കാന്‍സസ് സിറ്റി : നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന ഫിഫ ലോകകപ്പ് സെമി ഫൈനലില്‍ കടന്നു. സ്വിറ്റ്‌സര്‍ന്‍ഡിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തകര്‍ത്താണ് അര്‍ജന്റീനയുടെ വിജയം. എക്‌സ്ട്രാ ടൈമില്‍ തുടരെ രണ്ടു
ഗോള്‍ നേടിയാണ് അര്‍ജന്റീനയുടെ വിജയം
നിശ്ചിത സമയത്തും ഇഞ്ച്വറി ടൈമിലും സ്‌കോര്‍ 1-1 സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. പത്താം മിനിറ്റില്‍ അലക്‌സിസ് മാക് അലിസ്റ്റര്‍ നേടിയ ഗോളിലൂടെ അര്‍ജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ഈ ലോകകപ്പില്‍ അര്‍ജന്റീന നേടുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്.
ഒട്ടേറെ ശ്രമങ്ങള്‍ക്കൊടുവില്‍ രണ്ടാം പകുതിയിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് തിരിച്ചടിച്ചത്. 67ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയ് ആണ് സ്വിസ് പടയ്ക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. എക്‌സ്ട്രാ ടൈമില്‍ യൂലിയന്‍ അല്‍വാരസും ലൗറ്റാരോ മാര്‍ട്ടിനസുമാണ് അര്‍ജന്റീനയ്ക്കു വേണ്ടി ഗോള്‍ നേടിയത്. സെമിഫൈനലില്‍ ഇംഗ്ലണ്ടാണ് അര്‍ജന്റീനയുടെ എതിരാളികള്‍.



