ശ്രീകണ്ഠപുരം: ചേപ്പറമ്പിനടുത്ത ആലോറയില്‍ ചെങ്കല്‍പ്പണയില്‍ ജോലിക്കിടെ മിന്നലേറ്റ് കര്‍ണാടക സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ഷിമോഗ സ്വദേശികളായ മഞ്ജുനാഥ് (38), ബന്ധുവായ മഞ്ജുനാഥ്(27) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളി ദാമേഷിനെ (25) പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ഗുട്ടപ്പ(30)യെ കോട്ടൂര്‍ രാജീവ്ഗാന്ധി സഹകരണ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. പണികഴിഞ്ഞശേഷം കേടായ കല്ലുകൊത്തുയന്ത്രം നന്നാക്കുന്നതിനിടെയാണ് ഇവര്‍ക്ക് മിന്നലേറ്റത്. മടമ്പത്തെ മുല്ലപ്പള്ളി ജോയിയുടെ ഉടമസ്ഥതയിലുള്ള ചെങ്കല്‍പ്പണയിലാണ് അപകടമുണ്ടായത്. നാലുതൊഴിലാളികള്‍ മാത്രമാണ് അപകടസമയത്ത് പണയിലുണ്ടായിരുന്നത്.
ഗുട്ടപ്പയുടെ നിലവിളികേട്ട് ഓടിക്കൂടിയ മറ്റുപണകളിലെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആസ്പത്രിയിലേക്ക് കൊണ്ടുപോയത്. രാജീവ്ഗാന്ധി ആസ്പത്രിയിലെത്തിക്കും മുമ്പേ രണ്ടുപേരും മരിച്ചു. ദാമേഷിനെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷമാണ് പരിയാരത്തേക്ക് മാറ്റിയത്.
മഞ്ജുനാഥ് (38) ഭാര്യ സാവിത്രിക്കും കുട്ടിക്കുമൊപ്പമാണ് ചേപ്പറമ്പില്‍ താമസിച്ച് പണിയെടുത്തിരുന്നത്. ബന്ധുവായ മഞ്ജുനാഥ് (27) അവിവാഹിതനാണ്. ഷിമോഗയിലെ ഇവരുടെ മേല്‍വിലാസം അറിവായിട്ടില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.