ആർഭാട ജീവിതം നയിക്കുവാനായി ബൈക്കിലെത്തി മാല മോഷണം : രണ്ടു പേർ അറസ്റ്റിൽ

പാലാ: പാലാ വള്ളിച്ചിറ താഴത്തിലുമ്പേൽ പ്രസാദിന്റെ ഭാര്യ ശകുന്തള, മണലേൽപ്പാലത്തു നടത്തുന്ന മുറുക്കാൻ കടയിലെത്തി സിഗററ്റ് ആവശ്യപ്പെട്ട് മാല, ലോക്കറ്റ്, താലി ഉൾപ്പെടെ 17.9 ഗ്രാം സ്വർണം പൊട്ടിച്ചെടുത്ത 2 പ്രതികളെ പാലാ പൊലീസ് പിടികൂടി.കൊല്ലം പാരിപ്പള്ളി കിഴക്കനേല ചിറ്റഴികത്തു മേലതിൽ വീട്ടിൽ അശോകന്റെ മകൻ അബു (22),പടിഞ്ഞാറ്റിൻകര പാളയം പനക്കച്ചാലിൽ ടോമിന്റെ മകൻ ജെറിൻ (21)എന്നിവരെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നിർദേശപ്രകാരം പാലാ ഡിവൈ.എസ്.പി പ്രഭുല്ലചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മോഷണസംഘത്തിൽ ഉൾപ്പെട്ട പാരിപ്പള്ളി സ്വദേശി സനോജ്, ഇടുക്കി സ്വദേശി ആൽഫിൻ എന്നിവരെക്കൂടി പിടികൂടാനുണ്ട്.

കുറുക്കുവഴിയിലൂടെ പണമുണ്ടാക്കി ആർഭാട ജീവിതം നയിക്കാം എന്നുള്ള ആൽഫിന്റെ നിർദ്ദേശപ്രകാരം ജെറിനും ആൽഫിനുംകൂടി തയ്യാറാക്കിയ തിരക്കഥ പ്രകാരം ബാംഗ്ലൂരിൽ ആൽഫിന്റെ ഒപ്പമുണ്ടായിരുന്ന കൊല്ലം പാരിപ്പള്ളി സ്വദേശികളായ സനോജിനെയും അബുവിനെയും എറണാകുളത്ത് എത്തിച്ചു. പാലായ്ക്കു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ആൽഫിനേയും നാട്ടുകാരനായ ജെറിനെയും ആൾക്കാർ തിരിച്ചറിയാൻ സാധ്യതയുള്ളതിനാൽ കൊല്ലം സ്വദേശികളെ ദൗത്യം ഏൽപ്പിച്ചു.

10 ആം തീയതി വെളുപ്പിന് ഫോർട്ട്‌ കൊച്ചിയിൽ നിന്നും ആൽഫിൻ വാടകക്കെടുത്ത് നൽകിയ ബൈക്കിൽ എറണാകുളത്തുനിന്നും പുറപ്പെട്ട അബുവും സനോജും പാലായിലുള്ള ജെറിന്റെ വീട്ടിലെത്തി. മാല പൊട്ടിക്കേണ്ട മുറുക്കാൻ കട ജെറിൻ നേരത്തെ കണ്ടുവെച്ചിരുന്നു. മോഷ്ടാക്കൾ വന്ന ബൈക്കിന്റെ മുൻവശം നമ്പർ പ്ലേറ്റ് ജെറിൻ ഊരി മാറ്റി.പുറകിലത്തെ നമ്പർ പ്ലേറ്റ് അകത്തേക്ക് മടക്കിവെച്ചു.ജെറിൻ സ്വന്തം ബൈക്കിൽ എത്തി മുറുക്കാൻ കട നിരീക്ഷിച്ചു പരിസരത്ത് ആരുമില്ലായെന്ന് ഉറപ്പുവരുത്തി.പുറകെ ബൈക്കിലെത്തിയ അബുവും സനോജും മുറുക്കാ ൻകടയിലെത്തി ശകുന്തളയോ ട് സിഗററ്റ് ആവശ്യപ്പെട്ടു.സിഗററ്റ് എടുത്തു നൽകിയ സമയം അബു മാല പൊട്ടിച്ചെടുത്തു ബൈക്കിൽ കയറി സനോജിനൊപ്പം രക്ഷപെടുകയായിരുന്നു.എറണാകുളത്തു ഹോട്ടലിൽ താമസിക്കുകയായിരുന്ന പ്രതികൾ പിറ്റേദിവസം മാല വിറ്റശേഷം ശേഷം ജെറിനെ അവിടെ വിളിച്ചുവരുത്തി മാല വിറ്റു കിട്ടിയ തുക തുല്യമായി വീതിച്ചെടുത്തു. നാല് പ്രതികളും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്.പാലാ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സുനിൽ തോമസ്, എസ്.ഐ ജോർജ് കെ.എസ് തോമസ് സേവ്യർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺചന്ദ്, ഷെറിൻ സ്റ്റീഫൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Top