
ദുബായ്: വിവാദങ്ങള്‍ക്കിടയിലും കേരളത്തിന് കൈത്താങ്ങാവാന്‍ തിരക്കിട്ട സഹായ സമാഹരണമാണ് യുഎഇയില്‍ നടക്കുന്നു. എമിറേറ്റ്സ് റെഡ്ക്രസന്‍റിന്‍റെ ദുബായി ശാഖയിലേക്ക് മാത്രം ഒരാഴ്ചയ്ക്കിടെ എത്തിയത് 38 കോടി രൂപയാണ്. ടണ്‍കണക്കിനു വരുന്ന സാധനങ്ങള്‍ നാട്ടിലേക്ക് അയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഒരാഴ്ചയക്കിടെ റെഡ്ക്രസന്‍റിന്‍റെ ദുബായി ശാഖയില്‍ മാത്രം എത്തിയത് നാല്‍പത് ടണ്‍ അവശ്യവസ്തുക്കളും, മുപ്പത്തിയെട്ട് കോടി രൂപയുമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിലഭിച്ചാലുടന്‍ സഹായം നാട്ടിലെത്തിക്കുമെന്ന് റെഡ്ക്രസന്‍റ് മാനേജര്‍ മുഹമ്മദ് അബ്ദുള്ള അല്‍ഹജ് അല്‍ സറോണി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം അത്യാവശ്യമുള്ള സാധനങ്ങള്‍ നാട്ടില്‍ നിന്ന് വാങ്ങിച്ചു നല്‍കാന്‍ തുക ചിലവഴിക്കും. മറ്റു ആറു എമിറേറ്റുകളിലെ റെഡ്ക്രസന്‍റ് ശാഖകള്‍ വഴിയുള്ള ധന ശേഖരണം പരിശോധിച്ചാല്‍ ഏഴു ദിവസത്തിനുള്ളില്‍ നൂറുകോടിയോളം രൂപ വരും. അടുത്ത ഒരുമാസംകൂടി കേരളത്തിലെ സഹോദരങ്ങള്‍ക്കായി സഹായ സമാഹരണം നടത്തുമെന്നും സറോണി വ്യക്തമാക്കി.
സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിന് പേരാണ് കേരളത്തിന് കൈത്താങ്ങായി എത്തുന്നത്. എമിറേറ്റ്സ് റെഡ്ക്രസന്‍റിനു പുറമെ ,ശൈഖ് ഖലീഫ ഫൗണ്ടേഷന്‍ , മുഹമ്മദ് ബിന്‍ റാഷിദ് ഫൗണ്ടേഷനുകള്‍ വഴിയും വ്യാപക ധന സാധന ശേഖരണമാണ് കേരളത്തിനായി നടക്കുന്നത്. അങ്ങനെയാവുമ്പോള്‍ യുഎഇയുടെ സഹായം പറഞ്ഞുകേള്‍ക്കുന്ന തുകയുടെ അപ്പുറമെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്.