാലതാമസമാണ് ഇപ്പോൾ ഉണ്ടാകുന്നതെന്നും മെത്രാന്മാർ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.