മയക്കുമരുന്നു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം തടയാന്‍ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

തിരുവനവന്തപുരം:സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മയക്കുമരുന്ന് സംഘങ്ങള്‍ ഏറ്റുമുട്ടുന്നത് തടയാന്‍ ശ്രമിച്ച ശ്രീകണ്‌ഠേശ്വരം പുന്നപുരം സ്വദേശി ശ്യാം എന്ന മണിക്കുട്ടന്‍ (30) ആണ് മരിച്ചത്. മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണത്തില്‍ ശ്രീവരാഹം സ്വദേശികളായ ഉണ്ണിക്കണ്ണന്‍, വിമല്‍ എന്നിവര്‍ക്കും പരിക്കേറ്റു. സിപിഐ എം പുന്നപുരം ബി ബ്രാഞ്ച് അംഗമാണ് മണിക്കുട്ടന്‍.

വ്യാഴാഴ്ച രാത്രി പതിനൊന്നിന് ശ്രീരാഹം കുളത്തിന്‍ക്കരയിലാണ് സംഭവം. ഒരു സംഘം യുവാക്കള്‍ മയക്കുമരുന്ന് ഉപയോഗിച്ചശേഷം വാക്കേറ്റവും തുടര്‍ന്ന് ഏറ്റുമുട്ടുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ അതുവഴി കടന്നുപോയ മണിക്കുട്ടനും സുഹൃത്തുക്കളും അവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം സംഘത്തിലുണ്ടായിരുന്ന ഒരാള്‍ മണിക്കുട്ടനെ കത്തിവച്ച് ആഞ്ഞ് കുത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ഉണ്ണിക്കണ്ണനും വിമലിനും ഗുരുതരമായി മര്‍ദനമേറ്റു.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കുട്ടന്റെ ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി. സംഭവസ്ഥലത്തെുവച്ച് ശ്രീവരാഹം സ്വദേശികളായ രജിത്ത്, മനോജ് എന്നിവരെ പൊലീസ് പിടികൂടി. മണിക്കുട്ടനെ കുത്തിയ അര്‍ജുനെ പിടികൂടാനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

ശ്രീവരാഹം പുന്നപുരം സ്വദേശി ശിവരാജന്റെയും ശാലിനിയുടെയും മകനാണ് മണിക്കുട്ടന്‍. ശാലിനി, ശ്യാമ എന്നിവരാണ് സഹോദരിമാര്‍.

Latest
Widgets Magazine