തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അയ്യപ്പ ഭക്ത സംഗമം നടന്നത്. ആ വേദിയില്‍ അയ്യപ്പന് മാതാ അമൃതാനന്ദമയി ജയ് വിളിച്ചിരുന്നു. ഇതിന് പിന്നാലെ ട്രോളഭിഷേകമാണ് സോഷ്യല്‍മീഡിയയില്‍.
ശരണമയ്യപ്പ കീ ജയ്, അയ്യപ്പ ശാസ്താവേ കീ ജയ് എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചായിരുന്നു അമൃതാനന്ദമയി പ്രസംഗം തുടങ്ങിയത്. വേദിയിലുണ്ടായിരുന്ന പലരും ഈ മുദ്രാവാക്യം കേട്ട് അന്തംവിടുന്നുണ്ടായിരുന്നു. കൂടി നിന്ന ജനങ്ങളാകട്ടെ അമ്പരന്നെങ്കിലും മുദ്രാവാക്യം ഏറ്റുപിടിച്ചു. പിണറായിയെ കാണുമ്പോള്‍ ശരണം വിളിക്കും. അയ്യപ്പന് ജയ് വിളിക്കും. കലികാലം. എന്ന് പറഞ്ഞാണ് അമൃതാനന്ദമയിയെ പലരും ട്രോളുന്നത്.
അമൃതാനന്ദമയിയെ വലിച്ചുകീറി ഒട്ടിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാര്‍.
”സമുദ്രത്തിലെ മത്സ്യവും ടാങ്കിലെ മത്സ്യവും തമ്മില്‍ വ്യത്യാസമുണ്ട്. ടാങ്കില്‍ കിടക്കുന്ന മത്സ്യത്തിന് സമയാസമയം ഭക്ഷണം കൊടുക്കണം, വെള്ളം മാറ്റിക്കൊടുക്കണം, ഓക്സിജന്‍ കൊടുക്കണം. സമുദ്രജല മത്സ്യത്തിന് ഇത്തരം നിബന്ധനകള്‍ ഒന്നുമില്ല.
നദിയില്‍ ഇറങ്ങി കുളിക്കുന്നതിന് പ്രത്യേകം നിബന്ധനകള്‍ ഒന്നുമില്ല. അതേസമയം നദിയിലെ വെള്ളം ഒരു സ്വിമ്മിംഗ് പൂളിലേക്ക് മാറ്റുമ്പോള്‍ അതില്‍ ക്ലോറിന്‍ ഇടണം, ഫില്‍ട്ടര്‍ ചെയ്യണം. അതില്‍ കുളിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് നമ്മള്‍ വേറെ വെള്ളത്തില്‍ കുളിക്കണം.” തുടങ്ങിയ അമൃതാനന്ദമയിയുടെ പ്രസ്താവനകളെല്ലാം ട്രോളന്‍മാര്‍ ആഘോഷമാക്കുകയാണ്.