പൂജിച്ച വെള്ളം നല്‍കി ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ആള്‍ദൈവം ബലാത്സംഗം ചെയ്തു

ആള്‍ ദൈവം വീട്ടമ്മയെ ബലാത്സംഗം ചെയ്തതായി പരാതി. വന്ധ്യതാ ചികിത്സയ്ക്കായി അടുത്തെത്തിയ മുപ്പത്തേഴുകാരിയായ വീട്ടമ്മയെ ആണ് ആള്‍ദൈവം ബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്വയം പ്രഖ്യാപിത ആള്‍ദൈവമായ അജയ് ചൗധരിയെ(45) വിഹാറിലുള്ള വസതിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നൈഗോള്‍ സ്വദേശിനിയാണ് ബലാത്സംഗത്തിന് ഇരയായ വീട്ടമ്മ. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇവര്‍ക്ക് കുഞ്ഞുണ്ടായില്ല. അങ്ങനെയാണ് ആള്‍ദൈവത്തിന് അടുത്തെത്തുന്നത്. പ്രത്യേക പൂജകള്‍ ചെയ്താല്‍ ഗര്‍ഭം ധരിക്കുമെന്ന് ചൗധരി ഉറപ്പുനല്‍കി.

ചൗധരിയുടെ നിര്‍ദ്ദേശപ്രകാരം ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ യുവതിക്ക് പൂജിച്ച വെള്ളം നല്‍കി. ഇത് കുടിച്ച യുവതി ബോധരഹിതയായതോടെ ചൗധരി ബലാത്സംഗം ചെയ്തു. മാസങ്ങളോളം ചൗധരിയുടെ പീഡനത്തിന് ഇരയായ ശേഷമാണ് യുവതിയ്ക്ക് താന്‍ പീഡനത്തിന് ഇരയായെന്ന കാര്യം മനസിലായത്. സംഭവങ്ങള്‍ ആരോടെങ്കിലും തുറന്ന് പറഞ്ഞാല്‍ ആഭിചാരം ചെയ്ത് കൊല്ലുമെന്ന് ചൗധരി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് വ്യക്തമാക്കി. പിന്നീട് ധൈര്യം സംഭരിച്ച് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top