പശ്ചിമബംഗാളില്‍ അക്രമം അവസാനിക്കുന്നില്ല..!! മമത ഗവണ്‍മെന്റിനെ പിരിച്ചുവിടാനുള്ള നീക്കമെന്ന് സംശയം

കൊല്‍ക്കത്ത: തൃണമൂല്‍ -ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചിമബംഗാളില്‍ സംഘര്‍ഷത്തിന് അയവില്ലെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഇരുവിഭാഗവും ഏറ്റുമുട്ടിയപ്പോള്‍ എട്ടുപേരാണ് ആകെ മരണപ്പെട്ടത്. പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരും ഇതില്‍ ഉള്‍പ്പെടും. സംസ്ഥാന വ്യാപകമായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണസമയം മുതല്‍ ബംഗാളില്‍ ബി.ജെ.പി തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടല്‍ പതിവാക്കിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ബംഗാളില്‍ മുന്നേറ്റമുണ്ടാക്കിയ ബി.ജെ.പിയെ വലിയ വെല്ലുവിളിയായിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് കണക്കാക്കുന്നത്. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ സന്ദേശ്കലിയിലാണ് കഴിഞ്ഞ ദിവസം തൃണമൂല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരഞ്ഞെടുപ്പില്‍ കെട്ടിയ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തോക്കുള്‍പ്പടെയുള്ള മാരകായുധങ്ങളുപയോഗിച്ചാണ് ഇരു വിഭാഗവും ഏറ്റുമുട്ടിയത്. സ്ഥലത്ത് നിന്നും നിരവധിപേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി പാര്‍ട്ടി ഓഫീസിലേക്ക് വിലാപയാത്ര നടത്താനുള്ള ബി.ജെ.പിയുടെ ശ്രമത്തെ പൊലീസ് തടഞ്ഞതോടെയാണ് സംസ്ഥാനവ്യാപകമായി സംഘര്‍ഷം വ്യാപിച്ചത്.

പന്ത്രണ്ട് മണിക്കൂര്‍ ബന്ദിനും ബി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്. അതേ സമയം ബംഗാളില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന സര്‍ക്കാരിനോട് നേരിട്ട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെ ബംഗാള്‍ ഗവര്‍ണര്‍ കേശവ്‌നാഥ് തൃപാഠി ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു.

ബംഗാളില്‍ ക്രമസമാധാന നില തകര്‍ന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. അതേസമയം സംഘര്‍ഷം നിയന്ത്രണ വിധേയമാണെന്ന് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന ഘടകമുള്‍പ്പടെ ഈ ആവശ്യം കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അമിത് ഷായുടേതുള്‍പ്പടെയുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ ഹെലികോപ്ടര്‍ നിലത്തിറക്കാന്‍ അനുമതി നല്‍കാതെ ബി.ജെ.പിയെ ബംഗാള്‍ മുഖ്യമന്ത്രി പ്രകോപിപ്പിച്ചിരുന്നു.

മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനേക്കാളും ബി.ജെ.പിയെ ചോദ്യശരങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിച്ചതും മമതയായിരുന്നു. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബി.ജെ.പിയുടെ കണ്ണിലെ കരടായി മമത മാറുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു.തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ ബംഗാളിലും കേരളത്തിലും പാര്‍ട്ടി പ്രവര്‍ത്തകരെ എതിരാളികള്‍ കൊലപ്പെടുത്തുന്നതായി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. അതേസമയം സംസ്ഥാനത്തെ സംഘര്‍ഷം ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന് മമത ബാനര്‍ജി ആരോപിച്ചു.

2021വരെയാണ് നിലവിലെ മമത ബാനര്‍ജി സര്‍ക്കാരിന്റെ കാലാവധി. ലോക്‌സഭയില്‍ ലഭിച്ച മുന്നേറ്റം നല്‍കിയ ആത്മവിശ്വാസത്തില്‍ 250 സീറ്റിലേറെ നേടി ഭരണം പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പിയുള്ളത്. അതിനാല്‍ തന്നെ സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം മുതലാക്കി മമത സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രം തുനിയുമോ എന്നതും കണ്ടറിയണം.

Top