ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരായി നീങ്ങാന്‍ പ്രമുഖ പ്രാദേശിക കക്ഷികളുടെ തീരുമാനം. ആന്ധ്രപ്രദേശ് ഭരണകക്ഷിയായ തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി) ബി.ജെ.പി സഖ്യത്തില്‍ നിന്ന് പുറത്തേക്ക് വന്നതിനി പിന്നാലെയാണ് പുതിയ നീക്കം നടക്കുന്നത്. എന്‍ഡിഎ വിട്ടതിനു പിന്നാലെ പാര്‍ലമെന്റിലും സര്‍ക്കാരിനെതിരെ തിരിഞ്ഞ് തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി). ലോക്‌സഭയില്‍ ടിഡിപി നേതാവ് തൊട്ട നരസിംഹം അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നല്‍കി. വൈഎസ്ആർ കോൺഗ്രസും അവിശ്വാസത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
അതിനിടെ, ഉപതെരഞ്ഞെടുപ്പില്‍ ഒതുങ്ങുന്നതല്ല യു.പിയിലെ ബി.എസ്.പി -സമാജ്‌വാദി പാര്‍ട്ടി സഖ്യമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിച്ചു.
ഉപതെരഞ്ഞെടുപ്പു വിജയത്തിനു തൊട്ടുപിന്നാലെ ബി.എസ്.പി നേതാവ് മായാവതിയെ വസതിയില്‍ ചെന്നുകണ്ട് അദ്ദേഹം നന്ദി അറിയിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പ്രാദേശിക കക്ഷികള്‍ക്കൊപ്പം പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പു മുന്‍നിര്‍ത്തിയുള്ള നീക്കുപോക്കു ശ്രമങ്ങള്‍ വേഗത്തിലാക്കി. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്‍.സി.പി നേതാവ് ശരദ്പവാറുമായി പ്രത്യേക ചര്‍ച്ച നടത്തി.
യു.പി, ബിഹാര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റതിനു തൊട്ടുപിന്നാലെ സവിശേഷ സാഹചര്യങ്ങളാണ് രൂപപ്പെട്ടത്.
ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കിക്കൊണ്ട് അധിക കേന്ദ്രസഹായം അനുവദിക്കണമെന്ന ആവശ്യവുമായി തുടര്‍ച്ചയായി ഒമ്ബതു ദിവസം പാര്‍ലമന്റെ് സ്തംഭിപ്പിക്കുന്ന ആന്ധ്രപ്രദേശ് കക്ഷികള്‍ മോദിസര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്നത് ബി.ജെ.പി പാളയത്തില്‍ വലിയ അമ്ബരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ടി.ഡി.പി പോയാല്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാമെന്ന വിധത്തിലായിരുന്നു ബി.ജെ.പിയില്‍ ഇതുവരെ ചിന്താഗതി.
ആന്ധ്രപ്രദേശിന്റെ ആവശ്യത്തോട് കേന്ദ്രം പുറംതിരിഞ്ഞു നില്‍ക്കുന്നതാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും ജഗന്‍ റെഡ്ഡിയെയും അടുപ്പിക്കുന്നത്. ഒമ്പത് എം.പിമാരുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വെള്ളിയാഴ്ച കൊണ്ടുവരുന്ന അവിശ്വാസ പ്രമേയവുമായി സഹകരിക്കാന്‍ ജഗന്‍ റെഡ്ഡിയുടെ കത്തുമായി കോണ്‍ഗ്രസ്, സി.പി.എം നേതാക്കളെ സമീപിച്ചിട്ടുണ്ട്.
അതിനൊപ്പമാണ് 16 അംഗങ്ങളുള്ള ടി.ഡി.പിയുടെ പിന്തുണവാഗ്ദാനം. വെള്ളിയാഴ്ച ഹൈദരാബാദില്‍ ചന്ദ്രബാബു നായിഡു വിളിച്ചിരിക്കുന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോ യോഗം എന്‍.ഡി.എ സഖ്യം വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചേക്കും.
അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി കിട്ടണമെങ്കില്‍ 54 എം.പിമാരുടെ പിന്തുണ വേണം. തങ്ങളുടെ ആവശ്യത്തോടുള്ള പ്രതികരണത്തെ ആശ്രയിച്ചാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നടപടികള്‍ ഊര്‍ജിതമാക്കുക.
2017, 2018 വര്‍ഷങ്ങളിലെ 10 ഉപതെരഞ്ഞെടുപ്പുകളില്‍ ഒന്നിലും ജയിക്കാന്‍ കഴിയാത്ത ബി.ജെ.പിക്ക് ലോക്‌സഭയില്‍ ഇപ്പോഴും ഒറ്റക്ക് കേവല ഭൂരിപക്ഷം ഉണ്ടെങ്കിലും, നേരിയതാണ്. അവിശ്വാസം പാസാകണമെന്നില്ല. എന്നാല്‍ പൊതുതെരഞ്ഞെടുപ്പിലേക്ക് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കേ, വിശ്വാസവോട്ട് തേടേണ്ട സാഹചര്യം ഉണ്ടാവുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷീണവും പ്രതിസന്ധിയുമാണ്.