കൊച്ചി: തലച്ചുമട് ജോലി നിരോധിക്കണമെന്ന് ഹൈക്കോടതി. മെഷീനുകൾ ഇല്ലാത്ത കാലത്തെ രീതി ഇനിയും തുടരാനാവില്ല. ഇത് മനുഷ്യ വിരുദ്ധമായ പ്രവൃത്തിയാണെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ലോഡിംഗ് പണി ചെയ്യുന്നതിന് തൊഴിലാളികള്‍ക്ക് ആധുനിക യന്ത്രങ്ങള്‍ ലഭ്യമാക്കുകയും അതിന് പരിശീലനം നല്‍കുകയും വേണമെന്ന് കോടതി പറഞ്ഞു.
“തലച്ചുമട് അവസാനിപ്പിക്കേണ്ടതാണ്, അതൊരു മനുഷ്യ വിരുദ്ധമായ പ്രവൃത്തിയാണ്. പൗരന്മാരെ ഈ ദുരിതത്തിലേക്കു വിട്ടുനല്‍കാന്‍ നമുക്കെങ്ങനെ കഴിയും?’ – ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചോദിച്ചു.
പാവപ്പെട്ടവരാണ് ലോഡിംഗ് തൊഴിലാളികളായി വരുന്നത്. അവര്‍ക്കു മറ്റു ജോലികള്‍ ചെയ്യാനാവില്ല. ഇത് നിക്ഷിപ്ത താത്പര്യക്കാര്‍ മുതലാക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. വലിയ ഭാരം തലയിലോ ശരീരത്തിലോ ദീര്‍ഘകാലം ചുമക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. പേശികളെയും അസ്ഥികളെയും അതു ബാധിക്കും. നട്ടെല്ലിനു വരെ അതു ക്ഷതമുണ്ടാക്കും.
ലോകത്ത് എവിടെയും സ്വന്തം പൗരന്മാരെക്കൊണ്ട് ഇത്തരം പ്രവൃത്തി ചെയ്യിക്കുന്നുണ്ടാവില്ല. അവര്‍ ഒന്നുകില്‍ യന്ത്രങ്ങള്‍ ഉപയോഗിക്കും, അല്ലെങ്കില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവരും- കോടതി പറഞ്ഞു. ചുമട്ട് തൊഴിലാളികൾ അങ്ങനെ തുടരണമെന്ന് ചിലർ ആഗ്രഹിക്കുന്നു അതിന് പിന്നിൽ സ്വാർഥ താൽപര്യങ്ങളാണെന്നും കോടതി അഭിപ്രായപ്പെട്ടു.