കോട്ടയം:മുസ്ലിം ലീഗിനും കോൺഗ്രസിനും യുഡിഎഫിനും എതിരെ കടുത്ത വിമർശനവുമായി സീറോമലബാർ സഭ! സാമ്പത്തിക സംവരണ വിഷയത്തില്‍ മുസ്ലിം ലീഗിനെയും യുഡിഎഫിനെയും അതിരൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കയാണ് സിറോ മലബാര്‍ സഭ. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ‘സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത’ എന്ന തലക്കെട്ടിൽ ദീപിക പത്രത്തിലെഴുതിയ ലേഖനത്തിലാണ് വിമര്‍ശനമുള്ളത്. സംവരണത്തിനെതിരെ മുസ്ലിം ലീഗും അനുബന്ധ കക്ഷികളും നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണെന്ന് കണക്കാക്കാന്‍ കഴിയില്ലെന്നും ലേഖനം വിമര്‍ശിക്കുന്നു. ലേഖനത്തിൽ നിന്ന്.യുഡിഎഫിനെതിരെയും മുസ്ലിം ലീഗിനെതിരെയും രൂക്ഷവിമർശനം ലേഖനത്തിലുണ്ട്.
ദീപികയിലെ എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനമാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിലടക്കം ചർച്ചയായിരിക്കുന്നത്. ലീഗ് സംവരണത്തെ എതിർക്കുന്നത് ആദർശത്തിന്റെ പേരിലല്ല. ലീഗിന്റെ നിലപാടിൽ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്കു വരുന്നു. ഈ വിഷയത്തിൽ അഭിപ്രായം പറയാനാവാത്ത വിധം യുഡിഎഫ് ദുർബലമായോ എന്നും ആർച്ച്ബിഷപ് ചോദിക്കുന്നു. സംവരണ വിഷയത്തിൽ ഇന്നു കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേരാനിരിക്കെയാണ് ലേഖനം പുറത്തുവന്നിരിക്കുന്നത്. ഇതോടെ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ യുഡിഎഫ് നിർബന്ധിതമാകുമെന്നു കരുതുന്നു.
എംഎൽഎമാരുടെ മേൽ യുഡിഎഫിന് നിയന്ത്രണം നഷ്ടമായെന്നും മാർ പെരുന്തോട്ടം വിമർശിച്ചിട്ടുണ്ട്. യുഡിഎഫിന്റെ വെൽഫയർ പാർട്ടി സഖ്യത്തിനെതിരെയും വിമർശനമുണ്ടായി. മുസ്ലിം രാഷ്ട്രമായ ബംഗ്ലാദേശ് പോലും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളെ കഠിന ശിക്ഷകൾക്കു വിധേയരാക്കിയിട്ടുള്ളതാണ്. ഇത്തരം സഖ്യങ്ങളെ മതേതര ചിന്താഗതിക്കാർക്ക് എങ്ങനെ അംഗീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. അതേസമയം, സംവരണ വിഷയത്തിൽ ബിജെപിയുടെയും കമ്യൂണിസ്റ്റ് പാർട്ടികളുടെയും ഇടപെടലുകളെ ആർച്ച്ബിഷപ് എടുത്തുപറയുകയും ചെയ്തു. ബിജെപിയും കമ്യൂണിസ്റ്റ് പാർട്ടിയും ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് എടുത്തെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടന ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്തത് മുസ്ലിം ലീഗിന്റെ രണ്ടു എംപിമാരും എഐഎംഐഎമ്മിന്റെ ഒരു എംപിയുമാണ്. ലീഗിന്റെ നിലപാടുകളില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുന്നു എന്നുള്ളതിന്റെ വ്യക്തമായ ഒരു തെളിവായി ഇതിനെ കരുതാവുന്നതാണെന്നും ലേഖനം നിരീക്ഷിക്കുന്നു. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെയും ലേഖനം വിമർശിക്കുന്നു.
ലീഗിന്റെ വർഗീയ നിലപാടുകൾ ഹാഗിയ സോഫിയ വിഷയത്തിലും നമ്മൾ കണ്ടതാണ്. ഒരു മതത്തിനാകെ എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തും സർക്കാർ ജോലികളിലും 12 ശതമാനം വരെ സമുദായ സംവരണം അനുഭവിച്ചുപോരുന്ന വിഭാഗത്തിന്റെ സംഘടിത മതശക്തി എന്ന നിലയിലുള്ള ലീഗിന്റെ നയങ്ങൾ ഇതര സമൂഹങ്ങൾക്കു ഭീഷണിയാകുന്നുണ്ടോ എന്ന സംശയം ന്യായമാണ്.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് കോടിക്കണക്കിനു രൂപ മുടക്കി നടപ്പാക്കുന്ന പദ്ധതികൾ ഏതാണ്ടു പൂർണമായും മുസ്ലിം സമുദായത്തിനു വേണ്ടി മാത്രമാണ്. സ്കോളർഷിപ്പ് പോലെയുള്ള ആനുകൂല്യങ്ങളിൽ 80 ശതമാനവും ഈ സമുദായത്തിന് മാത്രമായി ഏർപ്പെടുത്തിയിരിക്കുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികൾപോലും സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പിലൂടെ നടപ്പിലാക്കുമ്പോൾ ഇതര ന്യൂനപക്ഷ വിഭാഗങ്ങൾ പുറന്തള്ളപ്പെടുന്നു.
സൗജന്യ കോച്ചിംഗ് സെന്ററുകൾ, മഹൽ സോഫ്റ്റ് തുടങ്ങിയ ധാരാളം സൗജന്യ പദ്ധതികൾ വേറെയും ഉണ്ട്. ഏതെങ്കിലും വിഭാഗത്തിന്റെ മതപഠന ത്തിന് സർക്കാർ സഹായം ലഭിക്കുന്നുണ്ടെങ്കിൽ അത് ഇസ്ലാമിക മതപഠനത്തിനു മാത്രമാണ്. ഇക്കാര്യങ്ങൾ നേടിക്കൊടുക്കുന്നതിൽ ലീഗ് ഉൾപ്പെടെ പുലർത്തിയ ജാഗ്രത മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അതേസമയം, ഇവർ മറ്റു സമുദായങ്ങൾക്കു ലഭിക്കുന്ന തുച്ഛമായ ആനുകൂല്യങ്ങളെപ്പോലും ശക്തമായി എതിർക്കുന്നു എന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാൻ സാധിക്കുന്നത്? സ്വന്തം സമുദായബോധം നല്ലതാണ്, ആവശ്യവുമാണ്. എന്നാൽ അതു മറ്റു സമുദായങ്ങൾക്കു ദോഷകരമാകരുത്.
കേരളത്തിൽ യുഡിഎഫ് മുന്നണിയുടെ രാഷ്ട്രീയ സ്വഭാവത്തിനു മങ്ങലേറ്റിട്ടുണ്ടോ? സാമ്പത്തിക സംവരണത്തിൽ ഉൾപ്പെടെ പല വിഷയങ്ങളിലും സ്വന്തമായി ഒരു നിലപാട് പ്രഖ്യാപിക്കാൻ സാധിക്കാത്തവിധം ഈ മുന്നണി ദുർബലമായിരിക്കുകയാണോ? മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് അതിന്റെ ദേശീയ നിലപാടിനെപ്പോലും അനുകൂലിക്കാൻ സാധിക്കാത്തതെന്ത്? വ്യത്യസ്ത നിലപാടുകൾ പരസ്യമായി പറയുന്ന എംഎൽഎമാരുടെ മേൽ പാർട്ടിക്കു കാര്യമായ നിയന്ത്രണമില്ലാത്തതുപോലെ തോന്നുന്നു. ഈ മുന്നണിക്ക് ഒരു പ്രകടനപത്രിക പോലും പുറത്തിറക്കാൻ സാധിക്കുമോ എന്നു സംശയമുണ്ട്.
ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടിയുമായിപ്പോലും സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണുള്ളത്. ഒരു മുസ്ലിം രാഷ്ട്രമായ ബംഗ്ലാദേശ് പോലും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളെ കഠിന ശിക്ഷകൾക്ക് വിധേയരാക്കിയിട്ടുള്ളതാണ് എന്നു പറയുമ്പോൾ ഇവരുടെ ഭീകരതയുടെ ആഴം മനസിലാകുമല്ലോ. ഇത്തരം സഖ്യങ്ങളെ മതേതര ചിന്താഗതിക്കാർക്ക് എങ്ങനെ അംഗീകരിക്കാൻ സാധിക്കും?
രാജ്യത്ത് സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി പാസാക്കിയെടുത്ത് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കിയ ബിജെപിയുടെ നിലപാട് കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല. അവർ ഇക്കാര്യത്തിൽ സ്വീകരിച്ച ശക്തമായ നിലപാടുതന്നെയാണു സാന്പത്തിക സംവരണം ഇപ്പോൾ ഇന്ത്യയിൽ പ്രായോഗികമാകാൻ കാരണം.
ജാതി- മത രഹിത സമൂഹങ്ങൾ രൂപീകരിക്കുക എന്നതും ദരിദ്രരെ ഉദ്ധരിക്കുക എന്നതും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ആദർശങ്ങളിൽ ഉൾപ്പെട്ട കാര്യങ്ങളാണല്ലോ. അവരുടെ ഈ ആദർശങ്ങൾക്ക് എതിരല്ല സാന്പത്തിക സംവരണം എന്ന ആശയം. ജാതി-മത ചിന്തകൾക്കതീതമായി അവശത അനുഭവിക്കുന്നവരെ പരിഗണിക്കുക എന്ന ആശയത്തെ ഒരിക്കലും നിരാകരിക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കു സാധിക്കുകയില്ല.
അതുകൊണ്ടുതന്നെ കേരളത്തിലെ എൽഡിഎഫ് സംവിധാനം, ഇതുവരെ യാതൊരു സംവരണവും ലഭിക്കാത്ത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണത്തെ അംഗീകരിക്കുകയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അവരുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിക്കു ശേഷം സംസ്ഥാനത്ത് ഈ സംവരണം നടപ്പിലാക്കിയതിൽ കാലതാമസം ഉണ്ടായി എന്ന വസ്തുത നിലനിൽക്കുമ്പോഴും ചില പരിമിതികളോടെയാണെങ്കിലും ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കി എന്നതു സ്വാഗതാർഹമാണ്.
ഇതുവരെ യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27ശതമാനത്തിൽ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇഡബ്ല്യൂഎസ്.) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് തികച്ചും ഖേദകരമാണ്. എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നതെന്ന് കരുതാന്‍ സാധിക്കില്ല. സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണ്.