തലശ്ശേരി: കണ്ണൂരില്‍ എടിഎം കൗണ്ടറില്‍ സെക്യൂരിറ്റിക്കാരന്റെ വെടിയേറ്റ് മരിച്ച യുവതിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് ഐഡിബിഐ ബാങ്ക് വ്യക്തമാക്കി. മരിച്ച വില്‍ന വിനോദ് തങ്ങളുടെ ജീവനക്കാരിയല്ലെന്നാണ് ബാങ്ക് പറയുന്നത്.
കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ആന്‍ഡ് എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറെ ഐഡിബിഐ ബാങ്ക് റീജിണല്‍ മേധാവി മനോജ് കുമാറാണ് വില്‍ന വിനോദ് തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരിയല്ലെന്ന് രേഖാമൂലം അറിയിച്ചിട്ടുള്ളത്.
തൊഴിലാളി നഷ്ടപരിഹാര നിയമപ്രകാരം വില്‍നയുടെ മരണവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര തുക കെട്ടിവെക്കണമെന്നാവശ്യപ്പെട്ട് ട്രൈബ്യൂണല്‍ ബാങ്കിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് വില്‍ന ബാങ്ക് ജീവനക്കാരിയല്ലെന്ന വാദവുമായി ബാങ്ക് മുന്നോട്ടു വന്നിരിക്കുന്നത്.
നേരത്തെ വില്‍നയുടെ മരണത്തില്‍ 68,62,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വില്‍നയുടെ മാതാവ് സുധയും ഭര്‍ത്താവ് സംഗീതും ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ വില്‍നയുടെ മരണത്തില്‍ തങ്ങള്‍ക്ക് യാതൊരുവിധ ഉത്തരവാദിത്തവും ഇല്ലെന്ന് വാദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വില്‍ന തങ്ങളുടെ ജീവനക്കാരിയല്ലെന്ന നിലപാടുമായി ബാങ്ക് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ മാസം രണ്ടിന് കാലത്ത് 9:50ന് സെക്യൂരിറ്റി ജീവനക്കാരന്‍ തോക്കില്‍ ബുള്ളറ്റ് ലോഡ് ചെയ്യുമ്പോള്‍ വെടി പൊട്ടിയാണ് വില്‍ന മരിച്ചത്. തന്റെ സീറ്റില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനിടെയായിരുന്നു ദുരന്തം. ആ സമയത്ത് ബാങ്ക് അധികൃതര്‍ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കിയ വിശദീകരണത്തില്‍ വില്‍ന വിനോദ് തങ്ങളുടെ ജീവനക്കാരി ആണ് എന്ന് തന്നെയാണ്. സംഭവത്തില്‍ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അഞ്ചരക്കണ്ടി സ്വദേശി ഹരിന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു. അപകടം നടക്കുന്നതിന് ഒരു മാസം മുന്‍പാണ് വില്‍ന ബാങ്കില്‍ താത്കാലിക ജീവനക്കാരിയായി ജോലിയില്‍ പ്രവേശിച്ചത്.
പുത്തന്‍ തലമുറ ബാങ്കുകളില്‍ ഉള്‍പ്പെടെ നടക്കുന്ന തൊഴില്‍ നിയമങ്ങളുടെ ലംഘനവും തൊഴില്‍ ചൂഷണവുമാണ് ഈ സംഭവത്തിലൂടെ വെളിച്ചത്ത് വരുന്നത്. നിയമപ്പോരാട്ടം തുടരാന്‍ തന്നെയാണ് വില്‍നയുടെ കുടുംബത്തിന്റെ തീരുമാനം. വില്‍നയുടെ അമ്മയും ഭര്‍ത്താവും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഈ മാസം 19ന് തലശ്ശേരി കോടതി പരിഗണിക്കും.