ദില്ലി: 17ഉം 18ഉം വയസ്സുള്ള പെണ്‍കുട്ടികളെ നാല് പേര്‍ ചേര്‍ന്ന് ആക്രമിച്ചു. സുഹൃത്തുക്കളുടെ മുന്നില്‍വെച്ച് നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം നടക്കുന്നത് പീഡനത്തില്‍ പേരുകേട്ട ദില്ലി നഗരത്തിലാണ്. രാത്രിയാണ് ഈ അക്രമം നടക്കുന്നത്.
ഔട്ടര്‍ ദില്ലിയിലെ അമന്‍ വിഹാറില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഒപ്പമുണ്ടായിരുന്ന യുവാക്കളെ മര്‍ദിച്ച് അവശരാക്കിയതിനുശേഷമായിരുന്നു പീഡനം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, അഞ്ചാമതൊരാളുടെ പങ്ക് തള്ളിക്കളയുന്നില്ലെന്നു പൊലീസ് വ്യക്തമാക്കി.
രാത്രി എട്ടരയോടെ പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു പെണ്‍കുട്ടികള്‍. മെട്രോ സ്റ്റേഷനു സമീപമെത്തിയ ഇവരെ പ്രതികള്‍ മര്‍ദിക്കുകയും പീഡനത്തിനിരയാക്കുകയും ആയിരുന്നു. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന 19ഉം 20 ഉം വയസ്സുള്ള യുവാക്കളെ മര്‍ദിക്കുകയും മരത്തില്‍ കെട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് സമീപത്തുള്ള കുട്ടിക്കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. എതിര്‍ത്താല്‍ കൊന്നുകളയുമെന്നും പൊലീസില്‍ പരാതി നല്‍കരുതെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടികള്‍ പറഞ്ഞു.
പ്രതികള്‍ പോയതിനുശേഷം പട്രോളിങ്ങിനെത്തിയ പൊലീസുകാരോട് ഇവര്‍ വിവരം പറയുകയായിരുന്നു. തുടര്‍ന്നു നടത്തിയ വൈദ്യപരിശോധനയില്‍ മാനഭംഗം സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു.
സ്റ്റേഷനു സമീപമുള്ള തെരുവിലുള്ളവരാണ് പ്രതികളെന്നും ഇവര്‍ മുന്‍പും പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും സമീപവാസികള്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതികള്‍ കൂട്ടമാനഭംഗം ചെയ്തതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അഞ്ചാമനെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.