തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രക്കിടെ കെ.എസ്.യു.-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരേ നപടിയുണ്ടാകും. പ്രത്യേക അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നിയമോപദേശം തേടിയിട്ടുണ്ട്. എന്ത് നടപടി വേണമെന്നതു സംബന്ധിച്ചാണ് ഉപദേശം തേടിയതെന്നറിയുന്നു.
അജിത് കുമാറിനെതിരേയുള്ള നടപടി വൈകുന്നതിനെതിരേ കെ.സി. വേണുഗോപാല്‍ എം.പി. ഉള്‍പ്പെടെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ഡി.ജി.പി.യായി സ്ഥാനക്കയറ്റം ലഭിക്കാനാണ് നടപടി വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. അജിത് കുമാറിനെ സംരക്ഷിക്കേണ്ടെന്നും നടപടിവേണമെന്നുമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും നിലപാട്.
കേസ് അട്ടിമറിക്കാന്‍ അന്ന് ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന അജിത് കുമാര്‍ ഇടപെട്ടു എന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിയെന്ന മൊഴിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി. 23-നാണ് പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, ഈ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടില്ല. അടുത്തയാഴ്ച കൈമാറുമെന്നാണ് സൂചന. റിപ്പോര്‍ട്ട് ചോദിച്ചു വാങ്ങേണ്ടതില്ലെന്നും പോലീസ് മേധാവിയുടെ പരിശോധനയ്ക്കുശേഷം കൈമാറുമെന്നായിരുന്നു മന്ത്രിയുടെ നിലപാട്.
രക്ഷാപ്രവര്‍ത്തനം കൂടാതെ തൃശ്ശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നീ വിഷയങ്ങളില്‍ കോണ്‍ഗ്രസ് എ.ഡി.ജി.പി.ക്കെതിരേ അന്ന് രംഗത്തെത്തിയിരുന്നു.
അഗ്‌നിരക്ഷാസേന മേധാവി ഡി.ജി.പി. നിതിന്‍ അഗര്‍വാള്‍ 31-ന് വിരമിക്കുകയാണ്. അതോടെ ഡി.ജി.പി. പദവിയിലേക്ക് അജിത് കുമാര്‍ പരിഗണിക്കപ്പെടും. എന്നാല്‍, ‘രക്ഷാപ്രവര്‍ത്തന’ക്കേസില്‍ അതിനുമുന്‍പേ നടപടിയുണ്ടായാല്‍ സ്ഥാനക്കയറ്റം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.


