ഗാനകോകിലം എസ് ജാനകിക്ക് വിട നല്‍കാന്‍ സംഗീതലോകം. മൈസൂരു മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ രാവിലെ ഏഴര മുതല്‍ പൊതുദര്‍ശനം നടക്കും. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസില്‍ വച്ചാണ്. ഇന്നലെ രാത്രി ഏഴരയോടെ മൈസൂരു അപ്പോളോ ബിജിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം.
ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ 1938 ഏപ്രില്‍ 23നാണ് ശിസ്തില ജാനകി എന്ന എസ്. ജാനകിയമ്മയുടെ ജനനം. പിതാവ് ശിസ്തില രാമമൂര്‍ത്തി ആയുര്‍വേദ ഡോക്ടറായിരുന്നു. മാതാപിതാക്കള്‍ ചെറുപ്പത്തിലേ മരിച്ചു. അമ്മാവനായ ഡോ. ചന്ദ്രശേഖറിന്റെ സംരക്ഷണയിലാണ് ജാനകി പിന്നീട് വളര്‍ന്നത്. ചെറുപ്പം മുതലേ സംഗീതവാസനയുണ്ടായിരുന്ന ജാനകിയുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവായിരുന്നു 1956ല്‍ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരം. മത്സരത്തില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനത്തിന് അര്‍ഹയായതോടെ ജാനകിക്ക് സംഗീതലോകത്തേക്കു വഴിതുറന്നു. രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് ജാനകിക്ക് അന്ന് പുരസ്‌കാരം നല്‍കിയത്.
1957ല്‍ മദ്രാസിലെ എവിഎം സ്റ്റുഡിയോയില്‍ എസ് ജാനകി ജോലിയില്‍ പ്രവേശിച്ചു. പ്രശസ്ത സംഗീത സംവിധായകന്‍ ചലപതി റാവുവിനുവേണ്ടി വിധിയിന്‍ വിളയാട്ട് എന്ന തമിഴ് ചിത്രത്തില്‍ പാടിയാണ് ജാനകി ചലച്ചിത്ര സംഗീതലോകത്തേക്ക് കടന്നുവരുന്നത്. ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും മലയാളം ഉള്‍പ്പെടെ ആറു ഭാഷകളില്‍ പാടുവാന്‍ ആ വര്‍ഷം തന്നെ അവസരം ലഭിച്ചു. 1957ല്‍ പുറത്തിറങ്ങിയ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ഇരുള്‍ മൂടുകയോ എന്‍ വഴിയില്‍ എന്ന ഗാനമാണ് മലയാളത്തില്‍ ആദ്യമായി പാടിയത്.
1962ല്‍ പുറത്തിറങ്ങിയ കൊഞ്ചും ചിലങ്കൈ എന്ന തമിഴ്ചിത്രത്തില്‍ ജാനകി പാടിയ ശിങ്കാര വേലനെ ദേവ എന്ന പാട്ട് തെന്നിന്ത്യന്‍ സംഗീതലോകത്തെ ഇളക്കിമറിച്ചു. സിനിമാസംഗീതമേഖലയില്‍ ജാനകി തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്കുവേണ്ടിയും ജാനകി പാടിയിട്ടുണ്ടെങ്കിലും എംഎസ് ബാബുരാജിന്റെ ഈണങ്ങളിലൂടെയാണ് ജാനകിയുടെ സ്വരമാധുരി മലയാളികള്‍ക്ക് ഏറ്റവുമധികം അനുഭവവേദ്യമായത്.
തന്റെ ആറര പതിറ്റാണ്ട് നീണ്ട സംഗീതജീവിതത്തില്‍ 17-ലധികം ഭാഷകളിലായി 48,000-ത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഹിന്ദി, ബംഗാളി, പഞ്ചാബി, ഒറിയ, ഇംഗ്ളീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര, ബഡഗ, സിംഹള, ജര്‍മന്‍ ഭാഷകളിലും ജാനകി പാടിയിട്ടുണ്ട്.
മികച്ച ഗായികയ്ക്കുള്ള ദേശിയ അവാര്‍ഡ് നാലുതവണ എസ്.ജാനകിയ്ക്ക് ലഭിച്ചു. ഓപ്പോള്‍ എന്ന സിനിമയിലെ ഏറ്റുമാനൂരമ്പലത്തില്‍ എന്നു തുടങ്ങുന്ന പാട്ടാണ് 1981ലെ ദേശീയ അവാര്‍ഡിന് ജാനകിയെ അര്‍ഹയാക്കിയത്. രണ്ടു തവണ തമിഴ് ഗാനങ്ങളും ഒരു തവണ തെലുങ്ക് ?ഗാനവുമാണ് എസ് ജാനകിക്ക് ദേശീയ പുരസ്‌കാരം സമ്മാനിച്ചത്. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 11 തവണ ലഭിച്ചു.
പരേതനായ വി.രാമപ്രസാദാണ് എസ്. ജാനകിയുടെ ഭര്‍ത്താവ്. 1958ലായിരുന്നു വിവാഹം. 1990ല്‍ അദ്ദേഹം മരണപ്പെട്ടു. പരേതനായ മുരളീകൃഷ്ണ മകനാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഇന്ത്യന്‍ സിനിമയുള്ളിടത്തോളം കാലം ജാനകിയമ്മയുടെ ശബ്ദം മനുഷ്യ മനസുകളില്‍ എക്കാലവും മുഴങ്ങിക്കേള്‍ക്കും.



