യുഎഇയില്‍ വാഹന രജിസ്‌ട്രേഷനും ലൈസന്‍സിംഗിനും ഫീസ് കുത്തനെ കൂട്ടി 

 

അബുദാബി: യുഎഇയില്‍ ഇനി വാഹനങ്ങള്‍ വാങ്ങാനും രജിസ്റ്റര്‍ ചെയ്യാനും ലൈസന്‍സ് പുതുക്കാനും ചിലവേറും. ഡിസംബര്‍ ഒന്നു മുതല്‍ ഇതുമായി ബന്ധപ്പെട്ട ഫീസുകള്‍ ഏകീകരിച്ചുകൊണ്ടുള്ള പുതിയ ഫെഡറല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെയാണിത്. ചില ഫീസുകള്‍ കുത്തനെ ഉയര്‍ന്നത് വാഹന ഉടമകള്‍ക്ക് വലിയ തിരിച്ചടിയാവും. 2017ലെ 30-ാം നമ്പര്‍ മന്ത്രിതല തീരുമാനമായി ഒക്ടോബര്‍ നാലിന് പ്രഖ്യാപിക്കപ്പെട്ട നിയമം നിലവില്‍ വന്നതോടെ വാഹനവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ സേവനങ്ങള്‍ക്കും ഫീസ് കുത്തനെ കൂടിയിട്ടുണ്ട്. ട്രാഫിക് ഫീസ് നിരക്കുകള്‍ ഏകീകരിച്ചു വാഹന രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ഏകീകരിക്കുന്നതിലൂടെ സുരക്ഷ ശക്തിപ്പെടുത്തുകയെന്നതാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. പുതിയ ഫീസ് ഘടന പ്രകാരം പുതുതായി ഒരു വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ 400 ദിര്‍ഹമും രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 350 ദിര്‍ഹമും നല്‍കണം. ലൈസന്‍സുകള്‍ക്ക് ഫീസ് ഇരട്ടിയായി അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് യു.എ.ഇ ലൈസന്‍സാക്കി മാറ്റുന്നതിനുള്ള ചെലവ് ഏകദേശം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. നേരത്തേ ഫീസായ ലൈസന്‍സ് മാറ്റാനുള്ള 400 ദിര്‍ഹമും ആര്‍.ടി.എ ഫീസായ 20 ദിര്‍ഹമും ചേര്‍ത്ത് 420 ദിര്‍ഹം ഉണ്ടായിരുന്നിടത്ത് 870 ദിര്‍ഹമായി മാറി. ലൈസന്‍സ് മാറ്റാന്‍ 600, പുതിയ ട്രാഫിക് ഫയല്‍ തുറക്കാന്‍ 200, ആര്‍.ടി.എ. ഫീസ് 20, ഹാന്‍ഡ് ബുക്ക് മാന്വലിന് 50 എന്നിങ്ങനെയാണ് പുതുക്കിയ ഫീസ്. ഡ്രൈവിംഗ് ടെസ്റ്റിനും മുടിഞ്ഞ ഫീസ് ഡ്രൈവിംഗ് തിയറി ടെസ്റ്റ്- 200, പ്രാക്ടിക്കല്‍ ടെസ്റ്റ്-200, മെഡിക്കല്‍ ടെസ്റ്റ്- 100, ടെസ്റ്റിന് അപ്പോയിന്‍മെന്റ് ലഭിക്കാന്‍-300, ഒരു എമിറേറ്റില്‍ നിന്ന് മറ്റൊരു എമിറേറ്റിലേക്ക് ലൈസന്‍സ് മാറ്റാന്‍-200 ദിര്‍ഹം എന്നിങ്ങനെയാണ് വിവിധ ലൈസന്‍സിംഗ് സേവനങ്ങളുടെ പുതിയ നിരക്ക്. ലൈസന്‍സ് പുതുക്കാനുള്ള ഫീസും കൂടി പുതുക്കിയ നിരക്ക് പ്രകാരം ഒരു വര്‍ഷത്തെ ലൈസന്‍സിന് 100ഉം ഒന്നില്‍ കൂടുതല്‍ കൊല്ലത്തേക്ക് 300ഉം ദിര്‍ൃഹം നല്‍കണം. താല്‍ക്കാലിക ഡ്രൈവിംഗ് ലൈസന്‍സിന് 400 ദിര്‍ഹമാണ് ഫീസ്, ലൈസന്‍സിനോട് പുതിയ കാറ്റഗറി കൂട്ടിച്ചേര്‍ക്കാന്‍ 200 ദിര്‍ഹം നല്‍കണം. മരുഭൂമിയില്‍ വാഹനമോടിക്കുന്നതിനുള്ള ലൈസന്‍സിന് 300 ദിര്‍ഹം അധികഫീസ് നല്‍കണം. ലൈസന്‍സുകള്‍ പുതുക്കുന്നതിനും നഷ്ടപ്പെട്ടാല്‍ പുതിയ ലൈസന്‍സ് ലഭിക്കുന്നതിനും ഇതേഫീസ് തന്നെ നല്‍കണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. വാഹന പരിശോധനാ റിപ്പോര്‍ട്ടിന് 500 ദിര്‍ഹം വാഹനം ചെറിയൊരു അപകടത്തില്‍ പെട്ടാല്‍ പരിശോധനാ റിപ്പോര്‍ട്ടിന് വേണം 500 ദിര്‍ഹം. അപകട ശേഷമുള്ള സാങ്കേതിക പരിശോധനയ്ക്ക് 350 ദിര്‍ഹവും നല്‍കണം. സുരക്ഷയുടെ ഭാഗമായി ഫീസുകള്‍ ഏകീകരിക്കുന്നത് നല്ലതാണെങ്കിലും എല്ലാം ഒന്നിച്ചായത് കുടുംബങ്ങള്‍ക്ക് വലിയ ബാധ്യതയാവുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഘട്ടംഘട്ടമായി ഫീസ് വര്‍ധന നടപ്പാക്കിയാല്‍ മതിയായിരുന്നുവെന്നാണ് പൊതു അഭിപ്രായം. രണ്ടോ അതില്‍ കൂടുതലോ വാഹനങ്ങളുള്ളവരുടെ കുടുംബ ബജറ്റിന്റെ താളം ഇതോടെ തെറ്റുമെന്നുറപ്പ്. പുതിയ നിയമം ചില ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ശക്തമായ നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Top