അത്ഭുതം തീർത്ത് മെറ്റാവേഴ്‌സിലെ തമിഴ് കല്യാണം. ദിനേഷ് എസ്പി, ജനകനന്ദിനി രാമസ്വാമി എന്നിവരുടെ വിവാഹം ഫെബ്രുവരി ആറിന് തമിഴ്‌നാട്ടിലെ ചെറുഗ്രാമമായ ശിവലിംഗപുരത്ത് വച്ചാണ് നടന്നത്. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിര്‍ച്വല്‍ ലോകത്ത് വെച്ച് വിവാഹത്തില്‍ പങ്കെടുക്കാനായി.
മെറ്റാവേഴ്‌സ് സാങ്കേതിക വിദ്യകള്‍ പരിണാമത്തിന്റെ ആദ്യഘട്ടത്തിലാണെങ്കിലും മെറ്റാവേഴ്‌സിന്റെ സാധ്യതകള്‍ ഇതിനകം തന്നെ പല മേഖലകളിലും പരീക്ഷിക്കപ്പെടുന്നുണ്ട്. വിര്‍ച്വല്‍ റിയാലിറ്റി, ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യകളുടെയെല്ലാം സഹായത്തോടെ സൃഷ്ടിച്ചെടുക്കുന്ന ത്രിഡി ലോകമാണ് മെറ്റാവേഴ്‌സ്.
അനുബന്ധ ഉപകരണങ്ങളുടെ സഹായത്തോടെ മെറ്റാവേഴ്‌സില്‍ പ്രവേശിക്കുന്നവര്‍ക്ക് മറ്റുള്ളവരെ കാണാനും പരസ്പരം സംസാരിക്കാനും സാധിക്കും. എല്ലാവര്‍ക്കും സ്വന്തമായി അവതാറുകളും മെറ്റാവേഴ്‌സിൽ ഉണ്ടാകും.
കോവിഡ് നിയന്ത്രണങ്ങളുടെ ഫലമായി വിവാഹച്ചടങ്ങുകള്‍ക്ക് ആളുകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ നിര്‍ബന്ധിതനായതോടെയാണ് നാട്ടില്‍വെച്ച് കുറച്ചുപേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താനും റിസപ്ഷന്‍ വിര്‍ച്വലായി മെറ്റാവേഴ്‌സില്‍ വെച്ച് നടത്താനും തീരുമാനിച്ചത് എന്ന് ദിനേശ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ദിനേശ്.
ടാര്‍ഡി വേഴ്‌സ് എന്ന സ്റ്റാര്‍ട്ട് അപ്പ് ആണ് മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ റിസപ്ഷന്‍ നടത്തുന്നതിനുള്ള മെറ്റാവേഴ്‌സ് നിര്‍മിച്ചെടുത്തത്. അതിഥികള്‍ക്കും വധുവിനും വരനും വേണ്ടിയുള്ള അവതാറുകളും നിര്‍മിച്ചു. വധുവിന്റെ മരിച്ചുപോയ പിതാവിന്റെ അവതാറും ഇവർ നിര്‍മിച്ചിരുന്നു.
മെറ്റാവേഴ്‌സില്‍ നടന്ന ഈ വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പരിപാടിയോടനുബന്ധിച്ച് ചെന്നൈയില്‍നിന്നു ഒരു സംഗീത പരിപാടിയും മെറ്റാവേഴ്‌സില്‍ നടത്തി.
വിവാഹത്തിന് വേണ്ടി പ്രത്യേക എന്‍എഫ്ടി യും ഇവർ പുറത്തിറക്കിയിരുന്നു. ഗാര്‍ഡിയന്‍ ലിങ്ക് പുറത്തിറക്കിയ സ്‌പെഷ്യല്‍ എഡിഷന്‍ എന്‍എഫ്ടികള്‍ ബിയോണ്ട് ലൈഫ് ക്ലബ് മാര്‍ക്കറ്റ് പ്ലേസ് വഴി ലഭ്യമാണ്.
ഐഐടി മദ്രാസിലെ പ്രൊജക്ട് അസിസ്റ്റന്റ് ആണ് ദിനേശ്. ക്രിപ്‌റ്റോ കറന്‍സി, ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ദിനേശ് കഴിഞ്ഞ ഒരു വര്‍ഷമായി ക്രിപ്‌റ്റോകറന്‍സിയായ എഥീറിയം മൈനിങിലാണ്. വിവാഹം നിശ്ചയിച്ചപ്പോള്‍ തന്നെ മെറ്റാവേഴ്‌സില്‍ വെച്ച് അത് നടത്തിയാലോ എന്ന് ചിന്തിച്ചു എന്ന് അത് വധുവിനും ഇഷ്ടമായി എന്നും ദിനേശ് പറഞ്ഞു.