മുസ്ലിം യുവാക്കളെ തീവ്രവാദികളാക്കാന്‍ തെലങ്കാന പൊലീസ് വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി; ഗുരുതര ആരോപണവുമായി ദിഗ്‌വിജയ് സിംഗ്

ന്യൂഡല്‍ഹി: തെലങ്കാന പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. മുസ്‌ലിം യുവാക്കളെ കെണിയില്‍ വീഴ്ത്താനായി പൊലീസ് വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ചിട്ടുണ്ടെന്നും അത് വഴി മുസ്‌ലിം യുവാക്കളെ തീവ്രവാദികളാക്കാനും ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പില്‍ ചേരാനും പ്രേരിപ്പിക്കുന്നെന്നുമാണ് ദിഗ്‌വിജയ് സിംഗിന്റെ ആരോപണം.

പൊലീസിന്റെ ഈ ഓപ്പേറഷന്‍ മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണോ നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ദിഗ്‌വിജയ് സിങ്ങിന്റെ അഭിപ്രായ പ്രകടനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെങ്കില്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുമോ?’ സിങ് ചോദിക്കുന്നു. ‘അറിഞ്ഞുകൊണ്ടല്ലെങ്കില്‍ എന്തുകൊണ്ട് ഈ ക്രൂരകൃത്യത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നില്ല’ എന്നും അദ്ദേഹം ചോദിക്കുന്നു.

അതേസമയം ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ തെലങ്കാന പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. സേനയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്ന് തെലങ്കാന ഡി.ജി.പി അനുരാഗ് ശര്‍മ്മ അഭിപ്രായപ്പെട്ടു.
‘ദേശവിരുദ്ധ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ട പൊലീസുകാരുടെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് ഉത്തരവാദിത്തപ്പെട്ട നേതാവില്‍ നിന്നുമുണ്ടായിരിക്കുന്ന വസ്തുതാരഹിതമായ ആരോപണം’ ശര്‍മ്മ കുറ്റപ്പെടുത്തി.

Top