‘മൂന്നാം ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിരോധിക്കും’; പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: മൂന്നാം ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവയ്പില്‍ അഫ്ഗാന്‍ പൗരനെ പിടികൂടിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. അമേരിക്കന്‍ സംവിധാനം പൂര്‍ണമായി നവീകരിക്കാനാണ് തീരുമാനമെന്ന് ട്രംപ് പറഞ്ഞു. പ്രഖ്യാപനം ആഗോളതലത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ജോലിക്കും വിദ്യാഭാസത്തിനുമായി അമേരിക്കയിലെത്തുന്ന ലക്ഷക്കണക്കിനു പേരുടെ സുരക്ഷയെ ബാധിക്കുമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

ടെക്നോളജിയില്‍ പുരോഗതി കൈവരിച്ചിട്ടും കുടിയേറ്റം അമേരിക്കയുടെ ജീവിത നിലവാരം തകര്‍ക്കുകയാണെന്ന് ട്രൂത്ത് സോഷ്യലിലിലൂടെ ട്രംപ് പ്രസ്താവന നടത്തി. മൂന്നാം ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തലാക്കുമെന്നും ബൈഡന്റെ ഭരണകാലത്ത് അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെ ഒഴിവാക്കുമെന്നും ട്രംപ് പറഞ്ഞു. രാജ്യത്തിന് ഉപകാരമില്ലാത്തവര്‍ക്കും രാജ്യത്തെ സ്നേഹിക്കാത്തവര്‍ക്കും നല്‍കുന്ന ഫെഡറല്‍ ആനുകൂല്യങ്ങളും സബ്‌സിഡികളും അവസാനിപ്പിക്കുമെന്നും ആഭ്യന്തര സമാധാനം തകര്‍ക്കുന്നവരുടെ പൗരത്വം റദ്ദാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നവരെ നാടുകടത്തുമെന്നും ട്രംപ് പറഞ്ഞു. റിവേഴ്സ് കുടിയേറ്റത്തിലൂടെ മാത്രമേ രാജ്യത്തെ സംവിധാനങ്ങളെ നവീകരിക്കാന്‍ കഴിയൂ എന്നാണ് ട്രംപ് പ്രഖ്യാപിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവയ്പില്‍ നാഷണല്‍ ഗാര്‍ഡ് അംഗമായ സാറ ബെക്സ്ട്രം(20) എന്ന യുവതി കൊല്ലപ്പെട്ടു. 24 വയസുള്ള ആന്‍ഡ്രൂ വോള്‍ഫ് ഗുരുതരാവസ്ഥയിലാണ്. സംഭവത്തില്‍ റഹ്‌മാന്‍ ലകാന്‍വല്‍ (29) എന്ന അഫ്ഗാന്‍ പൗരന്‍ പിടിയിലായി. 2021ല്‍ അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിച്ച ഘട്ടത്തില്‍ ഇയാള്‍ രാജ്യത്ത് കടന്നതാണെന്നാണ് സംശയിക്കുന്നത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

 

Top