ന്യൂഡല്‍ഹി: ടിപിസെന്‍കുമാര്‍ കേസില്‍ വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തിരിച്ചടി നേരിട്ടു. സര്‍ക്കാര്‍ നല്‍കിയ വ്യക്തതാ ഹര്‍ജി സുപ്രീംകോടതി തള്ളി. കോടതിയുടെ സമയം വെറുതേ പാഴാക്കിയതിന് 25000 രൂപ പിഴയടയ്ക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സെന്‍കുമാര്‍ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയും കോടതി പരിഗണിച്ചു.
ഈ വിഷയത്തില്‍ സര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു. സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കാനുള്ള ഉത്തരവ് നടപ്പാക്കാതിരുന്നാല്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ കേസുകളില്‍ സര്‍ക്കാരിന്റെ വാദമൊന്നും കോടതി അംഗീകരിച്ചില്ല. കോടതി അലക്ഷ്യ കേസ് ചൊവ്വാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
സുപ്രീംകോടതി വിധി നടപ്പാക്കുന്നത് ചീഫ് സെക്രട്ടറി നളിനി നെറ്റോ വൈകിപ്പിക്കുന്നു എന്നാണ് സെന്‍കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കോടതിയലക്ഷ്യ ഹരജിയും പരിഗണിച്ചത്. വിധി പ്രഖ്യാപിച്ച് പന്ത്രണ്ട് ദിവസമാകുമ്പോഴും സര്‍ക്കാര്‍ പുനര്‍നിയമന ഉത്തരവ് പുറത്തിറക്കിയില്ല. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. രണ്ടുമാസത്തെ വേനലവധിക്കായി ബുധനാഴ്ച കോടതി അടക്കുന്ന സാഹചര്യത്തില്‍ ഉത്തരവ് നടപ്പാക്കാതിരിക്കാനാണ് നീക്കമെന്ന സെന്‍കുമാറിന്റെ വാദവും സുപ്രീംകോടതി അംഗീകരിച്ചു.
തല്‍ക്കാലം ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാക്കേണ്ടെന്നും കോടതി പറഞ്ഞു. വിധി നടപ്പാക്കിയില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നും കോടതി വ്യക്തമാക്കി
ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് ഉത്തരവിറക്കുന്നതിന് പ്രധാനതടസമെന്നും കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നുമാണ് സെന്‍കുമാറിന്റെ ആവശ്യം. ഒപ്പം പൊലീസ് മേധാവിയായി നിയമിക്കാന്‍ കഴിയില്ലെന്ന സംസ്ഥാനസര്‍ക്കാരിന്റെ നിലപാടിനെയും സെന്‍കുമാര്‍ ചോദ്യം ചെയ്യുന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ കര്‍ണാടക നഗരവികസന സെക്രട്ടറി ജെ.വാസുദേവന് ഒരുമാസം തടവ് നല്‍കിയിട്ടുള്ള കാര്യവും സെന്‍കുമാര്‍ പരാമര്‍ശിച്ചു. ഈ വാദമെല്ലാം കോടതി അംഗീകരിച്ചു.