അടച്ചിട്ട വീട്ടിൽ നിന്നും 25 പവൻ സ്വർണം മോഷ്ടിച്ചു; തമിഴ്‌നാട് സ്വദേശിയെ പൊലീസ് പിടികൂടി

കുറവിലങ്ങാട്: കുറവിലങ്ങാട്ടും പരിസരപ്രദേശത്തും മോഷണ പരമ്പര നടത്തിയ തമിഴ്‌നാട് സ്വദേശിയെ പൊലീസ് പിടികൂടി. പ്രദേശത്തെ വീടുകളിൽ നിന്നും 25 പവൻ മോഷ്ടിച്ച കേസിലാണ് തമിഴ്‌നാട് സ്വദേശിയെ പൊലീസ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയായ പരമശിവനെയാണ് കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സജീവ് ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 27 നായിരുന്നു കേസിനാസ്പദമായ സംഭവം. പകൽ സമയത്ത് ആളില്ലാത്ത വീടുകളുടെ ആസ്ബറ്റോസ് ഷീറ്റ് ഇളക്കിമാറ്റി വീടിനുള്ളിൽ അതിക്രമിച്ച് കയറി മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ രീതി. സമാന രീതിയിൽ കുറവിലങ്ങാട് ഭാഗത്ത് ആര്യനാട് മുണ്ടിയാനിപ്പുറം സെബാസ്റ്റ്യന്റെ അടഞ്ഞു കിടന്ന വീടിനുള്ളിൽ കയറി പ്രതി 10 ലക്ഷം രൂപ വിലവരുന്ന 25 പവൻ തൂക്കമുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചെടുക്കുകയായിരുന്നു. ഇതിനു ശേഷം രക്ഷപെട്ട പ്രതിയെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർന്നു, വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് പ്രതിയെക്കണ്ടെത്തുന്നതിനായി നിരീക്ഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് കുര്യനാട് ഭാഗത്തുള്ള മറ്റൊരു വീട്ടിൽ ഉച്ചയ്ക്ക് ഒന്നരയോടെ മോഷണ ശ്രമം നടന്നത്. ഇവിടെ നിന്നു ലഭിച്ച സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് സംഘം അന്വേഷണം നടത്തുകയായിരുന്നു. തുടർന്നു, പ്രതിയെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് രണ്ടാഴ്ച മുൻപ് കുര്യനാട്ട് നടന്ന മോഷണത്തെപ്പറ്റി വ്യക്തമായത്. തുടർന്നു, പൊലീസ് ഇയാളുടെ താമസ സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ മോഷണം പോയ സ്വർണ്ണാഭരണങ്ങൾ കണ്ടെത്തി.

ഒരു വർഷത്തോളമായി ഇയാൾ കുറവിലങ്ങാട്ടും പരിസരപ്രദേശത്തും ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു പ്രതി. ഇതിന്റെ ഇടവേളകളിലാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. കുറവിലങ്ങാട് എസ്.എച്ച്.ഒ സജീവ് ചെറിയാന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സദാശിവൻ, തോമസ്‌കുട്ടി ജോർജ്, മനോജ്കുമാർ, എ.എസ്.ഐമാരായ സിനോയിമോൻ, സാജുലാൽ, ജയ്്‌സൺ, അഗസ്റ്റിൻ, ഷിജു സൈമൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.കെ സുരേഷ്, പി.ആർ രാജീവ്, സിവിൽ പൊലീസ് ഓഫിസർ ടി.എൻ സന്തോഷ് എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Top