ശബരിമലയില്‍ പോകാനായി കൊച്ചി വിമാനത്താവളത്തിലെത്തി പ്രതിഷേധത്തെത്തുടര്‍ന്ന് തിരിച്ചു പോയ വ്യക്തിയാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. എന്നാല്‍ സ്ത്രീ സ്വാതന്ത്ര്യത്തിനായി എതറ്റം വരെ പോകാനും തയ്യാറുള്ള പോരാളികൂടിയാണ് തൃപ്തി ദേശായി. താന്‍ തിരിച്ചുവരുമെന്ന് ഉറപ്പിച്ച് പറഞ്ഞിട്ടാണ് തൃപ്തി ദേശായി മടങ്ങിയത്.
ശബരിമല ദര്‍ശനത്തിനായി വേഷം മാറി വരെ തൃപ്തി ദേശായി എത്താന്‍ സാധ്യതയുണ്ടെന്ന് സംസാരമുണ്ടായിരുന്നു. അത്തരത്തിലുള്ള ഏത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ മടിയില്ലാത്ത വ്യക്തികൂടിയാണ് തൃപ്തി ദേശായി. ഇത്തരം വാര്‍ത്തകള്‍ക്കിടയിലാണ് തൃപ്തി ദേശായിയെ തൊടുപുഴയില്‍ കണ്ടെന്ന അഭ്യൂഹം പടരുന്നത്.
ശരിയോ തെറ്റോ എന്നുറപ്പില്ലെങ്കിലും കോട്ടയം, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിമാര്‍ക്കു ജാഗ്രതാ നിര്‍ദേശം കൈമാറി. തൊടുപുഴയ്ക്കു സമീപം മുട്ടം ഭാഗത്തു വച്ചാണു ഇന്നു 12.30നു തൃപ്തി ദേശായിയെ കണ്ടതെന്നാണു ഒരു ശബരിമല തീര്‍ഥാടകന്‍ പത്തനംതിട്ട സ്‌പെഷല്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചത്.
തുടര്‍ന്ന് ഈ വിവരം ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കു കൈമാറി. വെള്ള സ്വിഫ്റ്റ് കാറില്‍ മുട്ടം ഭാഗത്തു കൂടി ഇവര്‍ കടന്നു പോയെന്നാണു വിവരം. മേലുകാവ് – ഈരാറ്റുപേട്ട – എരുമേലി ഭാഗത്തേക്ക് ഇവര്‍ പോകാന്‍ സാധ്യതയുണ്ടെന്നും ശബരിമലയില്‍ പ്രവേശിക്കാനാണു ഇവര്‍ ഉദേശിക്കുന്നതെന്നും പൊലീസ് പറയുന്നു.
അതേസമയം, തൃപ്തി ദേശായിയുടെ ഫോണില്‍ വിളിച്ചപ്പോള്‍ ഒരു പുരുഷനാണു കോള്‍ അറ്റന്‍ഡ് ചെയ്തത്. തൃപ്തി ദേശായി പുണെയില്‍ തന്നെ ഉണ്ടെന്നും ഒരു യോഗത്തില്‍ പങ്കെടുക്കുകയാണെന്നുമാണ് ഇയാള്‍ പറയുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പമ്പയ്ക്കു പോയിട്ടുണ്ട്.