വാഷിംഗ്ടണ്‍: ഹോര്‍മൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍.
ഇനി ഇങ്ങോട്ട് ഒരു ആക്രമണമുണ്ടായാല്‍ മേഖലയിലെ കൂടുതല്‍ യു.എസ് താവളങ്ങള്‍ തകര്‍ക്കുമെന്നും ഇറാന്‍ കടുത്ത മുന്നറിയിപ്പ് നല്‍കി. ഇതോടെ വീണ്ടും യുദ്ധ ഭീതിയിലേക്ക് നീങ്ങിയിരിക്കുകയാണ് ലോകം
അടുത്തിടെ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവായിരുന്ന അയാത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം, പിന്‍ഗാമിയും മകനുമായ അയാത്തുള്ള മുജ്തബ ഖമേനി തങ്ങളുടെ പ്രിയ നേതാവിന്റെ മരണത്തിന് വന്‍ പ്രതികാരം ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐ.ആര്‍.ജി.സി) സൈനിക നീക്കം ശക്തമാക്കിയതും സംഘര്‍ഷം അതിരൂക്ഷമായതും.
ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ‘ജി.എഫ്.എസ് ഗാലക്‌സി’ എന്ന കണ്ടെയ്‌നര്‍ കപ്പലിന് നേരെയാണ് ഇറാന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കപ്പലിന്റെ എഞ്ചിന്‍ റൂമിന് കനത്ത നാശനഷ്ടം സംഭവിക്കുകയും വലിയ രീതിയില്‍ തീപിടുത്തമുണ്ടാവുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന ഒരു സാധാരണക്കാരനായ ജീവനക്കാരനെ കാണാതായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വാണിജ്യ കപ്പലിന് നേരെ ആക്രമണം നടന്നതിന് പിന്നാലെ ഇറാനിലെ മിലിട്ടറി കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക അതിശക്തമായ മൂന്നാം ഘട്ട വ്യോമാക്രമണം നടത്തി. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) ആണ് ശനിയാഴ്ച രാത്രി വൈകി ആരംഭിച്ച വ്യോമാക്രമണ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഗതാഗത പാതയില്‍ ഇറാന്‍ നടത്തുന്ന അധിനിവേശത്തിന് മറുപടിയായാണ് ഈ നീക്കമെന്ന് അമേരിക്ക വ്യക്തമാക്കി.
അമേരിക്കന്‍ തിരിച്ചടിക്ക് പിന്നാലെ ദക്ഷിണ ഇറാനിലെ പ്രധാന തീരദേശ നഗരങ്ങളിലും സൈനിക താവളങ്ങളിലും വന്‍ സ്ഫോടനങ്ങള്‍ നടന്നതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്കിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ബന്ദര്‍ അബ്ബാസ്, സിരിക്, ഖെഷ്ം ദ്വീപ് എന്നിവിടങ്ങളിലെ മിസൈല്‍, ഡ്രോണ്‍, തീരദേശ റഡാര്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു യു.എസ് യുദ്ധവിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചത്.
‘സമാധാനപരമായി സര്‍വീസ് നടത്തുന്ന വാണിജ്യ കപ്പലുകളെയും നിരപരാധികളായ നാവികരെയും ആക്രമിക്കുന്ന ഇറാന്റെ ശേഷിയെ നിഷ്പ്രഭമാക്കാന്‍ യു.എസ് കനത്ത വില ഈടാക്കുക തന്നെ ചെയ്യും,’ എന്ന് യു.എസ് സെന്റ്കോം ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഇറാനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇറാന്‍ എടുത്തത് തെറ്റായ തീരുമാനമാണെന്നും അതിനുള്ള പ്രത്യാഘാതം അവര്‍ അനുഭവിച്ചേ തീരൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറുഭാഗത്ത്, അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഒമാന്‍ തീരത്തുകൂടിയുള്ള പുതിയ കപ്പല്‍ച്ചാല്‍ സുരക്ഷിതമാക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്നാണ് ഇറാന്റെ പ്രധാന ആരോപണം. തങ്ങളുടെ തീരത്തോട് ചേര്‍ന്നുള്ള അംഗീകൃത പാതയല്ലാതെ മറ്റേത് വഴി ഉപയോഗിച്ചാലും കപ്പലുകള്‍ തടയുമെന്നാണ് ഐ.ആര്‍.ജി.സി നിലപാട്. ഈ പിടിവാശിയാണ് ഇപ്പോള്‍ ആഗോള തലത്തില്‍ വലിയ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എല്ലാ കപ്പല്‍ ഗതാഗതവും നിരോധിച്ചതായി ഇറാന്‍ പ്രഖ്യാപിച്ചതോടെ ആഗോള എണ്ണവിപണി പൂര്‍ണ്ണമായും നിലച്ച മട്ടാണ്. ലോകത്തെ ആകെ പെട്രോളിയം വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന പാത അടഞ്ഞത് ഇന്ധനവില കുതിച്ചുയരാന്‍ ഇടയാക്കുമെന്ന ആശങ്കയിലാണ് പ്രമുഖ രാജ്യങ്ങള്‍.
നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ഇതോടെ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കോ സഖ്യകക്ഷികള്‍ക്കോ നേരെ ഇനിയും ആക്രമണമുണ്ടായാല്‍ ഇറാന്റെ സമ്പൂര്‍ണ്ണ നാശമായിരിക്കും ഫലമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


