ന്യുഡൽഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ വിശാലപ്രതിപക്ഷ സഖ്യവുമായി പവാർ രംഗത്ത് .ഈ വിശാല സഖ്യത്തിൽ കോൺഗ്രസ് ഇല്ല .കോൺഗ്രസ് ഇല്ലാത്ത സഖ്യത്തിൽ ഇടതുമുന്നണിയും കക്ഷിയാകും . കോണ്‍ഗ്രസ് ഇതര കക്ഷികള്‍ ഒത്തുചേര്‍ന്ന് വിശാലപ്രതിപക്ഷത്തിന് രൂപം നല്‍കാന്‍ സാധ്യതയെന്ന വാര്‍ത്തയ്ക്കിടെ വീണ്ടും ശരദ് പവാര്‍- പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറും രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്. രണ്ടാംവട്ട കൂടിക്കാഴ്ച കൂടി കഴിഞ്ഞതോടെ മൂന്നാം മുന്നണിയ്ക്ക് എന്‍സിപി കരുനീക്കം നടത്തുന്നുവെന്ന് ഉറപ്പിക്കുകയാണ് ദേശീയ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും.
വിശാല പ്രതിപക്ഷ സഖ്യം ഒരു പാഠം പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് ബിജെപിയെ മാത്രമല്ല, അത് കോണ്‍ഗ്രസിനേയും കൂടിയായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വിശാല പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്നാണ് വ്യക്തമായി വരുന്നത്. മുംബൈയില്‍ വെച്ച് ഇക്കഴിഞ്ഞ ജൂണ്‍ 11നായിരുന്നു പവാര്‍- ശരദ് പവാര്‍ ആദ്യ കൂടിക്കാഴ്ച. അത് മൂന്നര മണിക്കൂറും കവിഞ്ഞപ്പോള്‍ 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഡിക്കെതിരെ വിശാലസംഖ്യം രൂപീകരിക്കാനുള്ള പുതിയ നീക്കവുമായാണ് പ്രശാന്ത് എത്തിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഉറപ്പിക്കുകയായിരുന്നു. ബംഗാളിലേയും തമിഴ്നാട്ടിലേയും ചരിത്രവിജയങ്ങള്‍ സമ്മാനിച്ച സ്ട്രറ്റജി ടീം താന്‍ വിടുകയാണെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞത് പല അഭ്യൂഹങ്ങള്‍ക്കും ബലം നല്‍കുകയുമായിരുന്നു.
ബംഗാള്‍, തമിഴ്‌നാട് തെരഞ്ഞെടുപ്പിലെ വിജയത്തിന് നന്ദി അറിയിക്കുന്നതിനാണ് പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടക്കുന്നതെന്നായിരുന്നു ഔദ്യോഗികമായ വിശദീകരണം. എന്നാല്‍ രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെയ്ക്കുന്ന സിദ്ധാന്തം പ്രകാരം ശരദ് പവാറും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും നടത്തുന്ന കരുനീക്കങ്ങള്‍ക്ക് സൂക്ഷ്മത കൂട്ടാനാണ് പ്രശാന്ത് കിഷോര്‍ എത്തുന്നത്. ഇത്തരം വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പരന്നതോടെ അത് കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി. ഇത്തരം വിശാല പ്രതിപക്ഷ നീക്കങ്ങളെ ബിജെപി ബി ടീമെന്ന് വിളിച്ച് പരിഹസിക്കുകയാണ് അവര്‍ ചെയ്യുന്നത്.
പ്രാദേശിക കക്ഷികളെ ഒപ്പംകൂട്ടി വിശാല പ്രതിപക്ഷമുണ്ടാക്കാന്‍ ശരദ് പവാര്‍ നാളുകളായി ശ്രമിച്ചുവരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്‍സിപിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ശിവസേന, ആംആദ്മി പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി, നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഐഎം, സിപിഐ,പിഡിപി എന്നിങ്ങനെയുള്ള പാര്‍ട്ടികള്‍ ചേര്‍ന്നാകും ഒരു വിശാല പ്രതിപക്ഷ സഖ്യമുണ്ടാക്കുകയെന്നാണ് സൂചന. എന്നാല്‍ ഇത്തരമൊരു സഖ്യത്തില്‍ ഒരു നേതാവിനെ തീരുമാനിക്കുക എന്നത് എളുപ്പമാകില്ലെന്നും വിലയിരുത്തലുണ്ട്. കൊവിഡ് പ്രതിരോധത്തിലെ പാളിച്ച, വാക്‌സിന്‍ ക്ഷാമം, ഇന്ധനവില വര്‍ധനവ്, വിലക്കയറ്റം, കര്‍ഷകസമരം, സിഎഎ മുതലായ ഘടകങ്ങള്‍ മൂലം ബിജെപിക്കെതിരായ ജനവികാരം തങ്ങള്‍ക്കനുകൂലമായി മാറ്റാന്‍ സാധിക്കുമെന്നാണ് ഇവര്‍ കണക്കുകൂട്ടുക.