തിരുവനന്തപുരത്തിനു പിന്നാലെ കണ്ണൂരിലും പെട്രോൾ ഒഴിച്ച് ആത്മഹത്യാ ശ്രമം: ദേശീയ പാതാ വികസനത്തെ തടയാൻ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യാനൊരുങ്ങി സ്ഥലം ഉടമ

കണ്ണൂർ: തലസ്ഥാനത്ത് രണ്ടു കുട്ടികളെ അനാഥരാക്കി ഒരു കുടുംബം പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്തതിന്റെ ഞെട്ടൽ മാറും മുൻപ് കണ്ണൂരിൽ വീണ്ടും ആത്മഹത്യാ ശ്രമം. ദേശീയ പാതാ വികസനത്തിന് എതിരെയാണ് കണ്ണൂരിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചത്.

പാപ്പിനിശേരിയിൽ ദേശീയ പാതാ വികസനത്തിന് സ്ഥലം ഏറ്റെടുക്കാനെത്തിയ അധികൃതരും നാട്ടുകാരും തമ്മിൽ സംഘർഷത്തിനിടെയാണ് ഇപ്പോൾ കണ്ണൂരിൽ യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. പ്രദേശവാസികളും തുരുത്തി സമരസമിതി പ്രവർത്തകരും പൊലീസുമായി ഉന്തും തളളുമുണ്ടായി. ഇതിനിടെ ഒരാൾ ആത്മഹത്യാ ശ്രമം നടത്തിയത് സ്ഥലത്തെ സംഘർഷം പിന്നെയും വർദ്ധിക്കാൻ ഇടയായി. കല്ലേൻ രാഹുൽകൃഷ്ണ(24) എന്ന യുവാവാണ് ദേഹമാസകലം പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇവിടെനിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന 24 കുടുംബങ്ങൾ കഴിഞ്ഞ ആയിരത്തോളം ദിവസങ്ങളായി സമരം നടത്തി വരികയാണ്. ഇവിടെ ദേശീയപാതയുടെ അലൈൻമെന്റ് മാറ്റിയാൽ റോഡിന് വളവ് ഉണ്ടാവില്ലെന്നാണ് സമരക്കാരുടെ വാദം. സ്ഥലത്ത് പ്രതിഷേധിച്ചതിന് സമരസമിതി നേതാവ് നിഷിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമ്മതം നൽകിയവരുടെ സ്ഥലവും ഭൂമിയും അളക്കുന്നതിനിടെയാണ് രാഹുൽകൃഷ്ണ ആത്മഹത്യാ ശ്രമം നടത്തിയത്.

12 വീട്ടുകാർ സമ്മതപത്രം നൽകിയതായി റവന്യു അധികൃതർ അറിയിച്ചു. എന്നാൽ ഇത് വ്യാജ സമ്മതപത്രമാണെന്നും അശാസ്ത്രീയമായി ദേശീയപാത നിർമ്മിക്കുന്നത് കാരണം തങ്ങളുടെ താമസസ്ഥലം ഇല്ലാതാകുമെന്നും നാട്ടുകാർ പറഞ്ഞു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം വീണ്ടും സർവെ നടന്നു.

Top