‘ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’ 20 വർഷത്തിന് ശേഷം കാബൂളിൽ താലിബാൻ ഭരണം. പുറത്തുകടക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പോകാമെന്ന് താലിബാൻ

കാബൂൾ :അഫ്ഗാൻ തലസ്ഥാന നഗരമായ കാബൂളും താലിബാൻ പിടിച്ചടക്കി. അഫ്ഗാനിസ്ഥാന്റെ അധികാരരം ഇനി താലിബാന്റെ കൈവശം . അഫ്ഗാന്റെ പേര് ‘ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’ എന്നാക്കി ഉടൻ പ്രഖ്യാപിക്കുമെന്നു താലിബാൻ അറിയിച്ചു. ആക്രമണത്തിന് ഉദ്ദേശ്യമില്ലെന്നും നഗരത്തില്‍ നിന്ന് പുറത്തുകടക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സുരക്ഷിത വഴിയൊരുക്കുമെന്നും താലിബാന്‍ പ്രസ്താവനയിറക്കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ, യുഎസ് താലിബാനെ പുറത്താക്കുന്നതിനു മുൻപ് അഫ്ഗാന്റെ പേര് ഇങ്ങനെയായിരുന്നു.

അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽനിന്നാകും പ്രഖ്യാപനം. കാബൂളിലെ 11 ജില്ലാ കേന്ദ്രങ്ങളുടെയും പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തെന്നും താലിബാൻ വക്താക്കൾ വാർത്താ ഏജൻസി റോയിട്ടേഴ്സിനോടു പറഞ്ഞു.താലിബാന്റെ പ്രസ്താവന പുറത്ത് വന്നിട്ടും ജനങ്ങള്‍ നഗരം ഉപേക്ഷിച്ച് പലായനം ചെയ്യാനുള്ള ശ്രമത്തിലാണ്. സമാധാനപരമായി അധികാരം കൈമാറുന്നതിനായി അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം. സര്‍ക്കാര്‍ നേതൃത്വത്തിലുള്ള കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്നും താലിബാന്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവനും പണവും സ്ഥാപനങ്ങളും സായുധ സംഘത്താല്‍ അക്രമിക്കപ്പെടില്ല. ബാങ്കുകള്‍ക്കും വ്യാപാരികള്‍ക്കും മറ്റ് സംരംഭകര്‍ക്കും സംരക്ഷണം നല്‍കാന്‍ ശ്രമിക്കുന്നതായി മറ്റൊരു പ്രസ്താവനയും അവര്‍ പുറത്തിറക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, അഫ്ഗാനിൽ ഭരണനിയന്ത്രണത്തിനു മൂന്നംഗ താൽക്കാലിക സമിതിയെ നിയോഗിച്ചതായി റിപ്പോർട്ടുണ്ട്. താലിബാൻ പ്രതിനിധിയും സമിതിയിലുണ്ടെന്നാണു സൂചന. മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലാണു സമിതി. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള യാത്രാവിമാനങ്ങളുടെ സർവീസ് നിർത്തി. സൈനിക വിമാനങ്ങൾക്കു മാത്രമേ അനുമതി നൽകുകയുള്ളൂവെന്നു നാറ്റോ അറിയിച്ചു. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യംവിട്ട് തജിക്കിസ്ഥാനിലേക്കു പോയെന്നാണു വിവരം. അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവച്ചതായും സൂചനയുണ്ട്. താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗനി ബറാദര്‍ അഫ്ഗാന്റെ അധികാരം ഏറ്റെടുക്കുമെന്ന അഭ്യൂഹവും നിലനിൽക്കുന്നു.

രാജ്യത്തിന്റെ മൂന്നിൽരണ്ടു പ്രദേശങ്ങളും കീഴടക്കിയാണു താലിബാൻ കാബൂളിലെത്തിയത്. ഗസ്നി അടക്കം പ്രധാനപ്പെട്ട പ്രവിശ്യ തലസ്ഥാനങ്ങളും ഹെറാത്ത് ഉൾപ്പെടെ പ്രധാനപ്പെട്ട നഗരങ്ങളുമെല്ലാം താലിബാന്റെ അധീനതയിലായി. അധികാരം കൈമാറില്ലെന്നും താലിബാൻ തലസ്ഥാനത്തു പ്രവേശിക്കാതിരിക്കാൻ പ്രതിരോധം തീർക്കുമെന്നും പ്രഖ്യാപിച്ച അഷ്റഫ് ഗനി, നാലു വശങ്ങളിൽനിന്നും താലിബാൻ വളഞ്ഞപ്പോൾ നിലനിൽപ്പില്ലാതെ തീരുമാനം മാറ്റി. സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാകുമെന്നാണ് ആഭ്യന്തര മന്ത്രി അബ്ദുൽ സത്താർ മിർസാക്‌വാൽ പറഞ്ഞത്.

അഫ്ഗാന്‍ സൈന്യത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് അപ്രതീക്ഷിത വേഗത്തിലാണു താലിബാന്‍ കാബൂളിലെത്തിയത്. ഭരണകൂടത്തെ അനുകൂലിക്കുന്നവര്‍ക്ക് മുന്‍തൂക്കമുണ്ടെന്ന് കരുതിയ മസാരെ ഷെരീഫും ജലാലാബാദും അനായാസേന താലിബാന്‍ കീഴടക്കിയപ്പോള്‍ അഫ്ഗാന്റെ വിധി വ്യക്തമായിരുന്നു. ബലം പ്രയോഗിച്ച് അധികാരം ഏറ്റെടുക്കില്ലെന്നാണു താലിബാൻ വക്താക്കൾ പറയുന്നത്. 9/11 ഭീകരാക്രമണത്തിനു പിന്നാലെ 20 വർഷം മുൻപ് യുഎസ് കാബൂളിൽനിന്ന് പുറത്താക്കിയതാണു താലിബാനെ. പിന്നീട് ഇപ്പോഴാണു തലസ്ഥാന നഗരിയിലേക്ക് ഇവർ ഇരച്ചുകയറുന്നതും രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതും.

അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷമാണ് ആക്രമണം ആരംഭിച്ചത്. സെപ്റ്റംബര്‍ 11 ഓടെ രണ്ട് ദശാബ്ദക്കാലത്തെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തീരുമാനിച്ചിരുന്നു. വാഷിംഗ്ടണും ലണ്ടനും വ്യാഴാഴ്ച രാത്രിയില്‍ തങ്ങളുടെ എംബസി ജീവനക്കാരെയും മറ്റ് പൗരന്മാരെയും തലസ്ഥാനത്ത് നിന്ന് പിന്‍വലിക്കാന്‍ ആരംഭിച്ചിരുന്നു. ‘കാബൂളിലെ സുരക്ഷാ സാഹചര്യങ്ങള്‍ പരിഗണിച്ച് സിവിലിയന്‍സിന്റെ എണ്ണം കുറയ്ക്കുമെന്ന്’ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം എംബസി തുറന്ന് പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.

അടുത്ത 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ 3,000 യുഎസ് സൈനികരെ കാബൂളിലേക്ക് വിന്യസിക്കുമെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ താലിബാനെതിരെ ആക്രമണം നടത്താന്‍ അവരെ ഉപയോഗിക്കില്ലെന്നും അടിവരയിടുന്നു.ലണ്ടന്‍ സ്വദേശികളെയും മുന്‍ അഫ്ഗാന്‍ ജീവനക്കാരെയും ഒഴിപ്പിക്കാന്‍ ലണ്ടന്‍ 600 സൈനികരെ അയക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു. അഫ്ഗാന്‍ വ്യാഖ്യാതാക്കളെയും അമേരിക്കക്കാരെ സഹായിച്ച മറ്റുള്ളവരെയും ഒഴിപ്പിക്കാന്‍ അമേരിക്ക പ്രതിദിന വിമാനങ്ങള്‍ അയയ്ക്കാന്‍ തുടങ്ങുമെന്ന് പ്രൈസ് പറഞ്ഞു.

മെയ് അവസാനം അമേരിക്കന്‍ സേന അഫ്ഗാന്‍ വിടാന്‍ തുടങ്ങിയതോടെയാണ് രാജ്യത്ത് താലിബാന്‍ പോരാളികളും അഫ്ഗാന്‍ സേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായത്. ഇതുവരെ രാജ്യത്തെ ഗ്രാമ പ്രദേശങ്ങള്‍ കീഴടക്കിയിരുന്ന താലിബാന്‍ പെട്ടെന്ന് നഗരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഒരു ഡസനോളം സംസ്ഥാന തലസ്ഥാനങ്ങളും താലിബാന്‍ വിരുദ്ധ ചേരിയില്‍ നിന്നിരുന്ന മസാറേ ശരീഫും താലിബാന്‍ അധീനതയിലായിട്ടുണ്ട്. താലിബാന്‍ അനുകൂലികളായ ട്വിറ്റര്‍ ഉപയോക്താക്കള്‍ യുദ്ധത്തിന്റെ ചിത്രങ്ങള്‍ നിരന്തരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. താലിബാന്‍ പിടിച്ചെടുത്ത വാഹനങ്ങള്‍, ആയുധങ്ങള്‍, ഡ്രോണ്‍ എന്നിവയുടെ ചിത്രങ്ങളും ഇതില്‍പ്പെടുന്നു. വ്യാഴായ്ച ദീര്‍ഘ കാലത്തെ പ്രതിരോധത്തിന് ശേഷം അഫ്ഗാന്‍ സേന ഹെറാത് നഗരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതേതുടര്‍ന്ന് താലിബാന്‍ സേന നഗരം കീഴടക്കുകയും മുഴുവന്‍ ഭാഗങ്ങളിലും തങ്ങളുടെ പതാക നാട്ടുകയും ചെയ്യുകയായിരുന്നു.

Top