എസ് വി പ്രദീപ്
ചെന്നൈ :ജയലളിതയ്ക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നം നല്‍കുന്നതില്‍ ബി ജെ പി യില്‍ കടുത്ത ഭിന്നത. ഇക്കാര്യത്തില്‍ പെട്ടന്നൊരു തീരുമാനം ഉണ്ടാകാനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റു തുടങ്ങി. തമിഴ്നാട് മന്ത്രിസഭ മുന്നോട്ട് വച്ച ആവശ്യം അംഗീകരിക്കരുതെന്ന് ബി ജെ പി തമിഴ്നാട് ഘടകം കേന്ദ്ര സര്‍ക്കാരിനോടും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തോടും ആവശ്യപ്പെട്ടു. വിഷയം പാര്‍ട്ടി കോര്‍കമ്മറ്റി അനൗപചാരികമായി ചര്‍ച്ച ചെയ്തു. ജയലളിതയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം നല്‍കരുതെന്ന ബി ജെ പി സംസ്ഥാന ഘടകത്തിന്‍റെ നിലപാടിനോട് യോജിക്കുകയാണ് എല്‍ കെ അദ്വാനി മുരളീമനോഹര്‍ ജോഷി ക്യാമ്പ്. ഇവര്‍ കടുത്ത ഭാഷയില്‍ വിയോജിപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ എ ഐ എ ഡി എം കെ യുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കേണ്ടതുണ്ടെന്നാണ് മോദി അമിത് ഷാ ക്യാമ്പിന്‍റെ നിലപാട്. വെങ്കയ്യ നായിഡുവും നിര്‍മ്മല സീതാരാമനുമാണ് ഈ ക്യാമ്പിനായി പ്രവര്‍ത്തിക്കുന്നത്.
Also Read :‘മരിക്കുന്നെങ്കില്‍…അത്… എം.ജി.ആര്‍ മരിച്ച അതേസമയത്തിലും തീയതിയിലും മാസത്തിലും’
കറകളഞ്ഞ വ്യക്തിത്വങ്ങള്‍ക്കാണ് പരമോന്നത ബഹുമതിയായ ഭാരതരത്നം നല്‍കുന്നത്. ജയലളിത അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച വ്യക്തിത്വമാണെന്നാണ് വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് ബി ജെ പി തമിഴ്നാട് ഘടകം കേന്ദ്രത്തിന് നല്‍കിയ കത്തില്‍ പറയുന്നത്. 1991 ല്‍ ആദ്യമായി മുഖ്യമന്ത്രിയായ ശേഷം ജയലളിതയുടെ സ്വത്തില്‍ അഭൂതപൂര്‍വമായ വര്‍ദ്ധന ഉണ്ടായെന്ന ബംഗ്ലൂരു കോടതി പരാമര്‍ശം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ച് വര്‍ഷം കോണ്ട് (1991-1996) രണ്ട് കോടിയുടെ സ്വത്ത് 66 കോടിയായി വര്‍ദ്ധിച്ചു. 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനകേസില്‍ 1996 ല്‍ ഡോ സുബ്രഹ്മണ്യം സ്വാമി ജയലളിതയ്ക്കെതിരെ നല്‍കിയ പരാതി അദ്വാനി – ജോഷി ക്യാമ്പ് മുന്നോട്ട് വയ്ക്കുന്നു. 28 ക്ഗ് സ്വര്‍ണം, 750 ജോഡി ചെരുപ്പ്, 10050 സാരി, 91 വാച്ച് തുടങ്ങിയവ തെളിവുകളാക്കി 23 വര്‍ഷത്തെ വാദംപറച്ചിലിന് ശേഷം ബംഗ്ലൂരു കോടതി ജയലളിതയെ അഴിമതികേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തി നാല് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 26 ദിവസം ജയലളിത ജയിലില്‍ കഴിഞ്ഞിരുന്നു. 2015 മേയ് മാസത്തില്‍ കര്‍ണാടക ഹൈകോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയിരുന്നു. ഇത്തരം വസ്തുതകള്‍ വിശദമായി അദ്വാനി – ജോഷി ക്യാമ്പും പാര്‍ട്ടി സംസ്ഥാന ഘടകവും ഉയര്‍ത്തുന്നു.
എന്നാല്‍ ഭാരതരത്നം ലഭിക്കണം എന്നത് ജയലളിതയുടെ ആഗ്രഹമായിരുന്നു.1988 ല്‍ എം ജി ആറിന് മരണാനന്തര ബഹുമതിയായി ഭാരതരത്നം നല്‍കിയിരുന്നു. ശേഷം1989 ല്‍ നടന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എ ഐ എ ഡി എം കെ സഖ്യം 39 ല്‍ 38 സീറ്റുകളിലും സ്വന്തമാക്കിയിരുന്നു. ഇത് മാതൃകയാക്കി വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും 2019 ലോകസ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാമെന്നാണ് മോദി – ഷാ ക്യാമ്പിന്‍റെ കണക്കുകൂട്ടല്‍.
പക്ഷേ എം ജി ആറിന് ഭാരതരത്നം നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഒട്ടേറെ വിവാദങ്ങള്‍ അദ്വാനി – ജോഷി ക്യാമ്പ് മുന്നോട്ട് വയ്ക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി കൊണ്‍ഗ്രസും രാജീവ് ഗാന്ധിയും അവിഹിത ഇടപെടല്‍ നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. അത്തരം സാഹചര്യം ആവര്‍ത്തിക്കുന്നത് പുതിയകാല രാഷ്ട്രീയത്തില്‍ മാതൃകാപരമല്ലാത്ത കീഴ് വഴക്കങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്ക അദ്വാനി – ജോഷി ക്യാമ്പ് മൂന്നോട്ട് വയ്ക്കുന്നു.
എസ് വി പ്രദീപ്, ന്യൂസ് എഡിറ്റര്‍, മംഗളം ടെലിവിഷന്‍. 9495827909 https://www.facebook.com/svpradeeptvm