ദുരൂഹതകള്‍ മാറ്റുമോ?ജയില്‍ ഡിജിപി ലോക്‌നാഥ് മെഹ്‌റയെ മാറ്റിയതെന്തിന് ?ജെയില്‍ സൂപ്രണ്ട് ചട്ടം ലംഘിച്ച് ബിജുവുമായി കൂടിക്കാഴ്ച നടത്തിയതെന്തിന് ?

കൊച്ചി:ഉമ്മന്‍ചാണ്ടിക്ക് സരിത എസ് നായരുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നും ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമീഷനില്‍ ബിജു മൊഴി നല്‍കിയത് കേരളം ഞെട്ടലോടെ കേല്‍ക്കുമ്പോള്‍ ദുരൂഹതയോടെ ചില സംശയങ്ങളും ഉയര്‍ത്തുന്നു. സോളാര്‍ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ക്കൊരുങ്ങിയ ബിജു രാധാകൃഷ്ണനെ നിശബ്ദനാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന നീക്കം പാളിയതായും ആരോപണം ഉയരുന്നു. ബിജുവിനെ പാര്‍പ്പിച്ചിരിക്കുന്ന പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ച് നടന്ന നീക്കങ്ങള്‍ സോളാര്‍ കമ്മീഷന്റെ രൂക്ഷ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ഇതിനെതിരെ നിലപാടെടുത്തതിനാണ് ജയില്‍ ഡിജിപിയായിരുന്ന ലോക്‌നാഥ് മെഹ്‌റയെ മാറ്റിയത്. ഇതിന് പുറമെ സോളാര്‍ കമ്മീഷന്‍ സെക്രട്ടറിയെ ഉപയോഗിച്ച് ബിജുവിനെ സ്വാധീനിക്കാനും ശ്രമിച്ചു.
സോളാര്‍ അഴിമതിയില്‍ താന്‍ ഉള്ളതെല്ലാം തുറന്ന് പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കില്ലെന്നായിരുന്നു ബിജു ആദ്യവെടി പൊട്ടിച്ചത്. ഇതിന് പിന്നാലെയാണ് ബിജു സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാകുന്നത് തടയാന്‍ നീക്കമുണ്ടായത്.കഴിഞ്ഞ മാസം 12ന് ബിജുവിനെ ഹാജരാക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിക്കാതിരുന്ന സൂപ്രണ്ട്, കമ്മീഷനെ കുറ്റപ്പെടുത്തി ഫാക്‌സ് വഴി മറുപടി നല്‍കുകയായിരുന്നു. അടിസ്ഥാനമില്ലാത്ത വാദങ്ങളാണ് മറുപടിയിലുള്ളതെന്ന് രൂക്ഷമായി വിമര്‍ശിച്ച കമ്മീഷന്‍ ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ളീഡര്‍ റോഷന്‍ ഡി അലക്‌സാണ്ടറോട് ആവശ്യപ്പെടുകയും ചെയ്തു.biju 1

തിങ്കളാഴ്ച കമ്മീഷന് മുന്നില്‍ ബിജു ഹാജരാകാനിരിക്കെ ജയില്‍ സൂപ്രണ്ട് നിരവധി തവണ ചട്ടം ലംഘിച്ച് ബിജുവുമായി കൂടിക്കാഴ്ച നടത്തി. നിരവധി ദുരൂഹ സന്ദര്‍ശനങ്ങളും സൂപ്രണ്ടിന്റെ ഓഫീസില്‍ നടന്നു. മറ്റ് പലര്‍ക്കും ബിജുവുമായി കൂടിക്കാഴ്ചക്ക് സൂപ്രണ്ട് സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു. രശ്മി വധക്കേസില്‍ നിന്നുള്‍പ്പെടെ രക്ഷിക്കാമെന്ന ഉറപ്പും ബിജുവിന് മുഖ്യമന്ത്രിയുടെ പ്രതിനിധികള്‍ നല്‍കിയിരുന്നുവെന്നാണ് സൂചന. ഇത് സംബന്ധിച്ചും കമ്മീഷന്റെ വിമര്‍ശനമുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൂജപ്പുര ജയിലിലെ കാര്യങ്ങള്‍ക്കൊന്നും ചിട്ടയില്ലെന്നും ചില സന്ദര്‍ശകര്‍ക്ക് അകത്തെ മുറിയില്‍ പ്രത്യേക സന്ദര്‍ശനമൊരുക്കുന്നതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ജയില്‍ നിരന്തരം ഗൂഢാലോചനാ കേന്ദ്രമാകുന്നതിനെ ഡിജിപി എതിര്‍ത്തതോടെയാണ് അദ്ദേഹത്തെ ഫയര്‍ഫോഴ്‌സ് മേധാവിയാക്കി മാറ്റി നിയമിച്ചത്.

സോളാര്‍ കമ്മീഷന്‍ സെക്രട്ടറി സ്വാധീനിക്കാന്‍ ശ്രമിച്ചതായി ബിജു തന്നെയാണ് വെളിപ്പെടുത്തിയത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നതിന് മുന്‍പ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി സംസാരിക്കണമെന്നായിരുന്നു സെക്രട്ടറിയുടെ നിര്‍ദ്ദേശം. ഒരു വര്‍ഷത്തിലധികം സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകാനിടയാക്കിയ വെളിപ്പെടുത്തലുകളാണ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ കഴിഞ്ഞ ദിവസങ്ങളിലായി ബിജു നടത്തിയത്.

അതേസമയം ടീം സോളാറിന്റെ തമ്പാനൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് റെയ്ഡ് ചെയ്തപ്പോഴും കിട്ടി ഉന്നതരുടെ കിടപ്പറ പങ്കിടുന്ന തുള്‍പ്പെടെയുള്ള സിഡികള്‍. ഇതൊക്കെ എന്ത് ചെയ്തെന്ന് തുറന്നുപറയേണ്ടിവരും. സരിത ആദ്യം തയ്യാറാക്കി 23 പേജുള്ള മൊഴി. ഇതറിഞ്ഞ് രായ്ക്കുരാമാനം പത്തനംതിട്ട ജയിലില്‍നിന്ന് തിരുവനന്തപുരത്തെ ജയിലിലേക്ക് കൊണ്ടുവന്നു. മൊഴി മൂന്ന് പേജായപ്പോള്‍ ഉന്നതരുടെ പേര് അപ്രത്യക്ഷമായി.

അന്ന് മുക്കിയ മൊഴിയിലെ പേജുകള്‍ സരിത നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തിനിടെ മറിച്ച് കാണിച്ചു. പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയപ്പോള്‍ ഉന്നതരുടെ പേരുകളാണ് പുറത്തു വന്നത്. അന്ന് രണ്ടോ മൂന്നോ പേജുകള്‍മാത്രമേ പകര്‍ത്താനായുള്ളൂ.അന്നും ഇന്നും സരിത പറയുന്ന കാര്യമുണ്ട്– തന്നെ ഉപയോഗിച്ച എല്ലാവരുടെയും പേര് തുറന്നുപറഞ്ഞാല്‍ അത് കേരളം താങ്ങില്ലെന്ന്. അന്ന് മുക്കിയ ആ മൊഴി സരിതയുടെ കൈയിലുണ്ട്. സരിതയുടെ അഭിഭാഷകന്‍ ഫെനി രാധാകൃഷ്ണന്റെ കൈയിലുണ്ട്. സോളാര്‍ കമീഷന്‍ പിടിച്ചെടുത്താല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടും.sarith s nair
അട്ടക്കുളങ്ങര ജയിലില്‍ സരിതയെ കാണാന്‍ അജ്ഞാതന്‍ എത്തിയിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് മൊഴി അട്ടിമറിഞ്ഞത്. അന്നുമുതല്‍ സരിതയ്ക്ക് വിഐപി പരിഗണനയാണ്. എല്ലാ കേസിലും ജാമ്യം ലഭിച്ചു. ആഡംബരജീവിതം നയിക്കുന്നു. പലരില്‍നിന്നും വാങ്ങിയ കോടികളുടെ കടം തീര്‍ക്കുന്നു. ഇതിനെല്ലാമുള്ള കാശ് സരിതയ്ക്ക് ഇപ്പോഴും കിട്ടുന്ന ആ അജ്ഞാതകേന്ദ്രമേതാണ്.

ബിജു രാധാകൃഷ്ണനെ ജയിലില്‍ സ്വാധീനിക്കാന്‍ നടത്തിയ നീക്കങ്ങളും പുറത്തുവന്നിരുന്നു. സരിതയെ കണ്ട ജയില്‍ ഡിഐജി ഇപ്പോള്‍ ജയില്‍ ഐജി. ആ ഐജിയും കാണാനെത്തി ബിജു രാധാകൃഷ്ണനെ. ജയില്‍ സൂപ്രണ്ട് നടത്തിയ രഹസ്യവും പരസ്യവുമായ കൂടിക്കാഴ്ചകള്‍ വേറെ. ഇതിനെല്ലാംശേഷം കമീഷന്‍മുമ്പാകെ സമയത്തിന് ഹാജരാക്കാതിരിക്കാനും നോക്കി. എന്നിട്ടും പ്രയോജനമുണ്ടായില്ല.

ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണി രാജിവെച്ചതിന് പുറമെ കോഴവിവാദത്തില്‍പ്പെട്ട മന്ത്രിമാരുടെ പേരുകള്‍ ചുരുളഴിയുമ്പോഴാണ് സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. യഥാ രാജ തഥാ പ്രജ എന്ന നിലക്കാണ് ഇപ്പോള്‍ സ്ഥിതിഗതികള്‍ നീങ്ങുന്നത്. അഴിമതിയും അവിഹിതബന്ധവും ആരോപിക്കപ്പെടുന്ന ഒരു മുഖ്യമന്ത്രിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിമാര്‍ക്കും മറിച്ചാവാന്‍ കഴിയില്ലല്ലോ. ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയില്‍ അഴിമതിയാരോപണത്തിന് വിധേയരാവാത്ത മന്ത്രിമാര്‍ ഇല്ലെന്നുതന്നെ പറയാം.

ദുര്‍ഭരണവും അഴിമതിയും നടത്തി തന്റെയും കുടുംബത്തിന്റെയും ഭാവി ഭദ്രമാക്കുവാനാണ്, കേരളീയരുടെ ദുരിതം തുടച്ചുമാറ്റാനല്ല ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. സോളാര്‍ കമ്മീഷന്‍ മുമ്പാകെ ബിജു രാധാകൃഷ്ണന്‍ നല്‍കിയ മൊഴിയില്‍ തങ്ങള്‍ മുഖ്യമന്ത്രിക്ക് അഞ്ചര കോടി രൂപ നല്‍കിയെന്നും പറയുന്നുണ്ട്. അഞ്ചുകോടി 10 ലക്ഷം രൂപ ഉമ്മന്‍ചാണ്ടിക്ക് നേരിട്ടും 40 ലക്ഷം രൂപ ജോപ്പനും ജിക്കുമോനുംവഴി നല്‍കിയെന്നാണ് ബിജുവിന്റെ മൊഴി.

സോളാര്‍ കമ്പനിയില്‍ 60 ശതമാനം ലാഭം കമ്പനി ഉടമകള്‍ക്കും 40 ശതമാനം ലാഭം തനിക്കും നല്‍കണമെന്നും മകന്‍ ചാണ്ടി ഉമ്മനെ കമ്പനിയുടെ ഡയറക്ടര്‍ ആക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടുവത്രെ. ടീം സോളാര്‍ കമ്പനിക്ക് ഇടുക്കിയില്‍ കാറ്റാടിയന്ത്രം സ്ഥാപിക്കാന്‍ അനുമതിയും പാലക്കാട് കിന്‍ഫ്രയില്‍ 70 ഏക്കറും വേറെ പ്രദേശത്തും സ്ഥലം വാഗ്ദാനം നല്‍കിയെന്നാണ് കമ്മീഷന് മുന്നില്‍ ബിജു രാധാകൃഷ്ണന്റെ മൊഴി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയെപ്പോലെ ഇത്ര ദുരാഗ്രഹം മൂത്ത, അഴിമതിയില്‍ ആറാടിയ ഒരു മന്ത്രിസഭ കേരളം മുമ്പ് കണ്ടിട്ടില്ല. കേരളയാത്രയില്‍കൂടി അതിവേഗം ബഹുദൂരം മുഖ്യമന്ത്രി പരാതികള്‍ ശേഖരിച്ച് ഏതോ മൂലയില്‍ നിക്ഷേപിച്ച് ജനങ്ങളെ കബളിപ്പിച്ചു.

മുഖ്യമന്ത്രി സോളാര്‍ തട്ടിപ്പിന്റെ സൂത്രധാരനാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഈ തട്ടിപ്പിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കുതന്നെയാണ്. ഉമ്മന്‍ചാണ്ടിയുടെ സഹമന്ത്രിമാരും പണത്തോടുള്ള ദുരാഗ്രഹത്തില്‍ ഒട്ടും പിന്നിലല്ലെന്ന് കെ.എം.മാണി ബാര്‍ കോഴക്കേസില്‍ കുടുങ്ങി പുറത്തായപ്പോള്‍ വ്യക്തമായി. ഇപ്പോള്‍ എക്‌സൈസ് മന്ത്രി കെ. ബാബുവും ബാര്‍ ലൈസന്‍സിന്റെ പേരില്‍ കോഴ വാങ്ങിയതായി തെളിയുന്നു. ബാര്‍ ഉടമകളുമായി ചര്‍ച്ചക്ക് യോഗം വിളിച്ച് ബാര്‍ ലൈസന്‍സ് തുക കുറയ്ക്കാമെന്ന് വാഗ്ദാനം നല്‍കി പത്ത് കോടി കൈപ്പറ്റിയശേഷം ബാര്‍ ലൈസന്‍സ് ഫീസ് കുറച്ചതായി മന്ത്രി ബാബു മന്ത്രിസഭയെ മറികടന്ന് സ്വമേധയാ ഉത്തരവിറക്കി. അതിനുശേഷമാണ് മന്ത്രിസഭയില്‍ ഇക്കാര്യം അവതരിപ്പിച്ചത്.

ഈ അഴിമതിയില്‍ 50,000 കോടി രൂപയുടെ നഷ്ടമാണ് ഖജനാവിനുണ്ടായതത്രെ. ഉമ്മന്‍ചാണ്ടി കോഴസംഖ്യ ഉറപ്പിച്ചത് എറണാകുളം ഗസ്റ്റ്ഹൗസില്‍വെച്ച് ബിജു രാധാകൃഷ്ണനുമായി നടത്തിയ രഹസ്യചര്‍ച്ചയിലാണത്രെ. അതിലാണ് നാല് കോടി 10 ലക്ഷം ബിജു കൈമാറിയത്. ബിജുവുമായുള്ള ചര്‍ച്ചാവിഷയം എന്തായിരുന്നുവെന്ന ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാതെ ഉമ്മന്‍ചാണ്ടി പറഞ്ഞത് അത് കുടുംബകാര്യമാണെന്നാണ്. സോളാര്‍ കേസില്‍ 50,000 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് മുന്‍ എംഎല്‍എ പി.സി. ജോര്‍ജ് പറയുന്നത്. എന്തായാലും ഉമ്മന്‍ചാണ്ടി അതിവേഗം ബഹുദൂരം അഴിമതിയില്‍ മുന്നേറിയെന്ന സത്യം ഇപ്പോള്‍ വ്യക്തമാകുകയാണ്.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ആരുടെയെങ്കിലും കൈകള്‍ ശുദ്ധമാണോ? ധനമന്ത്രി കെ.എം. മാണി ബാര്‍ കോഴക്കേസില്‍ രാജിവെച്ചു. ബാര്‍കോഴ അഴിമതിയില്‍ കഴുത്തറ്റം മുങ്ങി എക്‌സൈസ് മന്ത്രി കെ. ബാബുവും നിലകൊള്ളുകയാണ്. ബാബുവിന്റെ കോഴ വിവാദം ചുരുളഴിയുന്നതോടെ ഉമ്മന്‍ചാണ്ടി മന്ത്രിസഭ നിലം പതിക്കുമെന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ ബിജുരാധാകൃഷ്ണന്റെ വെളിപ്പെടുത്തലോടെ ഈ സര്‍ക്കാരിന് ഒരുനിമിഷംപോലും അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടമായിരിക്കുകയാണ്. രാജിവെക്കുകയല്ലാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. അതിന് അദ്ദേഹം തയ്യാറാവുമോ എന്നാണ് കേരളത്തിലെ ജനങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.

 

Top