കൊച്ചി: നഗ്നത പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് ഏഴു സ്ത്രീകള്‍ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. നടന്നത് അശ്ലീല പ്രദര്‍ശനമല്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. കേസ് തുടരുന്നത് കോടതി നടപടികളുടെ ദുരുപയോഗവും നീതിയുടെ പരാജയവുമാകുമെന്നും വിലയിരുത്തി. ജൂണ്‍ 2014ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഉത്തര്‍പ്രദേശില്‍ രണ്ടു പെണ്‍കുട്ടികളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു നഗരത്തില്‍ പ്രതിഷേധം നടത്തിയത്. അഡ്വ. കെ.കെ പ്രീത, അഡ്വ. നന്ദിനി, കൊച്ചി പനമ്പുകാട് സ്വദേശി ആശ, കടവന്ത്ര സ്വദേശി തെസ്‌നി ഭാനു, എം എന്‍ ഉമ, സി എല്‍ ജോളി, ജെന്നി എന്നിവരാണു കൊച്ചി ഷണ്‍മുഖം റോഡില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. വസ്ത്രങ്ങള്‍ക്കു പകരം മുദ്രാവാക്യങ്ങളെഴുതിയ കാവി, വെള്ള, പച്ച നിറങ്ങളിലുള്ള ഷാള്‍ കൊണ്ട് ശരീരം പൊതിഞ്ഞായിരുന്നു പ്രതിഷേധം.
എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇതിനെതിരെ കേസെടുക്കുകയായിരുന്നു. അശ്ലീലത, അന്യായ സംഘം ചേരല്‍, കലാപം ഉള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. അന്തിമ റിപ്പോര്‍ട്ട് നല്‍കിയ കേസ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലായിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കേസ് റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവിട്ടത്.
നഗ്നത പ്രദര്‍ശനമല്ല ഹര്‍ജിക്കാര്‍ നടത്തിയതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണെന്നു കോടതി നിരീക്ഷിച്ചു. നഗ്നത പ്രദര്‍ശിപ്പിച്ചുവെന്നതുകൊണ്ടുമാത്രം ഒരു പ്രവൃത്തി അശ്ലീലമാണെന്ന് പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും കോടതി വിലയിരുത്തി.