തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം മാത്രമല്ല കഠാരയും വെടിമരുന്നും വന്നെന്ന് ബിജെപി നേതാവും സുപ്രസിദ്ധ സിനിമ താരവുമായ സുരേഷ് ഗോപി. പൂജപ്പുരയില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് സുരേഷ് ഗോപി വിഷയത്തിലെക്ക് കടന്നത്. തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിന് പിന്നില്‍, അതിന്റെ അവസ്ഥ തന്നെയാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
അക്കാര്യങ്ങളെല്ലാം അനുഭവത്തില്‍ നിന്നും മനസിലാക്കിയ യാത്രക്കാരനാണ് താനെന്നും താരം വെളിപ്പെടുത്തി. തിരുവനന്തപുരത്ത് പുതിയ എയര്‍പോര്‍ട്ട് സമുച്ചയം വന്നുവെന്ന് സമ്മതിക്കുന്നു. പക്ഷേ, അതിന്റെ അവസ്ഥ എന്താണെന്നും ഏതുതരത്തിലാണ് നമുക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്നതെന്നും അനുഭവത്തിലൂടെ മനസിലാക്കിയ യാത്രക്കാരനാണ് ഞാന്‍.
വിദേശയാത്ര കഴിഞ്ഞ് രാവിലെ മൂന്ന് മണിക്ക് വന്നിറങ്ങുന്നത് ഏതാണ്ട് ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഫ്‌ളൈറ്റുകളാണ്. ബാഗ്ഗേജു കിട്ടാന്‍ വേണ്ടി ഒന്നരമണിക്കൂര്‍ ഞാനൊക്കെ കാത്തു നില്‍ക്കണം. എന്നുപറഞ്ഞാല്‍, നമുക്കവിടെ കുറച്ച് ഗ്രേസ് മാര്‍ക്കുണ്ടാകും. ഒന്നുവേഗത്തില്‍ ബാഗ്ഗേജ് എടുത്തുകൊണ്ടുവരാന്‍ അവര്‍ നോക്കും. പക്ഷേ അവിടെയും കസ്റ്റംസുകാര്‍ അന്ന് പറഞ്ഞത്, നാലു ബെല്‍റ്റുണ്ട്; അതില്‍ ഒരു ബെല്‍റ്റിനു മാത്രമേ കസ്റ്റംസിന്റെ സ്‌കാനര്‍ ഉള്ളൂവെന്നാണ്. ഇതാണ് കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമായ തിരുവനന്തപുരം വിമാനത്താവളത്തിന്റെ അവസ്ഥ. ഇതാണ് അവസ്ഥയെങ്കില്‍ സ്വര്‍ണവും കഠാരയും വെടിമരുന്നും വന്ന വഴിയെ കുറിച്ച് പ്രത്യേകം അന്വേഷിക്കേണ്ട കാര്യമില്ലല്ലോ?
തിരുവനന്തപുരം വിമാനത്താവളവും വിഴിഞ്ഞംതുറമുഖവും യാഥാര്‍ത്ഥ്യമാകുന്നതോടെ തലസ്ഥാനത്തെ ചെറുപ്പക്കാരുടെ ഭാവി ജീവിതം മികച്ചതാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.