കൊലപാതകങ്ങളിൽ തനിക്ക് പങ്കില്ലെന്ന് ഷാജു.ജോളി തന്നെ കുടുക്കാൻ ശ്രമിക്കുന്നു.കൂസലില്ലാതെ ജോളി വനിതാ ജയിലിൽ.

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ അറസ്റ്റുണ്ടാകും. മുഖ്യപ്രതി ജോളി ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കൊലപതാക പരമ്പരകളിൽ താൻ നിരപരാധിയാണെന്ന് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടില്ല. ഭാര്യയുടെയും കുഞ്ഞിന്റെയും കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ഷാജു മാധ്യമങ്ങളോട് വ്യക്തമാക്കി. ചോദ്യം ചെയ്ത ശേഷം അന്വേഷണ സംഘം ഷാജുവിനെ വിട്ടയക്കുകയായിരുന്നു.

ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ ജോളിയെ പൂർണമായും തള്ളിപ്പറയാനാകില്ല. അന്വേഷണം പൂർത്തിയാകട്ടെയെന്നും ഷാജു വ്യക്തമാക്കി. ജോളി തനിക്കെതിരെ മൊഴി നൽകിയിട്ടുണ്ട് എന്ന വാർത്തകൾ സത്യമാണെങ്കിൽ അത് തന്നെ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇപ്പോഴീ കുറ്റത്തിലും കേസിലും ജോളി ഒറ്റയ്ക്കാണല്ലോ. ജോളിയുടെ കൂടെ ഒരാളെ കൂടി കുടുക്കണമെന്ന താൽപര്യത്തിലാണ് ഇതൊക്കെ പറഞ്ഞതെന്നും ഷാജു പറഞ്ഞു. കേസിൽ തനിക്ക് ഭയപ്പെടാൻ ഒന്നുമില്ലെന്നും ഷാജു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോളിയുടെ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചോ സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ തനിക്ക് അറിയില്ല. ജോളിക്ക് അവരുടേതായ സ്വാതന്ത്രവും എനിക്ക് എന്റേതായ സ്വാതന്ത്രവും ഉണ്ടായിരുന്നു. അവരുടെ സ്വാതന്ത്രത്തിൽ അനാവശ്യ ഇടപെടലുകൾ നടത്തിയിട്ടില്ല. ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചോ രേഖകളെക്കുറിച്ചോ ഒന്നും അറിയില്ലെന്നും ഷാജു വ്യക്തമാക്കി. ജീവിതത്തിൽ ജാഗ്രത കുറവ് ഉണ്ടായെന്നും അങ്ങനെയുണ്ടായാൽ അതിന്റെ പരിണിത ഫലങ്ങൾ നമ്മൾ തന്നെ അനുഭവിക്കേണ്ടി വരുമെന്നും ഷാജു പറഞ്ഞു. മകളുടെ മരണകാരണം ചിക്കൻപോക്സോ ഭക്ഷണം നെറുകയിൽ കയറിയതോടെ ആണെന്നാണ് അന്ന് കരുതിയത്. അന്ന് യാതൊരു സംശയവും തോന്നിയിരുന്നില്ല. പിഞ്ചു കുഞ്ഞല്ലെ ഒന്നും പറയാനാകില്ലെന്നാണ് അന്ന് ഡോക്ടർമാരും പറഞ്ഞത്. കുഞ്ഞുശരീരം കീറിമുറിക്കേണ്ടതില്ല എന്നാണ് അന്ന് കരുതിയത്. എന്നാൽ നിലവിലെ സംഭവങ്ങൾ കാണുമ്പോൾ അന്ന് പോസ്റ്റ് മോർട്ടം നടത്തയാൽ മതിയായിരുന്നു എന്ന് തോന്നുന്നുവെന്നും ഷാജു വിശദീകരിച്ചു.

ഷാജുവിനും സക്കറിയയ്ക്കും കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നു എന്നാണ് ജോളി മൊഴി നൽകിയിരിക്കുന്നത്. അതിനാലാണ് പോലീസ് ഷാജുവിനേയും സക്കറിയയേയും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയത്. അതേസമയം മൃതദേഹങ്ങളിൽ സയനേഡിന്റെ സാന്നിധ്യം ഉണ്ടോയെന്ന് സ്ഥിരീകരിക്കാനായി വിദേശ പരിശോധനയ്ക്ക് അയക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.

അതിനിടെ ജോളിയെ സ്വത്ത് തട്ടിയെടുക്കാൻ സഹായിച്ചത് പ്ര​ദേശത്തെ കോൺഗ്രസ്‌, മുസ്ലിംലീഗ്‌ നേതാക്കളെന്ന് സൂചന കിട്ടിയിട്ടുണ്ട് .ഒരു ഡിസിസി ഭാരവാഹി വ്യാജരേഖ ചമയ്ക്കാൻ ജോളിക്ക് ഒത്താശ ചെയ്തതായാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. ഒസ്യത്ത്‌ തയ്യാറാക്കുന്നതിലുൾപ്പെടെ ഇയാളുടെ സഹായം ലഭിച്ചതായാണ്‌ വിവരം. ജോളിയുമായി ഇദ്ദേഹത്തിന്‌ സാമ്പത്തിക ഇടപാടുള്ളതായും സംശയിക്കുന്നു.

രണ്ട് ക്രിമിനൽ അഭിഭാഷകരും സംശയനിഴലിലാണ്‌. ഇവരുൾപ്പെടെ ഇതുവരെ ചോദ്യംചെയ്യാത്ത 11 പേരിലേക്കും അന്വേഷണം നീളും. ജോളിയുടെ ഫോൺ രേഖകൾ പരിശോധിച്ച് ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക തയ്യാറാക്കി.കോഴിക്കോട്‌ വനിത ജയിലിൽ റിമാൻഡിലുള്ള ജോളിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ്‌ ബുധനാഴ്ച കോടതിയെ സമീപിക്കും. മറ്റു പ്രതികളായ മാത്യുവും പ്രജികുമാറും ഇപ്പോൾ കോഴിക്കോട്‌ ജില്ലാ ജയിലാണ്.

ഞായറാഴ്ച സയന്റിഫിക് വിദ​ഗ്ധരുടെ സഹായത്തോടെ കൂടത്തായി പൊന്നാമറ്റത്തെ വീട്‌ പൊലീസ് പരിശോധിച്ച്‌ പൂട്ടി സീൽചെയ്‌തു. ഭർത്താവ്‌ റോയിയെ കൊല്ലാൻ ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്ത ജ്വല്ലറി ജീവനക്കാരൻകൂടിയായ റോയിയുടെ അമ്മാവന്റെ മകൻ കാക്കവയൽ മഞ്ചാടിയിൽ വീട്ടിൽ സജി എന്ന എം എസ് മാത്യു, മാത്യുവിന് സയനൈഡ് നൽകിയ സ്വർണപ്പണിക്കാരനായ താമരശേരി പള്ളിപ്പുറം തച്ചംപൊയിൽ മുള്ളമ്പലത്തിൽ വീട്ടിൽ പ്രജികുമാർ എന്നീ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ അന്വേഷണം കൂടുതൽപേരിലേക്ക്‌ നീങ്ങുന്നത്‌.

Top